ADVERTISEMENT

ഗുസ്തി ഗോദയിലും പുറത്തും എന്നും പോരാട്ടത്തിന്റെ തീപ്പൊരിയാണ് വിനേഷ് ഫോഗട്ട്. എതിരാളികളെ ഇടിച്ചിടുമ്പോഴും വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ റസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ സമരത്തിനിറങ്ങിയപ്പോഴും ഒളിംപിക്സ് വേദിയിലുമെല്ലാം കണ്ടത് ഒരേ ചൂട്; ഒരേ തലയെടുപ്പ്. ബ്രിജ് ഭൂഷനെതിരെയുള്ള സമരത്തിന്റെ ഭാഗമായി അർജുന, ഖേൽരത്ന പുരസ്കാരങ്ങൾ കണ്ണീരോടെ നദിയിലൊഴുക്കിയിട്ടും 100 ഗ്രാമിന്റെ പേരിൽ കൈയകലത്തിൽ ഒളിംപിക്സ് മെഡൽ നഷ്ടമായിട്ടും പോരാട്ടത്തിന്റെ കനൽ കെടാതെ കാത്തിട്ടുണ്ട് വിനേഷ്. രാഷ്ട്രീയത്തിലേക്കും പടരുകയാണോ ആ ചൂട് ?

വിനേഷ് ഫോഗട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വലിയ ചർ‍ച്ചയായിക്കഴിഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബന്ധുവും ഗുസ്തി താരവും ബിജെപി പ്രവർത്തകയുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിനേഷിന്റെ ഒരു അടുത്ത ബന്ധുവിനെ ഉദ്ധരിച്ചാണ് ഇക്കാര്യം വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തത്. എന്നാൽ വിനേഷോ കുടുംബാംഗങ്ങളോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചില രാഷ്ട്രീയ പാർട്ടികൾ വിനേഷിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ‘ബന്ധു’വിന്റെ വാക്കുകൾ. ‘‘വിനേഷ് ഫോഗട്ടിന് എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടാ? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട്– ബബിത ഫോഗട്ട് മത്സരവും ബജ്‌രംഗ് പൂനിയ– യോഗേശ്വർ ദത്ത് മത്സരവും നടന്നേക്കാം. ഇക്കാര്യത്തിൽ വിനേഷ് ഫോഗട്ടിനെ സ്വാധീനിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ട്.’’– ബന്ധു പറഞ്ഞു.

ഒളിംപിക്സിൽ അവസാനനിമിഷം അയോഗ്യയാക്കപ്പെട്ടതിനു ശേഷം നാട്ടിലേക്കു തിരിച്ചെത്തിയപ്പോൾ മെഡൽ ജേതാവിനു തുല്യമോ അതിനപ്പുറമോ ഉള്ള സ്വീകരണമായിരുന്നു വിനേഷിനെ കാത്തിരുന്നത്. ഡൽഹിയിൽ വിമാനമിറങ്ങിയതുമുതൽ ഹരിയാനയിലെ ബലാലി ഗ്രാമത്തിലെ വീടെത്തുംവരെ അവർക്കായി സ്വീകരണങ്ങളൊരുക്കി. കോൺഗ്രസ് എംപി ദീപേന്ദർ ഗൂഡയും കുടുംബവും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വിനേഷിനെ സ്വീകരിക്കാനെത്തിയിരുന്നു. ഇതെല്ലാം വിനേഷിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് ചൂടുകൂട്ടുന്നു.

അതേസമയം, മത്സരിക്കാൻ വിനേഷ് സമ്മതമറിയിച്ചോ, എങ്കിൽ ഏത് പാർട്ടിക്കുവേണ്ടിയാകും തുടങ്ങിയവയെക്കുറിച്ചൊന്നും വ്യക്തതയില്ല. എന്തായാലും ഹരിയാനയുടെ തിരഞ്ഞെടുപ്പു ഗോദായിൽ ഗുസ്തി താരങ്ങളുടെ ഏറ്റുമുട്ടലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.

English Summary:

Vinesh Phogat's Potential Political Debut Stirs Speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com