ADVERTISEMENT

ന്യൂഡൽഹി∙ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാട്ടിയതായി ആക്ഷേപം. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. രാഹുലിന് ഹോക്കി താരങ്ങള്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയത് നാലാംനിരയിലാണ്. പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് എതിരായാണ് വിമർശനം ഉയർന്നത്. എന്നാൽ, ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം നൽകാനാണ് ഇങ്ങനെ ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷത്തിനുശേഷമാണ്. ചടങ്ങിന്റെ മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ്. ജയശങ്കര്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന സോണിയാ ഗാന്ധിക്ക് സീറ്റ് നൽകിയിരുന്നത് മുന്‍നിരയിലായിരുന്നുവെന്നും  വിമർശകർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. 6,000 പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഭാരതത്തിനിത് സുവർണകാലഘട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. ബംഗ്ലദേശിലെ സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ മൂന്നാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. 11–ാം തവണയാണ് മോദി പതാക ഉയർത്തിയത്. ജവഹർലാൽ നെഹ്റുവാണ് കൂടുതൽ തവണ പതാക ഉയർത്തിയത്. 17 തവണ.  ഇന്ദിരാഗാന്ധി 16 തവണ പതാക ഉയർത്തി. 10 തവണയാണ് മൻമോഹൻ സിങ് പതാക ഉയർത്തിയത്.

English Summary:

Netizens Fume After Video Shows Rahul Gandhi Sitting In 2nd Last Row During Independence Day Celebration At Red Fort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com