‘റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നു പറയുന്നത് ഇരകളല്ല; പരാതി ലഭിച്ചാലേ കേസെടുക്കാന്‍ പറ്റൂ എന്നത് തെറ്റ്’
തിരുവനന്തപുരം ∙ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നെന്നു വിവരം ലഭിച്ചാലുടന്‍ പൊലീസ് കേസെടുക്കണമെന്നു നിയമം നിലവിലുള്ള സാഹചര്യത്തിലാണ്, ദുരനുഭവം നേരിട്ടവരുടെ പേരുകള്‍ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് നാലര വര്‍ഷം സര്‍ക്കാര്‍ ‘കോള്‍ഡ് സ്‌റ്റോറേജില്‍’ സൂക്ഷിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഉണ്ടായ സാങ്കേതികപ്രശ്‌നങ്ങളും മറ്റും പറഞ്ഞു തടിതപ്പാന്‍ മന്ത്രിയും മുന്‍മന്ത്രിയും ഉള്‍പ്പെടെ ശ്രമിക്കുമ്പോഴും, റിപ്പോര്‍ട്ടിലെ രഹസ്യമൊഴികളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നു നിയമരംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെ അദ്ഭുതപ്പെടുന്നു.

തികച്ചും രാഷ്ട്രീയതാല്‍പര്യം കൊണ്ടുമാത്രമാണ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫ് അലി പറഞ്ഞു. കേട്ട മൊഴികള്‍ ആരോപണങ്ങള്‍ മാത്രമാണെന്നാണ് ആദ്യം കരുതിയതെന്നും അതിനൊക്കെ വ്യക്തമായ തെളിവുകളുണ്ടെന്നു പിന്നീട് തിരിച്ചറിഞ്ഞുവെന്നും ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പുറംലോകത്തുനിന്ന് മറച്ചുവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അക്കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടാണ് നാലര വര്‍ഷത്തോളം മറച്ചുവയ്ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘‘നിങ്ങള്‍ എത്ര വലിയവനാണെങ്കിലും നിയമം നിങ്ങള്‍ക്കു മുകളിലാണ്. നിയമവാഴ്ചയുടെ നാടാണ് നമ്മുടേത്; നിയമം കൊണ്ടു വാഴുന്ന നാടല്ല. ആ നിയമമാണ് അട്ടിമറിക്കാന്‍ ഇപ്പോള്‍ അധികാരികള്‍ ശ്രമിക്കുന്നത്. ഒരു കുറ്റകൃത്യം സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നാല്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നുള്ള ലളിതകുമാരി കേസിന്റെ വിധി എന്താണു പരിഗണിക്കാത്തത്. വൈവാഹിക ബന്ധം സംബന്ധിച്ച തര്‍ക്കം, വാണിജ്യ ഇടപാടുകള്‍, അഴിമതിവിരുദ്ധ നടപടി എന്നിവയ്ക്കു മാത്രമേ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പ്രാഥമിക അന്വേഷണം ആവശ്യമുള്ളൂ. ബാക്കി എല്ലാ കേസിലും പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.
പുതുതായി രാജ്യത്താകെ നടപ്പാക്കിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം, ചിത്രം ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. സീറോ എഫ്‌ഐആര്‍ ആണ് ഇപ്പോഴുള്ളത്. അസമില്‍ നടന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ എറണാകുളം പൊലീസിനു കേസെടുക്കാന്‍ കഴിയും. അതാണ് ബിഎന്‍എസ്എസ് 173-ാം വകുപ്പ് വ്യക്തമാക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലം പോലും പരിഗണിക്കാതെ നടപടി സ്വീകരിക്കാനാവും. പരാതി എന്നല്ല, വിവരം മാത്രം മതി എന്നാണു വകുപ്പില്‍ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം, കേസെടുക്കണമെന്നു പറഞ്ഞിട്ടില്ലെന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ കൂത്തുപറമ്പ് വെടിവയ്പു കേസിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് എം.വി.രാഘവനെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത്. എംവിആര്‍ തോക്കെടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെടിവച്ചു കൊന്നതായിരുന്നില്ല. അങ്ങനെ, അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പുറത്തു നടപടിയെടുത്ത കീഴ്‌വഴക്കം കേരളത്തില്‍ ഉണ്ടായിരിക്കെയാണ് ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടും നാലരക്കൊല്ലം പെട്ടിയിലിട്ടു പൂട്ടി ഇപ്പോഴും തൊടുന്യായങ്ങള്‍ പറയുന്നത്.
