രാമേശ്വരം കഫെ സ്ഫോടനക്കേസ്: പ്രതികൾക്ക് കളിയിക്കാവിള കേസിൽ പങ്കുണ്ടെന്ന് എൻഐഎ
Mail This Article
ബെംഗളൂരു ∙ രാമേശ്വരം കഫെ ബോംബ് സ്ഫോടനക്കേസിലെ 2 പ്രധാന പ്രതികൾക്ക് കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. രാമേശ്വരം കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ താഹ എന്നിവരെയാണു കളിയിക്കാവിള കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്തത്. എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്ക് ഇവർ ഒളിത്താവളം ഒരുക്കിയെന്നാണ് ആരോപണം. ഇരുവരും ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശികളാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ ബെംഗളൂരുവിലെ അൽഹിന്ദ് ട്രസ്റ്റ് കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഒട്ടേറെ അൽ-ഉമ്മ പ്രവർത്തകർ 2020ൽ ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. കോയമ്പത്തൂരിൽ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാർ വെടിയേറ്റു മരിച്ച കേസിലും, എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും ട്രസ്റ്റിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.