ബംഗ്ലദേശിന്റെ സെന്റ് മാർട്ടിൻസ് ദ്വീപ് നോട്ടമിട്ട് യുഎസ്, ലക്ഷ്യം വ്യോമത്താവളം? ഇന്ത്യയുടെ നീക്കവുമറിയാം
Mail This Article
ധാക്ക∙ ‘സെന്റ് മാര്‍ട്ടിന്‍ ദ്വീപ് യുഎസിന് വിട്ടുകൊടുത്തിരുന്നെങ്കില്‍ എനിക്ക് ഭരണത്തില്‍ തുടരാമായിരുന്നു’-ബംഗ്ലദേശില്‍നിന്ന് രക്ഷപ്പെടുന്നതിനു മുൻപു രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയാറാക്കി വച്ചിരുന്ന പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്തായപ്പോള്‍ അതിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാചകം ഇതായിരുന്നു. ബംഗ്ലദേശിലെ തന്റെ ഭരണം അട്ടിമറിക്കാന്‍ യുഎസ് ഗൂഢാലോചന നടത്തിയെന്നും സെന്റ് മാര്‍ട്ടിന്‍ ദ്വീപുകള്‍ അവര്‍ക്ക് കൈമാറാത്തതാണ് അതിന് പ്രധാന കാരണമെന്നും ഹസീന ബംഗ്ലദേശിലെ ജനങ്ങളോട് പറയാന്‍ ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹസീനയുടെ ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്? എവിടെയാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ്? എന്താണ് അതുസംബന്ധിച്ച തര്‍ക്കം ? യുഎസ് ആ ദ്വീപ് കൈക്കലാക്കാന്‍ ശ്രമിച്ചിരുന്നോ ? ഇക്കാര്യങ്ങള്‍ അറിയാം.
∙ മൂന്നു ചതുരശ്ര കിലോമീറ്റര്‍, പവിഴപ്പുറ്റ്
ഇന്ത്യയ്ക്കും ബംഗ്ലദേശിനും മ്യാന്‍മറിനുമിടയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കേയറ്റത്തുള്ള കുഞ്ഞന്‍ ദ്വീപ്. വിസ്തീര്‍ണം വെറും 3 ചതുരശ്ര കിലോമീറ്റര്‍ മാത്രം. ബംഗ്ലദേശിലെ കോക്‌സ് ബസാര്‍-ടെക്‌നാഫ് മുനമ്പില്‍നിന്നും 9 കിലോമീറ്ററും മ്യാന്‍മറിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുനിന്ന് 8 കിലോമീറ്ററും മാത്രം അകലെ. ബംഗ്ലദേശിന്റെ ഏക പവിഴപ്പുറ്റ് ദ്വീപാണിത്. 68 ഇനം പവിഴപ്പുറ്റുകളും 151 ഇനം ആല്‍ഗകളും 234 ഇനം കടല്‍മത്സ്യങ്ങളും ഉള്‍പ്പെടെ ജൈവവൈവിധ്യത്തിന്റെ കലവറ. ടൂറിസം വികസിച്ചതോടെ ദിവസം ആയിരക്കണക്കിനു പേരാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നത്.
