‘മൈനസ് 9 വരെ തണുപ്പ്, രാത്രിയിൽ തീപ്പെട്ടിക്കൊള്ളി കത്തിക്കാതെ നടത്തം’; കാർഗിൽ എന്ന കോരിത്തരിപ്പ്
‘‘തീവ്രമായ അനുഭവമായിരുന്നു ആ ഓപ്പറേഷൻ. ഞങ്ങൾ നന്നായി തയാറെടുത്തിരുന്നു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും ശത്രുവിന്റെ സ്ഥാനങ്ങൾ മനസ്സിലാക്കാനും ദിവസങ്ങൾ ചെലവിട്ടു. സൈനികർ തമ്മിൽ മുൻപില്ലാത്തവിധം സാഹോദര്യവും ഐക്യവും രൂപപ്പെട്ടു. ഓർക്കാപ്പുറത്തായിരുന്നു ശത്രുവിന്റെ ഷെല്ലാക്രമണം. 300 അടി താഴ്ചയിൽ
‘‘തീവ്രമായ അനുഭവമായിരുന്നു ആ ഓപ്പറേഷൻ. ഞങ്ങൾ നന്നായി തയാറെടുത്തിരുന്നു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും ശത്രുവിന്റെ സ്ഥാനങ്ങൾ മനസ്സിലാക്കാനും ദിവസങ്ങൾ ചെലവിട്ടു. സൈനികർ തമ്മിൽ മുൻപില്ലാത്തവിധം സാഹോദര്യവും ഐക്യവും രൂപപ്പെട്ടു. ഓർക്കാപ്പുറത്തായിരുന്നു ശത്രുവിന്റെ ഷെല്ലാക്രമണം. 300 അടി താഴ്ചയിൽ
‘‘തീവ്രമായ അനുഭവമായിരുന്നു ആ ഓപ്പറേഷൻ. ഞങ്ങൾ നന്നായി തയാറെടുത്തിരുന്നു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും ശത്രുവിന്റെ സ്ഥാനങ്ങൾ മനസ്സിലാക്കാനും ദിവസങ്ങൾ ചെലവിട്ടു. സൈനികർ തമ്മിൽ മുൻപില്ലാത്തവിധം സാഹോദര്യവും ഐക്യവും രൂപപ്പെട്ടു. ഓർക്കാപ്പുറത്തായിരുന്നു ശത്രുവിന്റെ ഷെല്ലാക്രമണം. 300 അടി താഴ്ചയിൽ
‘‘തീവ്രമായ അനുഭവമായിരുന്നു ആ ഓപ്പറേഷൻ. ഞങ്ങൾ നന്നായി തയാറെടുത്തിരുന്നു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും ശത്രുവിന്റെ സ്ഥാനങ്ങൾ മനസ്സിലാക്കാനും ദിവസങ്ങൾ ചെലവിട്ടു. സൈനികർ തമ്മിൽ മുൻപില്ലാത്തവിധം സാഹോദര്യവും ഐക്യവും രൂപപ്പെട്ടു. ഓർക്കാപ്പുറത്തായിരുന്നു ശത്രുവിന്റെ ഷെല്ലാക്രമണം. 300 അടി താഴ്ചയിൽ പാറക്കൂട്ടത്തിലേക്കു ഞാൻ വീണു. ബോധം പോയി. ശ്വാസം മാത്രമുള്ള ആ 15 മിനിറ്റ്. ബഡ്ഡി സൈനികൻ കുതിച്ചെത്തി പ്രാഥമിക ശുശ്രൂഷ നൽകി. വിശ്രമിക്കാനുള്ള നേരമായിരുന്നില്ല അത്. വീണ്ടും പോർക്കളത്തിലേക്ക്. ഞങ്ങൾ യുദ്ധം ചെയ്തത് കേവലം കുന്നിനു വേണ്ടിയല്ല, നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്’’– കാർഗിൽ വിജയത്തിന്റെ 25–ാം വാർഷികത്തിൽ യുദ്ധവീരൻ മേജർ പ്രിൻസ് ജോസ് ഓർമകൾ പൊടിതട്ടിയെടുത്തു. ഇന്ത്യയുടെ അഭിമാനത്തിന്റെ ത്രിവർണ പതാക കാർഗിലിലെ മലമുടിയിൽ ഉയർന്നുപാറിയ ദിവസമാണ് 1999 ജൂലൈ 26. ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും 1999 മേയ് മുതൽ 60 ദിവസം യുദ്ധം ചെയ്തപ്പോൾ നമുക്കു നഷ്ടമായത് 527 ധീരജവാന്മാരെ.
