ADVERTISEMENT

കൊച്ചി ∙ യുവതിയെ കെട്ടിയിട്ടു വായിൽ തുണി തിരുകി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്കനുകൂലമായി വാദിഭാഗം സത്യവാങ്മൂലം നൽകിയതുകൊണ്ടു കേസ് റദാക്കാനാവില്ലെന്നു ഹൈക്കോടതി. ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നോ എന്ന കാര്യം കേസിന്റെ വിചാരണാഘട്ടത്തിൽ തീരുമാനിക്കാമെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.

2000ത്തിൽ ആലത്തൂരിലാണു കേസിനാസ്‍പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി കൈകൾ ബന്ധിച്ച ശേഷം വായിൽ തുണി തിരുകുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ആയിരുന്നു. യുവതിയുടെ നഗ്നചിത്രങ്ങളും പ്രതി പകർത്തി എന്നതാണ് കേസ്. എന്നാൽ ഇതു വാസ്തവവിരുദ്ധമാണെന്നു കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പായതായി വാദിഭാഗം നൽകിയ സത്യവാങ്മൂലവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.  

എന്നാൽ ഇത്തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കു വാദിഭാഗം പ്രതിക്കനുകൂലമായി സത്യവാങ്മൂലം നൽകി എന്നതുകൊണ്ട് മാത്രം കേസ് റദ്ദാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ലഘുവായ കുറ്റകൃത്യങ്ങളാണെങ്കിൽ ഇരുഭാഗവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിക്കു കേസ് തീർപ്പാക്കാൻ സാധിക്കും. എന്നാൽ ബലാത്സംഗം പോലെ സമൂഹത്തെ ബാധിക്കുന്ന വിധത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ‍ ഉണ്ടാകുമ്പോൾ ഇത് സാധ്യമല്ല. അതിനാൽ ഈ കേസിൽ കേസ് നടപടികൾ റദാക്കുക സാധ്യമല്ലെന്നും വിവിധ വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. 

ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയകക്ഷി ബന്ധമായിരുന്നോ തുടങ്ങിയ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ ഘട്ടത്തിൽ മാത്രമേ തീരുമാനിക്കാൻ സാധിക്കു. ഭർത്താവുമൊത്തു താമസിച്ചിരുന്ന വീട്ടിലാണു പ്രതി അതിക്രമിച്ചു കയറിയതും യുവതിയെ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്തതുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ പ്രാഥമികമായി കുറ്റം നിലനിൽക്കുന്നു. പ്രതിഭാഗത്തിനു തങ്ങളുടെ വാദം കേസിന്റെ വിചാരണാ വേളയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണാ നടപടികൾക്കു 2023 മാർച്ച് മാസം മുതൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കുകയും ചെയ്തു.

English Summary:

Highcourt declines quash rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com