എഡിജിപി വലിയ പ്രശ്നമെന്ന് ബിനോയ് വിശ്വം; മുഖ്യമന്ത്രിയുടെ മറുപടി: എൽഡിഎഫിൽ നടന്നത്
തിരുവനന്തപുരം ∙ ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ അജൻഡയിൽ എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല.
തിരുവനന്തപുരം ∙ ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ അജൻഡയിൽ എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല.
തിരുവനന്തപുരം ∙ ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ അജൻഡയിൽ എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല.
തിരുവനന്തപുരം ∙ ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ അജൻഡയിൽ എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. ആർജെഡി നേതാവ് ഡോ.വർഗീസ് ജോർജ് വിഷയം യോഗത്തിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എൻസിപി നേതാവ് പി.സി.ചാക്കോയും പിന്നീട് വിഷയം ഉന്നയിച്ചു.
മറ്റു ഘടകകക്ഷികളാരും അജിത് കുമാർ വിഷയത്തെപ്പറ്റി സംസാരിച്ചില്ല. യോഗം ആരംഭിച്ചപ്പോൾ അധ്യക്ഷനായ മുഖ്യമന്ത്രി അജൻഡ വായിച്ചു. വയനാട് പുനരുദ്ധാരണം, വയനാട് ഉപതിരഞ്ഞെടുപ്പ്, നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ എന്നിവയായിരുന്നു അജൻഡയിലുണ്ടായിരുന്നത്. ആദ്യം അജിത് കുമാർ വിഷയം സംസാരിച്ചത് വർഗീസ് ജോർജാണ്.
മുന്നണിയിൽനടന്ന ചർച്ച ഇങ്ങനെ:
വർഗീസ് ജോർജ്: മുന്നണിയുടെ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗമാണിത്. ഇപ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ വിഷയം എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതാണ്. ആർഎസ്എസിന്റെ വളർച്ച കേരളത്തിൽ നടക്കുകയാണ്. ബിജെപിക്ക് വോട്ട് വിഹിതം വർധിക്കുന്നു. എഡിജിപി കണ്ടിരിക്കുന്നത് ചെറിയ ആളുകളെയല്ല. ആർഎസ്എസ് ദേശീയ നേതാക്കളെയാണ്. അതിനാൽ അജിത് കുമാർ വിഷയം ഈ പൊളിറ്റിക്കൽ ബോഡിയിൽ ചർച്ച ചെയ്യേണ്ടതല്ലേ? യോഗത്തിന്റെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തണം.
ബിനോയ് വിശ്വം: വലിയൊരു പ്രശ്നമാണിത്. എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് യോജിച്ച കാര്യമല്ല നടന്നിരിക്കുന്നത്. വിഷയം ചർച്ച ചെയ്യണം.
മുഖ്യമന്ത്രി: പൊലീസിന്റെ അന്വേഷണ പരിധിയിൽ എഡിജിപി–ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ചാ വിഷയവും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.
പിന്നീട് മറ്റ് വിഷയങ്ങൾ വിവിധ നേതാക്കൾ സംസാരിച്ചു.
പി.സി.ചാക്കോ: തൃശൂർപൂരം കലക്കാൻ കൂട്ടുനിന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപമുണ്ട്. ആരോപണ വിധേയരിൽ പ്രധാനി അജിത് കുമാറാണ്. ആർഎസ്എസ് ഉന്നത നേതാക്കളുമായി എഡിജിപി ചർച്ച നടത്തിയത് ഗൗരവമുള്ള വിഷയമാണ്. ഇതേക്കുറിച്ച് അന്വേഷണം നടക്കേണ്ടതല്ലേ?
മുഖ്യമന്ത്രി: ഇതു സംബന്ധിച്ച പരാതികൾ സർക്കാരിനു മുന്നിലുണ്ട്. അന്വേഷണം നടക്കുകയാണ്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ അന്വേഷണം നടത്താൻ കഴിയൂ. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ അത് പരിശോധിച്ചശേഷം നടപടിയുണ്ടാകും. കൃത്യമായ അന്വേഷണം നടക്കും.
മുഖ്യമന്ത്രി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയതോടെ പിന്നീട് ഈ വിഷയത്തിൽ ചർച്ച നടന്നില്ല. ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് പിന്നീട് ചർച്ച ചെയ്തത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.