കാർഗിൽ യുദ്ധത്തെപ്പറ്റി കോട്ടയം ചങ്ങനാശേരി സ്വദേശി മേജർ പ്രിൻസ് ജോസിന് എത്ര പറഞ്ഞാലും കോരിത്തരിപ്പ് മാറില്ല. കണ്ടങ്കരി കെ.എൽ.ജോസിന്റെയും റോസമ്മയുടെയും 7 മക്കളിൽ ഇളയവനായ പ്രിൻസിനു പട്ടാളക്കാരനാകണം എന്നായിരുന്നു മോഹം. തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബോളറും സൈക്ലിസ്റ്റുമായിരുന്നു. അവിടെ പഠിപ്പിച്ചിരുന്ന ജാട്ട് റെജിമെന്റിലെ ക്യാപ്റ്റനും കുടുംബസുഹൃത്തുമായ പോൾ ബാസ്റ്റിനോട് ആരാധന തോന്നി. ‘ബിഗ് ബ്രദർ’ എന്നു വിളിച്ചിരുന്ന ക്യാപ്റ്റൻ ബാസ്റ്റിൻ, ഇന്ത്യൻ സേനയിലെ എലീറ്റ് സ്പെഷൽ ഫോഴ്‍സായ ഒൻപതാം റെജിമെന്റിലെ അംഗമായിരുന്നു. വെള്ളത്തിനടിയിലെ അഭ്യാസത്തിനിടെ ബാസ്റ്റിൻ മരിച്ചപ്പോൾ പ്രിൻസ് ശപഥമെടുത്തു: എനിക്കും 9 പാരാ സ്പെഷൽ ഫോഴ്സിന്റെ ഭാഗമാകണം. ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് ബിഎസ്‌സി പാസായയുടൻ 1995ൽ സൈന്യത്തിൽ ചേർന്നു. കാർഗിലിലെ യുദ്ധക്കഥകൾ ‘മനോരമ ഓൺലൈനുമായി’ പങ്കുവയ്ക്കുകയാണു രാഷ്ട്രപതിയുടെ സേനാമെഡൽ ജേതാവായ പ്രിൻസ് ജോസ്.
‘‘ശ്രീനഗറില്‍നിന്ന് ഏകദേശം 205 കിലോമീറ്ററുണ്ട് ജമ്മു കശ്മീരിലെ കാര്‍ഗിലിലേക്ക്. ശൈത്യകാലത്തു മൈനസ് 30 ഡിഗ്രി വരെ തണുപ്പ് താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന ഇടം. കാര്‍ഗില്‍ ജില്ലയില്‍ നിയന്ത്രണരേഖയോടടുത്ത് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആട്ടിടയന്മാരാണ് കണ്ടത്. കാലാവസ്ഥ മോശമായതിനാലും നുഴഞ്ഞുകയറ്റം കുറവായതിനാലും ആട്ടിടയന്‍മാര്‍ ചൂണ്ടിക്കാട്ടിയ മേഖലകളില്‍ പട്രോളിങ് കുറവായിരുന്നു. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കുകയെന്ന വ്യാമോഹത്തിൽ പാക്ക് പട്ടാള മേധാവി പർവേസ് മുഷറഫ് കശ്മീരിലേക്ക് അയച്ച നുഴഞ്ഞുകയറ്റക്കാരായിരുന്നു അവർ. ഇതറിഞ്ഞ് 1999 മേയ് രണ്ടാംവാരം ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സ്ഥലത്തേക്കു പോയി. അവര്‍ മടങ്ങിവന്നില്ല.
