‘അമ്മ ദുർനടപ്പുകാരിയെന്ന് പറഞ്ഞത് അംഗീകരിക്കാനാവില്ല’: 4 വയസ്സുകാരിയെ കൊന്ന കേസിൽ കാമുകന്റെ വധശിക്ഷ റദ്ദാക്കി
ചോറ്റാനിക്കരയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു
ചോറ്റാനിക്കരയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു
ചോറ്റാനിക്കരയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു
കൊച്ചി ∙ ചോറ്റാനിക്കരയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂർവമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപയും ഹൈക്കോടതി ശിക്ഷ വിധിച്ചു. പ്രതികൾ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു. അതേസമയം, പ്രതികൾ ഗൂഡാലോചന നടത്തിയെന്നും കുട്ടിയുടെ മരണത്തിൽ അറിവുണ്ടെന്നതിനു മതിയായ സാഹചര്യതെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയും ചെയ്തു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസും കുട്ടിയുടെ അമ്മയ്ക്കെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി.
2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്നു കരുതി മൂവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസിൽ കെ.ബാബു എന്നിവർക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. എറണാകുളം അഡീഷനല്‍ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നൽകിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുന്നതിനായി സർക്കാർ നൽകിയ റഫറൽ ഹർജിയുമായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുൻപാകെയെത്തിയത്.
യുവതിയും ഒന്നാം പ്രതിയായ കാമുകനും മറ്റൊരു കാമുകനായ മൂന്നാം പ്രതി സഹോദരനാണെന്നു തെറ്റിദ്ധരിപ്പിച്ചും ചോറ്റാനിക്കരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. യുവതി അനാശാസ്യ പ്രവർത്തികൾ ചെയ്തിരുന്നെന്നും പ്രോസിക്യൂഷൻ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന കാട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കുട്ടിയെ കൊലപ്പെടുത്തിയെന്നു മനസ്സിലായെന്നു പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നിരത്തിയ ഈ തെളിവുകളൊന്നും നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട സാക്ഷിമൊഴികളുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള അനുമാനത്തിന്റെയും പേരിലാണ് കുട്ടിയുടെ അമ്മയെ ദുർനടപ്പുകാരി എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം സാക്ഷിമൊഴികൾ സാധൂകരിക്കാനുള്ള തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, ഒരാളുടെ മുൻകാല ചെയ്തികളുടെ അടിസ്ഥാനത്തിൽ മറ്റൊരു കുറ്റം ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ല. കുട്ടിയെ ഒഴിവാക്കലായിരുന്നു ലക്ഷ്യമെങ്കിൽ മുൻ ഭർത്താവിന്റെ വീട്ടിൽ ഏൽപ്പിച്ചാൽ മതിയായിരുന്നു. ഇളയ കുട്ടിയെ ഭർതൃവീട്ടുകാരാണ് നോക്കുന്നത്. എന്നാൽ മരിച്ച കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾക്ക് അമ്മ ശ്രദ്ധ കൊടുത്തിരുന്നെന്നു കാണാം. അതുകൊണ്ടു തന്നെ അമ്മ ദുർനടപ്പുകാരിയായതുകൊണ്ട് കുട്ടിയെ ഒഴിവാക്കാനുമായി കൊലപ്പെടുത്തിയെന്നത് നിലനിൽക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, പ്രതിയായ യുവതി സ്ത്രീത്വത്തിന് അപമാനമാണെന്നും അമ്മ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നുമുളള വിചാരണക്കോടതിയുടെ നിരീക്ഷണം അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
കുട്ടി കൊല്ലപ്പെട്ടതിനുള്ള സാഹചര്യ തെളിവുകൾ ശക്തമാണ് എന്നതിന് പ്രധാനമായും ചൂണ്ടിക്കാട്ടിയത് ശരീരത്തിലെ മുറിവുകളും പ്രതികളുടെ ഫോൺ വിളികളുമാണ്. 25 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ തലയ്ക്കേറ്റ ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഭിത്തിയിൽ പലതവണ തലയിടിപ്പിച്ചതു പോലുള്ള മുറിവാണിത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് ഫൊറൻസിക് മെഡിസിനിലെ അസി.പ്രഫസർ കുട്ടിക്കേറ്റ പരുക്ക് വീഴ്ചയിൽ നിന്നുണ്ടായതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടിയുടേത് കൊലപാതകമാണെന്നത് തെളിയുന്നെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകം നടന്നു എന്നു കരുതുന്ന 2013 ജനുവരി 29നു വൈകിട്ട് 3.22 മുതൽ 5.48 വരെ ഒന്നാം പ്രതി രഞ്ജിതും കുട്ടിയുടെ അമ്മയും തമ്മിൽ 15 തവണ ഫോൺ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം പ്രതി കുട്ടിയെ സ്കൂൾ ബസിൽനിന്ന് വിളിച്ചു വീട്ടിൽ കൊണ്ടുവന്ന് ഒന്നാം പ്രതിയെ ഏൽപ്പിച്ചതിനു ശേഷമാണ്. ഈ ഫോൺ കോളുകൾക്ക് ശേഷം 30ന് വെളുപ്പിനെ ഒന്നാം പ്രതി കുട്ടിയുടെ അമ്മയെ നിരന്തരമായി വിളിച്ചിരുന്നു. ഇതിൽ നിന്നു തന്നെ വീട്ടിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ട്. കുട്ടിയെ കൊലപ്പെടുത്തുന്നതും മൃതദേഹം മറവു ചെയ്യുന്നതും സംബന്ധിച്ച് മൂവരും ഗൂഡാലോചന നടത്തിയെന്നതും വ്യക്തമാണ്.
അതേസമയം, ഒന്നാം പ്രതിക്കെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച വിചാരണ കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ഇത്തരത്തിലൊരാൾ ലൈംഗികാതിക്രമം നടത്താൻ സാധ്യതയുണ്ടെന്നും അങ്ങനെയില്ലെങ്കിൽ അത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ് എന്നുമാണ് വിചാരണ കോടതി വ്യക്തമാക്കിയത്. കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ താൻ അത്തരത്തിലൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പിതാവ് കോടതിയില്‍ പറഞ്ഞത്. കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും. എന്നാൽ അതിനുള്ള ശ്രമമുണ്ടായോ എന്നത് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു വിചാരണ കോടതി വിധി പറഞ്ഞത് എന്ന് ഹൈക്കോടതി വ്യക്തമാക്കി.
മാതാവായിട്ടും കുട്ടിയെ മർദ്ദിക്കുകയും ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ തടയാൻ ശ്രമിക്കാതിരിക്കുകയും അതുവഴി മരണത്തിനു കാരണമാവുകയും ചെയ്തു എന്ന് വ്യക്തമാക്കി അമ്മയെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷിച്ച വിചാരണ കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. ഇതിന് ആവശ്യമായ തെളിവുകളൊന്നും ഹാജരാക്കാതെ പൊതുവായ മട്ടിലാണ് വിചാരണ കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.