ആരോപണവിധേയയായ ഒരു സ്ത്രീ ഒരു കമ്മിഷന്‍ റിപ്പോര്‍ട്ടിനെ വച്ച് ഒരു വെള്ളക്കടലാസില്‍ പരാതി കൊടുത്തപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് വന്ന ഉടന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. പിന്നീട് പൊലീസിന്റെ റിപ്പോര്‍ട്ട് പോലും വാങ്ങാതെ ആ കേസ് സിബിഐക്കു വിടാന്‍ വേണ്ടിയാണു പരാതി എഴുതിവാങ്ങിയത്.
ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നു പറയുന്ന ആരും ഇരകളല്ല എന്നതാണു ശ്രദ്ധേയം. കാരണം ഇരകളുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവരില്ല. അതു നിലവില്‍ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ക്രിമിനല്‍ പ്രവൃത്തിയാണു നടന്നിരിക്കുന്നത്. ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തുവിടുമ്പോള്‍ ഇരകളെക്കുറിച്ചുള്ള കാര്യങ്ങള്‍ പരസ്യപ്പെടുത്തുക കുറ്റകരമാണ്. അത് ഒരു കോടതിയും പ്രത്യേകമായി പറയേണ്ട കാര്യമില്ല. അപ്പോള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പുറത്തുവിടരുത് എന്ന് പറയുന്നവര്‍ പ്രതിസ്ഥാനത്തുള്ളവരായതു കൊണ്ടാവും പേടിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇരകളുടെ സ്വകാര്യത നിയമം ഗ്യാരന്റി നല്‍കിയിട്ടുണ്ട്. അതൊരിക്കലും പുറത്തുവരില്ല.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലും കേരളത്തിനു പുറത്തുമാണ്. സംസ്ഥാനാന്തര വ്യാപ്തിയുള്ള വിഷയമാണിത്. ആ സാഹചര്യത്തില്‍ കേരളാ പൊലീസ് മാത്രം അന്വേഷിച്ചാല്‍ മതിയാകില്ല. ഒരു കേന്ദ്ര ഏജന്‍സിയുടെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ ഫലപ്രദമായ അന്വേഷണം സാധ്യമാകൂ. ലൈംഗിക അതിക്രമവും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും സംബന്ധിച്ചുള്ള ഗുരുതരമായ വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ പറ്റൂ എന്നു പറയുന്നത് തെറ്റാണ്. ഒരു കൊലപാതകം സംബന്ധിച്ചു പൊലീസിനു വിവരം കിട്ടിയാല്‍ എന്താണു ചെയ്യുക? വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയല്ലേ പൊലീസിന്റെ ബാധ്യത. സ്വകാര്യതയുടെ പരിരക്ഷ പ്രതിക്കല്ല, ഇരകള്‍ക്കാണു ലഭിക്കേണ്ടത്. ഇരകളെ പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കാതെ, പേരുകള്‍ പുറത്തുപോകാതെ മൊഴി രേഖപ്പെടുത്തണം. കോടതിക്കു സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന കാര്യമാണിത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണം.
കേരളത്തിന് അകത്തും പുറത്തും നടന്ന സംഘടിതമായ അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്കു നീതി കിട്ടാനാണു നടപടി സ്വീകരിക്കേണ്ടത്. ഇത് ഒരു വ്യക്തിക്കുനേരെ നടന്ന കുറ്റകൃത്യം മാത്രമല്ല, സമൂഹത്തിന് എതിരായ കുറ്റകൃത്യമാണിത്. അതേക്കുറിച്ചുള്ള ഗുരുതരമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. പ്രതികളാകാന്‍ സാധ്യതയുള്ളവരെയാണ് കോണ്‍ക്ലേവിലേക്കു വിളിക്കാന്‍ പോകുന്നത്. ക്രിമിനല്‍ കേസെടുത്ത് അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കേണ്ടതിനു പകരം ആരെ ഭയന്നിട്ടാണ് അധികാരികള്‍ ഈ ഒളിച്ചുകളി നടത്തുന്നത്?’’ - ആസഫ് അലി ചോദിച്ചു.