ബസിൽ 5000, വിമാനത്തിൽ 34,000 രൂപ; കാണം വിറ്റാലും ഓണമുണ്ണാൻ നാട്ടിൽ എത്താനാകില്ല
കോഴിക്കോട് ∙ നാട്ടിലെത്തി ഓണമുണ്ണാൻ ആഗ്രഹിക്കുന്ന മലയാളികളെ പിഴിയാൻ ഇരട്ടിനിരക്കുമായി ബസുകളും വിമാനങ്ങളും ‘ഓണത്തല്ല്’ തുടങ്ങി. ട്രെയിനുകളിൽ ഇനിയങ്ങോട്ട് ടിക്കറ്റ് കിട്ടാൻ ഒരു സാധ്യതയുമില്ല. മലബാർ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിനാളുകളാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നത്. ചെന്നൈ, ഹൈദരാബാദ്, മുംബൈ
കോഴിക്കോട് ∙ നാട്ടിലെത്തി ഓണമുണ്ണാൻ ആഗ്രഹിക്കുന്ന മലയാളികളെ പിഴിയാൻ ഇരട്ടിനിരക്കുമായി ബസുകളും വിമാനങ്ങളും ‘ഓണത്തല്ല്’ തുടങ്ങി. ട്രെയിനുകളിൽ ഇനിയങ്ങോട്ട് ടിക്കറ്റ് കിട്ടാൻ ഒരു സാധ്യതയുമില്ല. മലബാർ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിനാളുകളാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നത്. ചെന്നൈ, ഹൈദരാബാദ്, മുംബൈ
കോഴിക്കോട് ∙ നാട്ടിലെത്തി ഓണമുണ്ണാൻ ആഗ്രഹിക്കുന്ന മലയാളികളെ പിഴിയാൻ ഇരട്ടിനിരക്കുമായി ബസുകളും വിമാനങ്ങളും ‘ഓണത്തല്ല്’ തുടങ്ങി. ട്രെയിനുകളിൽ ഇനിയങ്ങോട്ട് ടിക്കറ്റ് കിട്ടാൻ ഒരു സാധ്യതയുമില്ല. മലബാർ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിനാളുകളാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നത്. ചെന്നൈ, ഹൈദരാബാദ്, മുംബൈ
കോഴിക്കോട് ∙ നാട്ടിലെത്തി ഓണമുണ്ണാൻ ആഗ്രഹിക്കുന്ന മലയാളികളെ പിഴിയാൻ ഇരട്ടിനിരക്കുമായി ബസുകളും വിമാനങ്ങളും ‘ഓണത്തല്ല്’ തുടങ്ങി. ട്രെയിനുകളിൽ ഇനിയങ്ങോട്ട് ടിക്കറ്റ് കിട്ടാൻ ഒരു സാധ്യതയുമില്ല. മലബാർ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിനാളുകളാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നത്. ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും നിരവധിപ്പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം നാട്ടിലെത്തണമെങ്കിൽ സ്വന്തം വണ്ടിയിൽ വരേണ്ട അവസ്ഥയാണ്. ട്രെയിൻ, ബസ് ടിക്കറ്റുകൾ ഏറക്കുറെ തീർന്നു. വിമാന ടിക്കറ്റാണെങ്കിൽ ആകാശം മുട്ടെ നിരക്ക് കുത്തനെ കുതിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി ഏറ്റവുമധികം പേർ ജോലി ചെയ്യുന്നത് ബെംഗളൂരുവിലാണ്. ഐടി ഉദ്യോഗസ്ഥർ മുതൽ പച്ചക്കറി വ്യാപരം നടത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. സാധാരണക്കാരനു താങ്ങാൻ സാധിക്കുന്ന നിരക്കല്ല വിമാനത്തിന്. ട്രെയിൻ ടിക്കറ്റുകൾ തീർന്നു. അവശേഷിക്കുന്ന ബസ് ടിക്കറ്റുകൾക്ക് കൊള്ളനിരക്കുമാണ്. ‘യശ്വന്ത്പുര–കണ്ണൂർ’ ട്രെയിൻ ആണ് കോഴിക്കോട്ടുകാരുടെ പ്രധാന ആശ്രയം. ഈ ട്രെയിനിൽ ഓണക്കാലത്തെ എല്ലാദിവസത്തെയും ടിക്കറ്റുകൾ തീർന്നു. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയും സമാനമായ രീതിയിൽ തിരക്കും നിരക്കും ഏറി വരികയാണ്.
∙ ട്രെയിനിൽ സ്ഥലമെവിടെ?
യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസിൽ ഉത്രാടത്തലേന്ന് കോഴിക്കോട്ടേക്ക് വെയിറ്റിങ് ലിസ്റ്റിൽ പോലും ടിക്കറ്റ് കിട്ടാനില്ല. മറ്റു ദിവസങ്ങളിൽ എസി കംപാർട്മെന്റിലുൾപ്പെടെ വെയിറ്റിങ് ലിസ്റ്റ് നൂറ്റമ്പതിനപ്പുറമാണ്. മാസങ്ങൾക്ക് മുൻപു തന്നെ ഈ ട്രെയിനിൽ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. കോഴിക്കോട് വഴി കടന്നുപോകുന്ന ബാക്കി ട്രെയിനുകളിലും ഇതാണ് അവസ്ഥ. അതിനാൽ ഇനി ട്രെയിനിൽ നാട്ടിലേക്ക് വരാൻ ബുദ്ധിമുട്ടാണ്. ബെംഗളൂരുവിൽനിന്നും കോഴിക്കോട്ടേക്ക് പ്രത്യേക ട്രെയിൻ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
∙ ടിക്കറ്റ് ഫുൾ, ബസുകൾക്ക് ചാകര!
ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ചാകരക്കാലമാണ് ഓണം. ഒറ്റ ട്രിപ്പ് കൊണ്ട് തന്നെ ഒന്നര ലക്ഷത്തോളം രൂപ വരെ കലക്‌ഷൻ നേടുന്നവരുണ്ട്. ടിക്കറ്റിന് ആവശ്യക്കാർ ഏറുന്നതോടെ നിരക്കും കുത്തനെ കൂട്ടും. മറ്റു മാർഗമില്ലാത്ത യാത്രക്കാർ വൻ തുക കൊടുത്തു ടിക്കറ്റ് എടുക്കാൻ തയാറാകും. 13ന് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് കെഎസ്ആർടിസി ബസിൽ ഒറ്റ സീറ്റുപോലുമില്ല. ഇരുപത്തഞ്ചോളം കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. സാധാരണ കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ എസി ബസിൽ 700 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. അതിപ്പോൾ 1,100 രൂപയാക്കി. സ്വകാര്യ ബസുകളിൽ 1000 രൂപ മുതൽ 3500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തിരുവോണം അടുക്കുമ്പോഴേക്കും ഇത് 5000 രൂപ വരെ എത്താറുണ്ട്.
∙ നിലത്തിറങ്ങാതെ വിമാന ടിക്കറ്റ്
മെയ്ക് മൈ ട്രിപ്പിൽ ബെംഗളൂരു – കോഴിക്കോട് വിമാന ടിക്കറ്റ് സെപ്റ്റംബർ 9ന് ഏകദേശം 3,500 രൂപയാണ്. എന്നാൽ സെപ്റ്റംബർ 10 ആകുമ്പോൾ 28,490 ആകും. തിരുവോണ നാളിൽ 34,000 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. സാധരണക്കാർക്ക് താങ്ങാൻ സാധിക്കുന്ന തുകയല്ല ഇത്. അതിനാൽ ആകാശ യാത്രയെക്കുറിച്ച് പലരും ആലോചിക്കാറില്ല.
∙ പുതുവഴി, സ്വന്തം വാഹനം
ടിക്കറ്റുകൾ ലഭ്യമല്ലാത്തതും നിരക്ക് കുത്തനെ വർധിക്കുന്നതും കാരണം സ്വന്തം കാറിൽ നാട്ടിലേക്ക് വരുന്നവരുടെ എണ്ണം കൂടുകയാണ്. ബെംഗളൂരു– മൈസൂരു റോഡ് പത്ത് വരിയാക്കിയതോടെ മൂന്ന് മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽനിന്നു മൈസൂരുവിൽ എത്താം. പുതിയ പാത വന്നതോടെ 7–8 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽനിന്നു കോഴിക്കോടെത്താനും സാധിക്കും. അതിനാൽ പല കുടുംബങ്ങളും സ്വന്തം കാറിൽ നാട്ടിലേക്ക് വരുന്നതു കൂടുകയാണ്. വിദ്യാർഥികളും ജോലിക്കും മറ്റുമായി ഒറ്റയ്ക്ക് നിൽക്കുന്നവരുമാണ് ദുരിതത്തിലാകുന്നത്. ഇവരിൽ ചിലർ സംഘമായി ബൈക്കിൽ വരുന്നവരുമുണ്ട്. ബെംഗളൂരുവിൽ ജോലിക്കും പഠനത്തിനുമായി പോകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. എന്നാൽ ഗതാഗത സൗകര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല.
‘‘കംപാർട്മെന്റുകൾ കൂട്ടുന്നില്ല’’
മുൻകാലങ്ങളില്ലാത്ത അമിത യാത്രാനിരക്കാണ് വിമാനങ്ങളിലും ബസുകളിലും ഈടാക്കുന്നതെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ. മലബാർ മേഖലയിൽ സ്പെഷൽ ട്രെയിൻ ഓടിക്കാനോ തിരക്കുള്ള ട്രെയിനുകളിൽ കംപാർട്ട്മെന്റുകൾ കൂട്ടാനോ അധികൃതർ തയാറായിട്ടില്ല. മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രക്കാരുടെ സംഘടനകളുമായി ചേർന്ന് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നു മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി പറഞ്ഞു.