നുഴഞ്ഞുകയറ്റക്കാര്‍ അതിർത്തി കടന്നെത്തിയതായി സൈന്യത്തിനു മനസ്സിലായി. നൂറു കണക്കിനു പാക്ക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗിൽ മലനിരകളില്‍ താവളമുറപ്പിച്ചെന്ന രഹസ്യാന്വേഷണ വിവരവും കിട്ടി. മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനായിരുന്നു മേൽക്കൈ. ചെറിയ സൈനിക നീക്കത്തിലൂടെ ഇവരെ പുറത്താക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ ഇന്ത്യൻ സേന, ഓപ്പറേഷന്‍ വിജയ് എന്ന പേരിൽ പടയൊരുക്കം നടത്തി. 2 ലക്ഷത്തോളം സൈനികർ പങ്കെടുത്ത യുദ്ധം. 30,000 പേര്‍ നേരിട്ട് അടരാടി. അർധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും പങ്കാളികളായി. വ്യോമസേനയുടെ 2 വിമാനങ്ങള്‍ പാക്ക് നുഴഞ്ഞുകയറ്റക്കാര്‍ വെടിവച്ചിട്ടതോടെ യുദ്ധം ആരംഭിച്ചു.
അന്ന് 11 ലക്ഷം പേരുള്ള ഇന്ത്യൻ സേനയിലെ അതിസാഹസികരായ 1500 പേരുടെ സംഘമാണു സ്പെഷൽ ഫോഴ്സുകൾ. കടലിലും മഞ്ഞുമലകളിലും ആകാശത്തും ഒരുപോലെ പോരാടാൻ കഴിവുള്ള, അസാധാരണ യുദ്ധമുറകൾ അഭ്യസിച്ചവർ. കാർഗിൽ യുദ്ധത്തിൽ 3 സ്പെഷൽ ഫോഴ്സുകളാണ് ഉണ്ടായിരുന്നത്. 9 പാരാ സ്പെഷൽ ഫോഴ്സ് കമാൻഡോ വിങ് ക്യാപ്റ്റനായ എനിക്കും സംഘത്തിനും 1999 മേയ് 28ന് കശ്മീരിൽനിന്നു സുപ്രധാന വിളിയെത്തി. ദ്രാസ് മേഖലയ്ക്ക് 8 കിലോമീറ്റർ അകലെ പൺഡ്രാസിലായിരുന്നു ഞങ്ങളുടെ ആദ്യ ക്യാംപ്. നുഴഞ്ഞുകയറ്റക്കാർ കയ്യടക്കിയ മേഖലകളിലേക്ക് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നീങ്ങി. ലേയില്‍നിന്നു ശ്രീനഗറിലേക്കുള്ള ദേശീയപാത കൃത്യമായി ലക്ഷ്യമിടാനാകുന്ന കുന്നുകളില്‍നിന്നു ശത്രു വെടിവച്ചതോടെ സേനാനീക്കം തടസ്സപ്പെട്ടു. ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനങ്ങളെ വെടിവച്ചിടാന്‍ കഴിയുന്ന തോക്കുകളും അവരുടെ കയ്യിലുണ്ടായിരുന്നു.
