പ്രകൃതി പഠിപ്പിക്കുന്ന ബിസിനസ് തന്ത്രങ്ങൾ: ബെസ്റ്റ് സെല്ലറായി മലയാളിയുടെ പുസ്തകം
വേഗത്തോടും പുരോഗതിയോടുമുള്ള മനുഷ്യരുടെ പ്രണയത്തിന്റെ ദൃഷ്ടാന്തമായ വിമാനവും ബുള്ളറ്റ് ട്രെയിനുകളും മുതൽ ദൈനംദിന ജീവിതത്തിൽ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന വെൽക്രോ റോളുകൾ വരെ, പ്രകൃതിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഉണ്ടായ കണ്ടുപിടിത്തങ്ങൾ അനവധിയാണ്. പക്ഷിയുടെ ചിറകുകളാണ് മനുഷ്യനെ പറക്കാൻ പ്രേരിപ്പിച്ചത്.
വേഗത്തോടും പുരോഗതിയോടുമുള്ള മനുഷ്യരുടെ പ്രണയത്തിന്റെ ദൃഷ്ടാന്തമായ വിമാനവും ബുള്ളറ്റ് ട്രെയിനുകളും മുതൽ ദൈനംദിന ജീവിതത്തിൽ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന വെൽക്രോ റോളുകൾ വരെ, പ്രകൃതിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഉണ്ടായ കണ്ടുപിടിത്തങ്ങൾ അനവധിയാണ്. പക്ഷിയുടെ ചിറകുകളാണ് മനുഷ്യനെ പറക്കാൻ പ്രേരിപ്പിച്ചത്.
വേഗത്തോടും പുരോഗതിയോടുമുള്ള മനുഷ്യരുടെ പ്രണയത്തിന്റെ ദൃഷ്ടാന്തമായ വിമാനവും ബുള്ളറ്റ് ട്രെയിനുകളും മുതൽ ദൈനംദിന ജീവിതത്തിൽ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന വെൽക്രോ റോളുകൾ വരെ, പ്രകൃതിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഉണ്ടായ കണ്ടുപിടിത്തങ്ങൾ അനവധിയാണ്. പക്ഷിയുടെ ചിറകുകളാണ് മനുഷ്യനെ പറക്കാൻ പ്രേരിപ്പിച്ചത്.
വേഗത്തോടും പുരോഗതിയോടുമുള്ള മനുഷ്യരുടെ പ്രണയത്തിന്റെ ദൃഷ്ടാന്തമായ വിമാനവും ബുള്ളറ്റ് ട്രെയിനുകളും മുതൽ ദൈനംദിന ജീവിതത്തിൽ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന വെൽക്രോ റോളുകൾ വരെ, പ്രകൃതിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഉണ്ടായ കണ്ടുപിടിത്തങ്ങൾ അനവധിയാണ്. പക്ഷിയുടെ ചിറകുകളാണ് മനുഷ്യനെ പറക്കാൻ പ്രേരിപ്പിച്ചത്. നീലപ്പൊന്മാന്റെ ചുണ്ടുകൾ ജപ്പാന്റെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിനു മോഡലായി. മൃഗങ്ങളുടെ രോമങ്ങളിൽ വിത്തുകൾ പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് വെൽക്രോയെന്ന് പൊതുവേ അറിയപ്പെടുന്ന ഒട്ടിപ്പുസൂത്രം കണ്ടുപിടിക്കാൻ സ്വിസ് ഇലക്ട്രിക്കൽ എൻജിനീയർ ജോർജ് ഡെ മെസ്ട്രലിന് പ്രചോദനമായത്.
