നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് വയനാട്ടിൽ കാണുന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരും ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ മണ്ണിൽ അലിഞ്ഞു ചേർന്നവരുമെല്ലാം ഇനി എന്ത് എന്നാണ് ഉറ്റുനോക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തുനിന്ന് അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെടുക്കാനാണു ശ്രമം. രക്ഷാദൗത്യം ദുഷ്കരമാണെങ്കിലും സാധ്യമായ വഴികളിലൂടെയെല്ലാം പ്രതീക്ഷയോടെ നീങ്ങുകയാണു രക്ഷാസംഘം. പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും കൂടുതൽ സംഘങ്ങളെ എത്തിക്കാനായി ബെയ്‌ലി പാലം നിർമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ചെറിയ മണ്ണുമാന്തി യന്ത്രം കടന്നുപോകാൻ സാധിക്കുന്ന തരത്തിലുള്ള പാലം നിർമിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഡൽഹിയിൽനിന്നു വ്യോമസേനാ വിമാനത്തിലാണു പാലത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ണൂരിൽ എത്തിച്ചത്. അവിടെനിന്ന് 17 ട്രക്കുകളിലായി സാമഗ്രികൾ മുണ്ടക്കൈയിലെത്തിച്ചു. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ (ഡിഎസ്‌സി) ക്യാപ്റ്റൻ പുരൻസിങ് നഥാവത് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വ്യാഴാഴ്ചയേ പാലത്തിന്റെ നിർമാണം പൂർത്തിയാകൂ എന്നാണ് ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്.
എന്താണ് ബെയ്‌ലി പാലം?
മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ പാലങ്ങളാണ് ബെയ്‌ലി പാലങ്ങൾ. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ബെയ്‌ലി പാലങ്ങൾ എന്ന ആശയം ബ്രിട്ടിഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടേതാണ്. അദ്ദേഹത്തിനു പാലം നിർമാണം ഹോബിയായിരുന്നു. പലപ്പോഴായി പല പാലങ്ങളുടെ മാതൃക അദ്ദേഹം നിർമിച്ചിട്ടുണ്ട്. അതിൽ ഒരു മാതൃകയാണ് ബെയ്‌ലി പാലത്തിന്റെ പിറവിക്കു കാരണമായത്. രണ്ടാം ലോകയുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിലാണു ബ്രിട്ടിഷ് സൈന്യം ബെയ്‌ലി മോഡൽ പാലം ആദ്യമായി പരീക്ഷിച്ചത്. ദുർഘടമായ മലനിരകളിലൂടെ ശത്രുരാജ്യത്തേക്കു പാറ്റൺ ടാങ്കുകളിൽ കുതിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് അറിഞ്ഞതോടെ ആ സാങ്കേതികവിദ്യയ്ക്ക് ആരാധകരേറെയായി. അങ്ങനെ കടൽ കടന്ന് ലോകം മുഴുവൻ ബെയ്‌ലി പാലങ്ങളെത്തി.
പാലത്തിന്റെ പ്രത്യേകത
ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. എന്നാൽ ഇതു താൽക്കാലിക സംവിധാനം മാത്രമാണ്. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങളായതുകൊണ്ടു ട്രക്കുകളിൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ എളുപ്പമാണ്. പാലം നിർമാണത്തിനു ചില ചിട്ടവട്ടങ്ങളുണ്ട്. പാലത്തിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ആദ്യപടി. പിന്നെ പാലത്തിനുള്ള രൂപകൽപന തയാറാക്കും. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ ട്രക്കുകളിൽ നിർമാണ സ്ഥലത്ത് എത്തിക്കുന്നതാണ് അടുത്തത്.
പിന്നീട് പാലത്തിന്റെ നിർമാണം തുടങ്ങും. ഭാരമുള്ള വസ്തുക്കളോ പ്രത്യേക ഉപകരണങ്ങളോ പാലം നിർമിക്കാൻ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്രെയിനിന്റെ സഹായമില്ലാതെ ചെറിയ ട്രക്കുകളിൽ ഉപകരണങ്ങൾ എത്തിക്കാം. താൽക്കാലികമാണെന്നു കരുതി ഭാരമുള്ള വസ്തുക്കൾ കയറ്റാൻ പറ്റില്ല എന്നു കരുതേണ്ട. സാധാരണ വാഹനങ്ങൾ മുതൽ കനമേറിയ ടാങ്കറുകൾ വരെ പാലത്തിൽ കയറ്റാനാകും. വശങ്ങളിലെ പാനലുകളാണ് പാലത്തിനു ബലം നൽകുന്നത്.
ആദ്യമായല്ല കേരളത്തിൽ
സിവിലിയൻ ആവശ്യങ്ങൾക്കായാണ് ഇന്ത്യയിലാദ്യമായി ബെയ്‌ലിപാലം നിർമിച്ചത്. കശ്മീരിലെ ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ നിർമിച്ച പാലമാണ് ഇന്ത്യയിലാദ്യമായി സൈനിക ആവശ്യത്തിന് ഉപയോഗിച്ചത്. 1996 ജൂലൈ 29നു പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പാലം തകർന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി ബെയ്‌ലി പാലം നിർമിച്ചത്. കരസേനയുടെ സഹായത്തോടെ നിർമിച്ച പാലം പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ പൊളിച്ചു മാറ്റി.
790 ദിവസമാണു റാന്നിയിലെ ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോയത്. ശബരിമല സന്നിധാനത്തു 2011 നവംബർ ഏഴിനു നിർമാണം പൂർത്തിയായ ബെയ്‌ലിപാലം ഇപ്പോഴും നിലവിലുണ്ട്. 90 ലക്ഷം രൂപ ചെലവിട്ടു റെക്കോർഡ് സമയത്തിലാണു പാലം നിർമിച്ചത്. ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിനു പകരമായും സൈന്യം ബെയ്‌ലി പാലം നിർമിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.