ദേശീയപാതയിലൂടെയുള്ള സൈനികനീക്കം ശരിയാക്കിയാലേ യുദ്ധം ജയിക്കാനാകൂ. താഴെനിന്ന് മലമുകളിൽ കയറി ശത്രുവിനെ തോൽപിക്കാൻ ശ്രമിച്ചാൽ ആൾനാശം കനത്തതായിരിക്കും. 20 പോസ്റ്റുകളിൽ നിലയുറപ്പിച്ച പാക്ക് സൈനികർക്ക് ആയുധങ്ങളും ആഹാരവും എത്തിക്കുന്ന ബേസ് ക്യാംപ് പാക്കിസ്ഥാനിലുണ്ട്. ആ ബേസ് ക്യാംപ് റെയ്ഡ് ചെയ്ത് നശിപ്പിക്കാൻ പദ്ധതിയിട്ടു. ബേസ് ക്യാംപ് തകർന്നാൽ ഏറെ ദിവസം ശത്രുവിന് ഇന്ത്യൻ മണ്ണിൽ തുടരാനാകില്ലെന്ന കണക്കുകൂട്ടലിൽ തന്ത്രമൊരുക്കി. ഇരുട്ടിന്റെ മറപറ്റി പാക്കിസ്ഥാൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ തീരുമാനിച്ചു. ജൂലൈ ആദ്യ വാരത്തിലാണു മുന്നേറ്റം നിശ്ചയിച്ചത്. അതിനു ദിവസങ്ങൾക്കു മുന്നേ, ജൂണിൽത്തന്നെ പാക്ക് മണ്ണിൽ ഒളിച്ചുകഴിയാനുള്ള ഒരുക്കങ്ങൾ രഹസ്യമായി ആരംഭിച്ചിരുന്നു. മാളങ്ങൾ പോലുള്ള ഒളിസങ്കേതങ്ങൾ തയാറാക്കി ആയുധങ്ങളും ടിൻ ഫുഡും കരുതിവച്ചു. 80 പേരെയാണ് ഓപ്പറേഷനു നിശ്ചയിച്ചിരുന്നത്.
ഒരുമിച്ചു നീങ്ങുന്നത് അപകടമായതിനാൽ ചെറിയ സംഘങ്ങളായി പോകാൻ തീരുമാനിച്ചു. ദിവസവും 10 പേർ വീതം കയറാമെന്നാണു ധാരണ. മലയടിവാരത്തിലൂടെയുള്ള രഹസ്യനീക്കത്തിന്റെ സൂചന കിട്ടിയാൽ പാക്ക് സൈന്യം നിർത്താതെ നിറയൊഴിക്കും. രാത്രികളിൽ ഏതാനും കിലോമീറ്റർ മാത്രമാണു സഞ്ചാരം. സൂര്യനുദിച്ചാൽ പകൽ മുഴുവൻ ശത്രുവിന്റെ കണ്ണിൽപ്പെടാതെ ഒളിക്കും. 20 മുതൽ 32 വരെ കിലോ വരെ ഭാരമുള്ള ബാഗ് പുറത്തു തൂക്കിയാണ് യാത്ര. ഓക്സിജൻ കുറവുള്ള മഞ്ഞുമലയിലൂടെ, ഒരിറ്റുവെളിച്ചം പോലുമില്ലാതെയാണ് നടത്തം. തീപ്പെട്ടിക്കൊള്ളി ഉരച്ചാൽപോലും ശത്രുവിന്റെ കണ്ണിൽപെടാം. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞാലും നേരെ പോയാലും എത്ര ചുവടുകൾ വച്ചാൽ ആ പ്രദേശത്ത് എത്തും എന്നതു മുൻകൂട്ടി ഭൂപടം നോക്കി പഠിച്ചതാണു രാത്രിയാത്രയ്ക്കു തുണ.