ഇതിനെ ജൈവ പ്രചോദനമെന്നോ ബയോമിമെറ്റിക്സെന്നോ ബയോ മിമിക്രിയെന്നോ എന്തും വിളിക്കാം. പക്ഷേ പ്രകൃതി അന്നുമിന്നും കണ്ടുപിടിത്തങ്ങൾക്കും പുതിയ കാഴ്ചപ്പാടുകൾക്കും പ്രചോദനമായിക്കൊണ്ടേയിരിക്കുന്നു. പിന്നെ എന്തുകൊണ്ട് വ്യവസായത്തിന് പ്രകൃതി പ്രചോദനമായിക്കൂടാ? തീർത്തും വ്യത്യസ്തമായ ഭൂമികകളിൽനിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും വന്ന രണ്ടു യുവാക്കളെ വലച്ച ചോദ്യമായിരുന്നു ഇത്. ഒരേ അക്കാദമിക താൽപര്യമാണ് ആ രണ്ടു വ്യക്തികളെ ഒന്നിപ്പിച്ചത്. ബിസിനസിന് പ്രകൃതി പ്രചോദനമായിക്കൂടേയെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അവരുടെ ശ്രമങ്ങൾ ഇന്ന് കൗതുകകരമായ ഒരു പുസ്തകത്തിൽ കലാശിച്ചിരിക്കുന്നു. ഡാനിയൽ ജെ.ഫിങ്കൻസ്റ്റാറ്റ്, ടോജിൻ ടി.ഈപ്പൻ എന്നിവർ ചേർന്നു രചിച്ച ‘ബയോ ഇൻസ്പയേഡ് സ്ട്രാറ്റജിക് ഡിസൈൻ: നേചർ–ഇൻസ്പയേഡ് പ്രിൻസിപ്പിൾസ് ഫോർ ഡൈനാമിക് ബിസിനസ് എൻവയൺമെന്റ്സ്’ മാനേജ്മെന്റ് പ്രേമികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ വളരെപ്പെട്ടെന്നാണ് ഇടംനേടിയത്. നമ്മുടെ സ്ഥാപനങ്ങൾക്ക് പ്രകൃതിയുടെ രൂപകൽപന മനസ്സിലാക്കാനുള്ള സങ്കേതങ്ങൾ പരിചയപ്പെടുത്താനും ചലനാത്മകവും വെല്ലുവിളി നിറഞ്ഞതുമായ പരിസ്ഥിതിയുടെ അനിശ്ചിതത്വങ്ങളോട് പ്രതികരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ആ പാഠങ്ങൾ ഉപയോഗിക്കാനുമുള്ള ശ്രമമാണ് ഈ പുസ്തകം.
തിരുവല്ല സ്വദേശിയായ ടോജിൻ ബിസിനസ് കൺസൽറ്റന്റും അക്കാദമിക് വിദഗ്ധനുമാണ്. യുഎസ് നേവൽ പോസ്റ്റ്ഗ്രാജ്വേറ്റ് സ്കൂളിലെ (എൻപിഎസ്) ഡിഫൻസ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഡാനിയൽ ഫിങ്കൻസ്റ്റാറ്റ്. ഇരുവർക്കും പ്രകൃതിയെക്കുറിച്ചു പഠിക്കാൻ വലിയ താൽപര്യമുള്ളതിനാൽ ഫിങ്കൻസ്റ്റാറ്റുമായി സഹകരിച്ചുള്ള പുസ്തകമെഴുത്ത് എളുപ്പമായിരുന്നെന്ന് ടോജിൻ പറഞ്ഞു. ‘‘കൂടുതൽ വിശാലമായ കാഴ്ചപ്പാടുകളെയും പാറ്റേണുകൾ പോലെ വലിയ കാര്യങ്ങളെയും ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാൻ. ഫിങ്കൻസ്റ്റാറ്റ് വളരെ സൂക്ഷ്മമായ കാര്യങ്ങൾ പോലും വിശദമായി നിരീക്ഷിക്കുന്നയാളും. അതുകൊണ്ടുതന്നെ അദ്ദേഹവുമായി സഹകരിക്കുന്നത് എളുപ്പമായിരുന്നു.’’
സെന്റർ ഫോർ ക്രിയേറ്റീവ് ഫോർസൈറ്റിന്റെ സ്ഥാപകനായ ടോജിൻ യുഎസിലെ മിസൗറി യൂണിവേഴ്സിറ്റിയിലെ ട്രുലാസ്കെ കോളജ് ഓഫ് ബിസിനസ്, യുഎൻസി കെനാൻ–ഫ്ലാഗ്ലെർ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനാണ്. ഡാർട്ട്മൗത്ത് കോളജിലെ ടക് സ്കൂൾ ഓഫ് ബിസിനസിൽ ഗെസ്റ്റ് ഫാക്കൽറ്റിയുമായിരുന്നു. ഗൂഗിൾ, സാംസങ്, എബിബി, കെബിഈർ, റോബർട്ട് ബോഷ്, നെറ്റ് ആപ്, ക്വാൽകോം, ബ്യൂറോ വെരിറ്റാസ്, എസ്കെഎഫ്, ന്യൂവെൽ ബ്രാൻഡ്സ് തുടങ്ങി നാൽപതിലേറെ രാജ്യാന്തര കമ്പനികളിലെ കൺസൽറ്റന്റു കൂടിയായിരുന്ന ടോജിൻ ഇന്നവേഷൻ രംഗത്ത് പരിശീലനവും മാർഗനിർദേശങ്ങളും നൽകുന്നുണ്ട്.
