‘കുട്ടികൾ ധീരർ, അസാധ്യമായത് സാധ്യമാക്കി’: ബംഗ്ലദേശ് പ്രക്ഷോഭത്തെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രി ഖാലിദ സിയ
Mail This Article
ധാക്ക ∙ ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കു നയിച്ച ബംഗ്ലദേശ് പ്രക്ഷോഭത്തെ അഭിനന്ദിച്ചു മുൻ പ്രധാനമന്ത്രി ഖാലിദ സിയ. ആശുപത്രിയിൽനിന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണു സമരക്കാരെ ഖാലിദ സിയ പ്രശംസിച്ചത്. ധീരരായ കുട്ടികളുടെ പരിശ്രമത്തിലൂടെ രാജ്യം വിമോചിതമായെന്നും അവർ പറഞ്ഞു.
‘‘ഈ വിജയം പുതിയ തുടക്കമാണ്. ജനാധിപത്യത്തിന്റെ അവശേഷിപ്പുകളിൽനിന്നും അഴിമതിയിൽനിന്നും നമുക്കു പുതിയതും സമ്പന്നവുമായ ബംഗ്ലദേശ് കെട്ടിപ്പടുക്കണം. വിദ്യാർഥികളും യുവാക്കളും നമ്മുടെ ഭാവിയാണ്. അവർ ജീവരക്തം നൽകിയ സ്വപ്നങ്ങൾക്കു നമുക്കു ജീവൻ പകരാം. അസാധ്യമായതു സാധ്യമാക്കാൻ മരണം വരെ പോരാടിയ ധീരരായ കുട്ടികൾക്ക് ആത്മാർഥമായ നന്ദി. നൂറുകണക്കിനു രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ. എന്റെ ആരോഗ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർഥിച്ച ജനങ്ങൾക്ക് നന്ദി.’’– ഖാലിദ സിയ പറഞ്ഞു.
രാഷ്ട്രീയമായും വ്യക്തിപരമായും ഹസീനയുടെ എതിരാളിയാണു ഖാലിദ സിയ. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവി രാജിവച്ചു രാജ്യം വിട്ടതിനു പിന്നാലെ ഖാലിദ സിയയെ ജയിലിൽനിന്നു മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) മേധാവിയായ സിയയെ 2018ൽ അഴിമതിക്കേസിൽ 17 വർഷം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി കൂടുതൽ കാലവും ഇവർ ആശുപത്രിയിലായിരുന്നു.