എലി തുരക്കുംപോലെ മലകളിൽ മാളമുണ്ടാക്കി പകൽ അതിലൊളിച്ചു. പാക്ക് മണ്ണിലെത്തിയ 70 പേരുടെ സംഘം ബാക്കിയുള്ള 10 അംഗ സംഘത്തെ കാത്തിരിക്കുകയാണ്. സൂര്യോദയത്തിനു മുൻപേ എത്തണമെന്നാണ് കരുതിയതെങ്കിലും അവർ വൈകി. പാക്ക് പട്ടാളത്തിന്റെ കണ്ണിൽപെട്ടു, വെടിവയ്പ് ആരംഭിച്ചു. നമ്മുടെ 2 സൈനികരുടെ ജീവൻ നഷ്ടമായി. പാക്കിസ്ഥാനിൽ രഹസ്യ ഓപ്പറേഷന് എത്തിയതിനാൽ അവരുടെ മണ്ണിൽവച്ച് വലിയ തിരിച്ചടി സാധ്യമല്ല. നമ്മുടെ കയ്യിൽ ചെറിയ ആയുധങ്ങളേയുള്ളൂ. ഇതുപോലെ ശത്രുപാളയത്തിൽ കയറിയുള്ള ഓപ്പറേഷൻ മുൻപ് ഇസ്രയേൽ മാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മളെത്തിയ വിവരം പാക്കിസ്ഥാൻ അറിഞ്ഞതിനാലും സേനാംഗങ്ങൾ കൊല്ലപ്പെട്ടതിനാലും, വിജയത്തിനടുത്തെത്തിയ ഓപ്പറേഷൻ പൂർത്തിയാക്കാതെ മടങ്ങാനൊരുങ്ങി. ഇതിനിടെ, ലക്ഷ്യം മാറ്റി നിശ്ചയിച്ചു.
18,000 അടി ഉയരമുള്ള സാൻഡോ ടോപ് പിടിച്ചെടുക്കുകയായിരുന്നു പുതിയ നിയോഗം. പാക്ക് അതിർത്തിയോടു ചേർന്നു കിടക്കുന്ന മലനിരയാണിത്. ദ്രാസ് സെക്ടറിൽ ഹിമാലയത്തിന്റെ ഭാഗമായ സാൻഡോ ടോപ് വാസയോഗ്യമല്ലാത്ത സൈനിക പോയിന്റാണ്. വേനൽക്കാലത്തു മൈനസ് 5 മുതൽ മൈനസ് 9 വരെയാണു താപനില. ഈ മലനിരകളിലൂടെ കയറികൊണ്ടിരുന്നപ്പോഴാണ് ഒരു മഞ്ഞുമതിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽകയറി റോപ് ഉറപ്പിച്ചാൽ മാത്രമേ പിന്നിലുള്ള മറ്റു സൈനികസംഘത്തിനു മലകയറാനാകൂ. അരുണാചൽ പ്രദേശിലെ മൗണ്ട് ഗോറിച്ചെൻ കയറിയ പരിചയം ഉള്ളതിനാൽ ദൗത്യം ഞാനേറ്റെടുത്തു. 70 ഡിഗ്രി ചെരിവുള്ള മഞ്ഞുമലയിൽ റോപ്പ് ഉറപ്പിച്ചു. അപ്പോഴേക്കും നേരെ വെളുത്തു. സമീപത്തെ പർവതപ്രദേശത്തുകൂടെ സാൻഡോ ടോപ്പിലേക്ക് പാക്ക് സൈന്യവും വരുന്നുണ്ട്. സാൻഡോ ടോപ്പും 5368 പോയിന്റും ബന്ധിക്കുന്ന പർവതത്തിട്ടയിലൂടെ ഇരുരാജ്യത്തിലെയും സൈന്യം പരസ്പരം മിന്നായം പോലെ കണ്ടു. അടുത്ത നിമിഷം പാക്ക് പട്ടാളം കുതിച്ചെത്തി. വെടിവയ്പും ബോംബാക്രമണവും തുടങ്ങി.
