ഹരിയാനയിൽ കോൺഗ്രസ് സഖ്യമില്ല; സ്ഥാനാർഥിപ്പട്ടികയുമായി എഎപി
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിൽ കോൺഗ്രസുമായി സഖ്യചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ച് ആം ആദ്മി പാർട്ടി. 20 സ്ഥാനാർഥികളുള്ള ആദ്യപട്ടികയാണ് തിങ്കളാഴ്ച എഎപി പുറത്തുവിട്ടത്. ഇതോടെ ഹരിയാനയിൽ കോൺഗ്രസിന് എഎപി കൈകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
കോൺഗ്രസുമായി ചർച്ച നടന്നിരുന്നെങ്കിലും ചില സീറ്റുകൾ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുയർന്നതോടെ സഖ്യസാധ്യത ത്രിശങ്കുവിലായിരുന്നു. സംസ്ഥാനത്തെ ആകെ 90 സീറ്റിൽ 10 എണ്ണമെങ്കിലും നൽകണമെന്നായിരുന്നു എഎപിയുടെ ആവശ്യം. എന്നാൽ 7 സീറ്റ് നൽകാനായിരുന്നു കോൺഗ്രസ് തീരുമാനം.
കോൺഗ്രസുമായി ചേർന്ന് മത്സരിക്കുന്നതിൽ തീരുമാനമായില്ലെങ്കിൽ തിങ്കളാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ആംആദ്മി പാർട്ടി അറിയിച്ചിരുന്നു. 90 സീറ്റിലും മത്സരിക്കാനാണ് തീരുമാനമെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പൂർണസജ്ജമാണെന്നും നേതൃത്വത്തിൽനിന്നോ അരവിന്ദ് കേജ്‌രിവാളിൽനിന്നോ സമ്മതം ലഭിച്ചാലുടൻ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എഎപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പാഠക്കും വ്യക്തമാക്കി.