നാരികേല്‍ ജിന്‍ജിര (നാളികേര ദ്വീപ്), ദാരുചീനി ദ്വീപ് (കറുവാപ്പട്ട ദ്വീപ്) എന്നും വിളിപ്പേരുകള്‍. മൂന്നുഭാഗങ്ങളായാണ് ദ്വീപിന്റെ കിടപ്പ്. വടക്കുഭാഗം നാരികേല്‍ ജിന്‍ജിര അഥവാ ഉത്തര്‍പറയെന്നും തെക്കുഭാഗം ദക്ഷിണ്‍പറയെന്നും നടുവില്‍ ഇടുങ്ങിയ ഇടനാഴി പോലുള്ള ഭാഗം മധ്യപറയെന്നും അറിയപ്പെടുന്നു. ബംഗ്ലദേശിന്റെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയായ സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍ നാലായിരത്തോളമാണ് ആകെ ജനസംഖ്യ. നെല്‍ക്കൃഷി, നാളികേരം, മീന്‍ വളര്‍ത്തല്‍ എന്നിവയാണ് ദ്വീപുവാസികളുടെ പ്രധാന ജീവനോപാധി. ഇവിടെ വിളയുന്ന വസ്തുക്കള്‍ പ്രധാനമായും മ്യാന്‍മറിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
അയ്യായിരം വര്‍ഷം മുൻപ് ടെക്‌നാഫിന്റെ കരപ്രദേശത്തിനൊപ്പമായിരുന്നു ഈ പ്രദേശമെങ്കിലും പിന്നീട് കടലെടുക്കുകയായിരുന്നെന്ന് പഠനങ്ങള്‍ പറയുന്നു. 450 വര്‍ഷം മുമ്പാണ് ഇപ്പോള്‍ കാണുന്ന സെന്റ് മാര്‍ട്ടിന്‍ ദ്വീപ് രൂപപ്പെട്ടത്. 250 വര്‍ഷം മുമ്പ് 18ാം നൂറ്റാണ്ടില്‍ അറബ് വ്യാപാരികളാണ് ആദ്യമായി ദ്വീപിലെത്തിയത്. ദക്ഷിണപൂര്‍വേഷ്യയിലേക്ക് വാണിജ്യത്തിനായി പോയിരുന്ന വ്യാപാരികള്‍ ദ്വീപ് വിശ്രമകേന്ദ്രമാക്കി. 'ജസിറ' എന്നതിന് പേരിട്ടു. അറബിയില്‍ ജസിറയെന്നാല്‍ ദ്വീപ് എന്നര്‍ഥം. 1900ല്‍ ബ്രിട്ടിഷുകാര്‍ കോളനി സ്ഥാപിച്ചതോടെ ദ്വീപ് ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. ബ്രിട്ടിഷ് ഇന്ത്യയുടെ ചിറ്റഗോങ് ഡെപ്യൂട്ടി കമ്മിഷണറുടെ സ്മരണയിലാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപെന്ന് പേരുവന്നതെന്നും അതല്ല ക്രിസ്ത്യന്‍ പുരോഹിതന്‍ സെന്റ് മാര്‍ട്ടിന്റെ പേരാണ് ദ്വീപിനിട്ടതെന്നും രണ്ടു വാദമുണ്ട്.
1937ല്‍ മ്യാന്‍മര്‍ (അന്നത്തെ ബര്‍മ) സ്വതന്ത്രമായപ്പോഴും സെന്റ് മാര്‍ട്ടിന്‍ ദ്വീപ് ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നു. 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിഭജനത്തില്‍ ദ്വീപ് പാക്കിസ്ഥാന്റെ (കിഴക്കന്‍) ഭാഗമായി. 1971ല്‍ പാക്കിസ്ഥാനില്‍നിന്ന് ബംഗ്ലദേശ് സ്വാതന്ത്ര്യം നേടിയപ്പോള്‍ ദ്വീപ് ബംഗ്ലദേശിന്റെ ഭാഗമായി. മ്യാന്‍മറും സെന്റ് മാര്‍ട്ടിന്‍ ദ്വീപിനെച്ചൊല്ലി ബംഗ്ലദേശുമായി തര്‍ക്കത്തിലാണ്. ദ്വീപ് ബംഗ്ലദേശിന്റേതാണെന്ന് അംഗീകരിച്ച് 1974ല്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. എന്നാല്‍ ദ്വീപിന്റെ സമുദ്രാതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നു. 2012ല്‍ രാജ്യാന്തര സമുദ്ര നിയമ ട്രൈബ്യൂണല്‍ ദ്വീപിനുമേലുള്ള ബംഗ്ലദേശിന്റെ അവകാശം ശരിവച്ചെങ്കിലും തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മറിലെ വിമത സൈന്യമായ അരാക്കന്‍ ആര്‍മി ദ്വീപിനുമേല്‍ അവകാശമുന്നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.
∙ ഹസീനയുടെ ആരോപണത്തിനു പിന്നിലെന്ത്?
ആദ്യമായല്ല യുഎസിനുനേരെ ഷെയ്ഖ് ഹസീന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി ദ്വീപ് യുഎസിന് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് 2003ല്‍ ഹസീന ആരോപിച്ചിരുന്നു. 'വെള്ളക്കാരായ' ഒരു വിദേശരാജ്യം ബംഗ്ലദേശില്‍ വ്യോമത്താവളം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അനുവാദം നല്‍കാത്തതിനാല്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും അവാമി ലീഗിന്റെ നേതൃത്വത്തില്‍ 2024 മേയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഹസീന വെളിപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തവണ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ താന്‍ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണെന്നും രാജ്യത്തെ പകുത്തുകൊണ്ട് അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു മറുപടി നല്‍കിയെന്നും ഹസീന പറഞ്ഞിരുന്നു.