ശത്രുവിനോട് ഏറ്റുമുട്ടാനുള്ള അംഗബലം കുറവായിട്ടും നമ്മൾ തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സൈനികരെ ലക്ഷ്യമാക്കി പൊട്ടിത്തെറിച്ചു. അന്തരീക്ഷത്തിൽ കറുത്ത പുക നിറഞ്ഞു. ഷെല്ലുകളിലൊന്നു ഞങ്ങളുടെ തൊട്ടടുത്താണു ചിന്നിച്ചിതറിയത്. ആലപ്പുഴ സ്വദേശി രാധാകുമാർ ഉൾപ്പെടെ 13 ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. തെറിച്ചുവന്നൊരു ചീള് ശക്തിയിൽ എന്റെയും മുഖത്തടിച്ചു. കാൽതെന്നി 300 അടി താഴ്ചയിലേക്കു ഉരുണ്ടുവീണു. ജീവിതം തീർന്നെന്നു തോന്നി. പാറക്കൂട്ടങ്ങൾക്കിടയിൽ വീണ എന്നെ കണ്ടെത്തി രക്ഷിക്കാൻ ബഡ്ഡിക്ക് അരമണിക്കൂർ വേണ്ടിവന്നു. പ്രാഥമിക ശുശ്രൂഷ കിട്ടിയപ്പോൾ ബോധം വീണ്ടെടുത്തു. പക്ഷേ 15 മിനിറ്റ് നേരത്തേക്ക് ഓർമനഷ്ടമുണ്ടായി. മേൽച്ചുണ്ട് രണ്ടായി മുറിഞ്ഞു. കാൽമുട്ടിനും പരുക്കു പറ്റി. ഇതൊന്നും വകവയ്ക്കാതെ, പരുക്കേറ്റ സഹസൈനികരെ താഴെയുള്ള ബേസ് ക്യാംപിൽ എത്തിച്ചു, മെഡിക്കൽ ശുശ്രൂഷ നൽകി.
നമ്മൾ ആക്രമണം നടത്തിയതിനെ തുടർന്നു പാക്ക് പട്ടാളത്തിനു സാൻഡോ ടോപ്പിൽ തുടരാനായില്ല. അതിനു തൊട്ടടുത്തായിരുന്നു അവരുടെ മദർ ബേസ്. അവിടേക്കുള്ള ആഡം ചാനല്‍ (administrative channel) മുറിക്കുകയായിരുന്നു ദൗത്യം. അതു വിജയകരമായി നടപ്പാക്കി. വലിയ സേനാസംഘത്തിന് ഈ സ്ഥലം കൈമാറിയ ശേഷം ഞങ്ങൾ സുലു ടോപ് ലക്ഷ്യമിട്ടു. ശക്തമായ ആക്രമണത്തിനൊടുവിൽ സുലു ടോപ്പും പാക്കിസ്ഥാനിൽനിന്ന് ഇന്ത്യ പിടിച്ചെടുത്തു. സാൻഡോ ടോപ്പും ടൈഗർ ഹില്ലുമാണ് ഓപ്പറേഷൻ വിജയ് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. മുന്നിൽനിന്നുള്ള ആക്രമണം പ്രതീക്ഷിച്ച ശത്രുവിനെ പിന്നിൽനിന്നു തുരത്തി ഇന്ത്യൻ സേന ഞെട്ടിക്കുകയായിരുന്നു’’– പ്രിൻസ് ജോസിന്റെ മുഖത്ത് സേനാവീര്യം തുടിച്ചുനിന്നു.
യുദ്ധത്തിനും ചികിത്സകൾക്കും ശേഷം ഒന്നര മാസത്തെ അവധിയെടുത്ത് ഐലൻഡ് എക്സ്പ്രസിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ തന്നെ ജന്മനാട് ആഘോഷത്തോടെയാണു വരവേറ്റതെന്നത് പ്രിൻസ് ജോസിന് ഇന്നും അഭിമാനമാണ്. സേനയിൽനിന്നു മേജറായി വിരമിച്ചു. ഭാര്യ ഹെൻസി ജോസ്, മക്കളായ തെരേസ ജോസ്, ലൂയിസ് ജോസ് എന്നിവരോടൊപ്പം ഇപ്പോൾ മിഡിൽ ഈസ്റ്റിലാണു താമസം. 2009 ജൂലൈ 26ന് കാർഗിൽ വിജയ ദിനത്തിലാണു മകൻ ലൂയിസ് ജനിച്ചതെന്നതും പ്രിൻസിലെ സൈനികനെ സന്തോഷിപ്പിക്കുന്നു.