ADVERTISEMENT

തിരുവനന്തപുരം ∙ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണു ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർ, നാടക കലാകാരൻ, ഉദ്യോഗസ്ഥ പ്രമുഖൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധേയമായ വ്യക്തിയാണ്. സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു പൊതുവിൽ ഇല്ലാത്ത പ്രത്യേകതയാണിതെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽനിന്നു വിരമിക്കുന്ന വേണുവിനു നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്ത നിർവഹണത്തെ തെല്ലും ബാധിക്കാതെ നോക്കാൻ വേണു ശ്രദ്ധിച്ചു. ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോൾ പൊതുവിൽ ഗുണം ചെയ്തു. അത്തരം വകുപ്പുകൾക്കു ജനപ്രിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും ജനശ്രദ്ധ ആകർഷിക്കുന്ന പേരുകൾ നൽകുന്നതിലും പ്രയോജനപ്പെട്ടു. ഡോക്ടർ എന്ന നിലയ്ക്കുള്ള പശ്ചാത്തലം, ഡോക്ടർമാർ പൊതുവിൽ സമരത്തിനുപോയ ഒരു വേളയിൽ, ചികിത്സ കിട്ടാതെ വലഞ്ഞ രോഗികൾക്ക് ആശ്വാസമായത് ഓർക്കുന്നു. മൂവാറ്റുപുഴയിൽ സബ് കലക്ടർ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ പണിമുടക്കിയപ്പോൾ രോഗികൾ വലഞ്ഞു.

അവരുടെ വിഷമം അറിഞ്ഞാണ്, പണ്ടെന്നോ അഴിച്ചുവച്ച സ്റ്റെതസ്‌കോപ് അദ്ദേഹം വീണ്ടുമെടുത്തത്. അങ്ങനെ സബ് കലക്ടർ ഒപി വിഭാഗത്തിലെത്തി, അൻപതോളം രോഗികളെ പരിശോധിച്ചു. സമരം പൊളിക്കാനല്ല, വിഷമത്തിലായ രോഗികൾക്ക് ആശ്വാസം കൊടുക്കാനാണ് ശ്രമിച്ചത്. കേരളത്തിൽനിന്ന് ഐഎഎസ് ലഭിച്ച രണ്ടാമത്തെ എംബിബിഎസ് ബിരുദധാരിയാണ് വേണു. സിവിൽ സർവീസിൽ നിരവധി ഭാര്യാ-ഭർത്താക്കന്മാരുണ്ട്, ഉണ്ടായിട്ടുമുണ്ട്. ചിലരൊക്കെ കലക്ടർ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭർത്താവും വ്യത്യസ്ത കാലങ്ങളിൽ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാർ ആവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നതു കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. ആ സവിശേഷത കൂടി ഈ യാത്രയയപ്പ് സമ്മേളനത്തിനുണ്ട്. 

ഡോ. വേണുവിന്റെ പ്രാധാന്യം കേരളം കൂടുതലായി അറിഞ്ഞത്, ദുരന്തമുണ്ടായ വേളകളിൽ തന്നെയാണ്. വയനാട് ദുരന്തമുണ്ടായ ഈയിടെ ഏകോപനങ്ങൾക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നൽകി എന്നതു നമ്മൾ കണ്ടു. അവിടെ ഉണ്ടായ ഉരുൾപൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തിൽ അതിന്റെ ഗൗരവം പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുത്തു. 2018 ലെ പ്രകൃതിദുരന്ത ഘട്ടത്തിലും നമ്മൾ ഇതു കണ്ടു. അന്നു ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. പുനരധിവാസ സജ്ജമാക്കി ആ പ്രദേശങ്ങളെ മാറ്റിയെടുക്കുന്നതിൽ, പുനരധിവാസം സാധ്യമാക്കുന്നതിൽ, അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്ന റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതിൽ ഒക്കെ അദ്ദേഹം അർപ്പണബോധത്തോടെ പ്രവർത്തിച്ചു. അന്ന് പുനർനിർമാണത്തിനുള്ള ലോകബാങ്ക് സഹായം വിജയകരമാംവിധം ചർച്ച ചെയ്തുറപ്പിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച നയരേഖകൾക്കുള്ളിൽനിന്നു മാതൃകാപരമാംവിധമാണ് അദ്ദേഹം പ്രവർത്തിച്ചത്. സിവിൽ സർവീസിൽ കടന്നു വരുന്നവർക്ക് മാതൃകയാണിത്. 

2007-2011 ഘട്ടത്തിൽ സാംസ്‌കാരിക വകുപ്പു സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സന്ദർഭത്തിലാണ് ‘ഇന്റർനാഷനൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള’ ആരംഭിച്ചത്. കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ട്രാവൽ മാർട്ടായ ‘കേരള ട്രാവൽ മാർട്ട്’ വേണുവിന്റെ ആശയമായിരുന്നു. ടൂറിസം സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച ഘട്ടത്തിൽ വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളം മിഴിവുറ്റ സ്ഥാനത്തെത്തി. ഇൻക്രെഡിബിൾ ഇന്ത്യ ക്യാംപെയ്ൻ, റെസ്‌പോൺസിബിൾ ടൂറിസം എന്നിവയിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു നിൽക്കുന്നു. കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി തയാറാക്കുന്നതിൽ മേൽനോട്ടം വഹിച്ചു.

അൻപതോളം നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള, ഷെയ്ക്‌സ്പിയറുടെ ‘മാക്‌ബത്തി’ലെ ഡങ്കൻ രാജാവിനെ വേദിയിൽ തെളിമയോടെ അവതരിപ്പിച്ചു കയ്യടി വാങ്ങിയ കലാകാരനാണ്. വിജയ് ടെൻഡുൽക്കറുടെ ‘സഖരം ബൈൻഡറി’ലെ ഷിൻഡെ, അയ്യപ്പപ്പണിക്കരുടെ ‘പാളങ്ങളി’ലെ അധികാരി, ‘ഭഗവദജ്ജൂക’ത്തിലെ യമരാജൻ തുടങ്ങിയ വേഷത്തിലും തിളങ്ങിയിട്ടുണ്ട് ഈ ചീഫ് സെക്രട്ടറി. കലാപ്രവർത്തനവും ഭരണപ്രവർത്തനവും ഒരുപോലെ മുൻപോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ നാലു ചുമരുകൾക്കുള്ളിൽനിന്നു പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നു’’– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

"A Rare Gem": CM Pinarayi Vijayan Praises Retiring Chief Secretary V.Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com