‘തട്ടിപ്പിനും ചൂതാട്ടത്തിനും ഉപയോഗിക്കുന്നു’: ടെലിഗ്രാമിനെ നിരോധിക്കുമോ? നീക്കവുമായി കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ ജനപ്രിയ മെസേജിങ് ആപ് ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നലെയാണ്, ആപ്പിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ആപ്പിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആപ് ഉപയോഗിക്കുന്നതായും കേന്ദ്രസർക്കാരിന് വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് കടക്കുന്നതെന്നാണ് സൂചന.
ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററുമായി, ടെലിഗ്രാം അധികൃതർ വേണ്ടവിധത്തിൽ സഹകരിക്കുന്നില്ലെന്നതും നിരോധനത്തിന് സർക്കാരിനെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നിരോധനം ബാധിക്കും. കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും ടെലിഗ്രാമിന്റെ ഇന്ത്യയിലെ ഭാവിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ആപ് അധികൃതർ അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാൽ, രാജ്യവ്യാപക നിരോധനം എന്നതിലേക്ക് തന്നെയായിരിക്കും സർക്കാർ കടക്കുക. ടെലിഗ്രാം അധികൃതർക്ക് ഗുരുതര പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. ടെലിഗ്രാം ആപ് നിരോധിക്കപ്പെട്ടാൽ പകരം ആപ്പുകളുടെ കാര്യത്തിലും ഉപയോക്താക്കൾക്ക് ആശങ്കകളുണ്ട്. സുരക്ഷിതവും സന്ദേശങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായ ബദൽ ആപ്പുകളുടെ ആവശ്യകതയും ചിലർ മുന്നോട്ട് വയ്ക്കുന്നു. ടെലിഗ്രാമിന് പകരമാകാൻ ഒരു ഇന്ത്യൻ നിർമിത ആപ്പ് ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് സമൂഹമാധ്യമ ഉപയോക്താക്കൾ.