എന്നാല്‍ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് സംബന്ധിച്ച ആരോപണങ്ങളെയെല്ലാം അസംബന്ധമെന്നു പറഞ്ഞ് തള്ളുകയാണ് ഇക്കാലമത്രയും യുഎസ്. ബംഗ്ലദേശില്‍ എവിടെയും സൈനികത്താവളം നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നും ധാക്കയുമായി തന്ത്രപരമായ സൈനികബന്ധം മാത്രമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു 2003ല്‍ അന്നത്തെ ബംഗ്ലദേശിലെ യുഎസ് പ്രതിനിധിയായ മേരി ആന്‍ പീറ്റേഴ്‌സ് പ്രതികരിച്ചത്. നിലവില്‍ ഉയര്‍ന്ന ആരോപണത്തെയും യുഎസ് നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ബംഗ്ലദേശുമായി ഉണ്ടായിട്ടില്ലെന്ന് യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
∙ തന്ത്രപ്രധാനമായ മേഖലയിലെ ദ്വീപ്
വലുപ്പം കൊണ്ട് ചെറുതെങ്കിലും ബംഗ്ലദേശിനും മ്യാന്‍മറിനും നടുവില്‍ തന്ത്രപ്രധാനമായ മേഖലയിലാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടലിന്റെ പ്രവേശന ഭാഗത്തായതിനാല്‍ സമുദ്ര ഗതാഗതത്തെയും ചരക്കുനീക്കത്തെയും അടുത്തുനിന്ന് നിരീക്ഷിക്കാനാകും. ഇവിടം നിയന്ത്രിക്കുന്നവര്‍ക്ക് സുപ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിനടുത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാം. ചൈനയുടെ വ്യാപാരനീക്കത്തിന്റെ 80 ശതമാനത്തിലേറെയും മലാക്ക പാതയിലൂടെ ആണെന്നതിനാല്‍ ഈ മേഖല യുഎസിന് നിര്‍ണായകമാണ്. കോക്‌സ് ബസാറില്‍ ചൈന നിര്‍മിക്കുന്ന തുറമുഖം ദ്വീപിന് തൊട്ടടുത്താണ്. യുഎസിന്റെ വിശ്വസ്ത ക്വാഡ് പങ്കാളി ബംഗ്ലദേശിലെ ചാത്തോഗ്രാമില്‍ നിര്‍മാണം തുടങ്ങിയ മാതാര്‍ബരി തുറമുഖവും മാര്‍ട്ടിന്‍ ദ്വീപിനടുത്താണ്. 2027ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കരുതുന്ന ഈ തുറമുഖം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതാണ്.
വിശ്വസ്ത പങ്കാളികളെ കൂട്ടുപിടിച്ച് ചൈനയെ നേരിടാനുള്ള യുഎസിന്റെ ഇന്തോ-പസിഫിക് നയത്തിന്റെ ഭാഗമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. ഇവിടെനിന്ന് ചൈനയുടെയും മ്യാന്‍മറിന്റെയും ബംഗ്ലദേശിന്റെയും മാത്രമല്ല ഇന്ത്യയുടെ നീക്കങ്ങളും അടുത്തറിയാം. അതേസമയം, 3 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ദ്വീപില്‍ ഷെയ്ഖ് ഹസീന ആരോപിക്കുന്നതുപോലെ യുഎസിന് വ്യോമത്താവളം നിര്‍മിക്കാനാകുമോ എന്ന വലിയ ചോദ്യവുമുണ്ട്. യുഎസിന്റെ ഏറ്റവും ചെറിയ വ്യോമത്താവളം പോലും ദ്വീപിനേക്കാള്‍ വലിയ ഭൂപ്രദേശത്താണുള്ളത്. വിമാനങ്ങള്‍ക്കുവേണ്ട റണ്‍വേ, സുരക്ഷിതമായ മിസൈല്‍ ബേസ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് ദ്വീപിലെ നിലവിലെ സാഹചര്യം പരിമിതമാണ്. മാത്രമല്ല താരതമ്യേന ഉയരം കൂടിയ മേഖലയായ മ്യാന്‍മറില്‍നിന്നുള്ള ആക്രമണഭീഷണിയും ഇവിടെ വ്യോമത്താവളം നിര്‍മിച്ചാല്‍ യുഎസ് നേരിടേണ്ടി വരും.