പുസ്തകത്തിനായി ഗവേഷണം നടത്തിയപ്പോൾ പ്രകൃതിയുടെയും ബിസിനസിന്റെയും പരിസ്ഥിതിയിൽ ഒട്ടേറെ സമാന സാഹചര്യങ്ങൾ കണ്ടെത്താനായെന്ന് ടോജിൻ പറയുന്നു. ‘‘അപകടം വരുമ്പോൾ പല്ലി വാലുമുറിച്ചിട്ട് രക്ഷപ്പെടുന്നതിനെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്റെ ജീവിതത്തിൽ ഞാൻ നേരിട്ടിട്ടുള്ള ഏറ്റവും രസകരമായ ബിസിനസ് തന്ത്രമാണത്’’ – ടോജിൻ പറഞ്ഞു. പ്രകൃതിയിലെ ജീവജാലങ്ങൾ പരിതസ്ഥിതിയോട് ഇണങ്ങിച്ചേരുന്ന വിധവും അവയുടെ പ്രവർത്തനരീതികളും പഠിച്ചാൽ ബിസിനസും സർക്കാരും വിപണിയും നഗരങ്ങളും സമൂഹവുമെല്ലാം നേരിടുന്ന വലിയ വെല്ലുവിളികളിൽനിന്ന് പുറത്തുകടക്കാനുള്ള മാർഗങ്ങൾ മനസ്സിലാക്കാനാകും. അതാണ് തങ്ങളുടെ പുസ്തകം പറയാനാഗ്രഹിക്കുന്നതും. പ്രകൃതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയ തത്വങ്ങളെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സർഗാത്മക ആശയങ്ങളായി എങ്ങനെ മാറ്റിയെടുക്കാമെന്നാണ് പുസ്തകം പറയുന്നത്. അതിന് വിവിധ മേഖലകളിൽനിന്നുള്ള ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു.
ജീവജാലങ്ങളിലും നമ്മുടെ സ്ഥാപനങ്ങളിലുമുള്ള വ്യത്യസ്ത തരത്തിലുള്ള കാര്യക്ഷമതയും പ്രതിരോധ സംവിധാനങ്ങളും നിരീക്ഷിച്ച് ഇവ രണ്ടും തമ്മിലുള്ള ബന്ധവും ജീവജാലങ്ങളിൽനിന്നുള്ള പാഠങ്ങൾ എങ്ങനെ ബിസിനസ് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കാമെന്നും പുസ്തകം ചർച്ചചെയ്യുന്നു. മറഞ്ഞിരിക്കുക, രൂപമാറുക, മരിച്ചതു പോലെ അഭിനയിക്കുക, ശ്രദ്ധ മാറ്റുക തുടങ്ങി ജീവജാലങ്ങൾ പരീക്ഷിക്കുന്ന പ്രത്യേക തന്ത്രങ്ങളെ ഉദാഹരണമാക്കി, ശത്രുവിനെ ഒഴിവാക്കുന്നതിന്റെയും സന്തുലനം ഉറപ്പാക്കുന്നതിന്റെയും വിദ്യയും പുസ്തകം പറയുന്നു.
എതിരാളികൾ, ഉപഭോക്താക്കൾ, പങ്കാളികൾ, നിക്ഷേപകർ, നിയന്ത്രിതാക്കൾ, സർക്കാർ തുടങ്ങി പ്രകൃതിയിലെയും ബിസിനസിലെയും സമാനതകളെയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്. ഹാർവഡ്, സ്റ്റാൻഫഡ്, ഡാർട്ട്മൗത്ത്, യുഎൻസി– ചാപെൽ ഹിൽ, ഓക്സ്ഫഡ്, കേംബ്രിജ് തുടങ്ങിയ മുൻനിര സർവകലാശാലകളിലെ വിദഗ്ധരും ബിസിനസ് രംഗത്തെ പ്രമുഖരും പുസ്തകത്തെ അംഗീകരിച്ചിട്ടുണ്ട്. ആമസോണിൽ ബിസിനസ് മാനേജ്മെന്റ് ആൻഡ് ബിസിനസ് ഓൻട്രപ്രണർഷിപ്പ് വിഭാഗത്തിലും സ്ട്രാറ്റജി ആൻഡ് കോംപറ്റീഷൻ വിഭാഗത്തിലും ബെസ്റ്റ് സെല്ലർ പട്ടികയിൽ പുസ്തകം ഒന്നാമതെത്തിയിട്ടുണ്ട്.