മലയാളിയുടെ രുചിപ്പെരുമയിൽ മുന്നിൽ പാലടയും പരിപ്പും; ട്രെന്റിങ്ങായി മ്യൂറൽ ചിത്രങ്ങൾ നിറഞ്ഞ വസ്ത്രങ്ങൾ
Mail This Article
കോഴിക്കോട്∙ ഓണമെത്തിയതോടെ സജീവമായി പായസ വിപണിയും തുണിക്കടകളും. വസ്ത്രമേഖലയിൽ സ്ത്രീകൾക്കായി നിരവധി പുത്തൻ ട്രെൻഡുകളുണ്ടെങ്കിലും ഓണമായാൽ കേരള സാരി നിർബന്ധമാണ്. പലത തരത്തിലുള്ള സാരികൾ വിപണിയിലെത്തിക്കഴിഞ്ഞു. കൂടുതലും കോളജ് വിദ്യാർഥികളാണ് സാരികളിലെ പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുന്നത്.
ചിത്രങ്ങൾ നിറഞ്ഞ് സാരി
മ്യൂറൽ ചിത്രങ്ങൾ നിറഞ്ഞ സാരിയാണ് ഇത്തവണത്തെ പ്രത്യേകത. മയിലും മയിൽപ്പീലിയും ആലിലക്കണ്ണനുമെല്ലാം നിറഞ്ഞ സാരികൾക്ക് ആവശ്യക്കാർ ഏറെയാണ്. കോളജ് വിദ്യാർഥികളും യുവതികളുമാണ് ഇത്തരം സാരി തേടി വരുന്നതെന്ന് കോഴിക്കോട് മിഠായിത്തെരുവിലെ എറണാകുളം ടെക്സ്റ്റൈൽസ് സെന്റർ ജീവനക്കാരൻ ഹരീഷ് പറഞ്ഞു. പരമ്പരാഗത സാരികളും ധാരാളം ചെലവാകുന്നുണ്ട്. 300 രൂപ മുതലാണ് സാരികളുടെ വില. ഒരാഴ്ചയായി സാരികൾക്ക് ആവശ്യക്കാർ ഏറെയാണ്. പുതിയ പ്രിന്റഡ് സാരികളും ചെലവാകുന്നുണ്ട്. പ്രിന്റിങ്ങിന് അനുസരിച്ച് വിലയിലും വ്യത്യാസം വരും. ആയിരം രൂപ മുതൽ പ്രിന്റ്ഡ് സാരികൾ ലഭിക്കും.
മധുരം പകർന്ന് പായസ വിപണി
ഓണമായതോടെ പായസവിപണിയും ചൂടായി. ബേക്കറികളിലും മറ്റും പായസം ലഭ്യമാണെങ്കിലും പായസം മാത്രം വിൽക്കുന്നതിനായിപ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ധാരാളം കടകൾ തുറന്നിട്ടുണ്ട്. അടപ്രഥമൻ, പാലട എന്നിവയാണ് പ്രധാന വിൽപന. അതിനൊപ്പം കരിക്ക് പായസം, പഴംപായസം അടക്കമുള്ള ഇനങ്ങളും വിൽപനയ്ക്കുണ്ട്. അരലീറ്റർ, ഒരു ലീറ്റർ എന്നിങ്ങനെയാണ് വിൽപന.
കോഴിക്കോട് നഗരത്തിൽ പലയിടത്തായി നിരവധി പായസക്കടകളാണ് തുറന്നത്. ഓണമെത്തുന്നതിന് മുമ്പേ ആളുകൾ പായസം വാങ്ങാൻ തുടങ്ങി. ഇടയ്ക്ക് മഴ പെയ്യുന്നതാണ് കച്ചവടത്തിന് തിരിച്ചടിയാകുന്നതെന്ന് മിഠായിത്തെരുവിൽ പായസ വിൽപന നടത്തുന്ന ഗണേഷ് പറഞ്ഞു. പാലട, പരിപ്പ് പായസങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. പഴം, പൈനാപ്പിൽ, കാരറ്റ്, പാൽപായസം, അടപ്രഥമൻ എന്നീ പായസങ്ങളും ഉണ്ടാക്കാറുണ്ട്. പാലടയ്ക്ക് ലീറ്ററിന് 250, പരിപ്പിന് ലീറ്ററിന് 300 രൂപ വീതമാണ് വില. മുൻപ് ചില ദിവസങ്ങളിൽ 600 ലീറ്റർ പായസം വരെ വിറ്റിരുന്നു. എന്നാൽ ഇത്തവണ മഴ പെയ്യുന്നതിനാൽ കച്ചവടം മോശമാണ്. വരും ദിവസങ്ങളിൽ കാര്യമായ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. അര ലീറ്റർ, ഒരു ലീറ്റർ ടിന്നുകളിലാണ് പായസം നൽകുന്നത്. ഓർഡർ അനുസരിച്ചും ഉണ്ടാക്കി നൽകും.