‘എഡിജിപി വിഷയം സിപിഐയുടെ സല്‍പേരിന് കളങ്കം; വെറുംവാക്ക് പറഞ്ഞ ചരിത്രം പാർട്ടിക്കില്ലായിരുന്നു’
എഡിജിപി അജിത് കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്‌വഴക്കമാണ് മുൻപുണ്ടായിരുന്നതെന്നും വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
എഡിജിപി അജിത് കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്‌വഴക്കമാണ് മുൻപുണ്ടായിരുന്നതെന്നും വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
എഡിജിപി അജിത് കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്‌വഴക്കമാണ് മുൻപുണ്ടായിരുന്നതെന്നും വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
തിരുവനന്തപുരം∙ എഡിജിപി എം.ആർ. അജിത്കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്‌വഴക്കമാണ് മുൻപുണ്ടായിരുന്നതെന്നും വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തിലും തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണത്തിലും എഡിജിപി എം.ആര്‍.അജിത്കുമാറിനെ ഒരു തരത്തിലും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. എഡിജിപിയെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റി നിര്‍ത്താതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ജനങ്ങള്‍ക്കും ഘടകകക്ഷികള്‍ക്കും എല്‍ഡിഎഫിനും സ്വീകാര്യമായിട്ടില്ലെന്നും കെ.ഇ.ഇസ്മയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താതെയുള്ള അന്വേഷണത്തിനു പ്രസക്തിയില്ല. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. അതേസമയം, മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട ഒരു കാര്യവുമില്ലെന്നും നിലവിലുള്ള രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ മാറിചിന്തിക്കുന്ന പ്രശ്‌നമേയില്ലെന്നും ഇസ്മയില്‍ പറഞ്ഞു.
∙ സിപിഐ വെറുംവാക്ക് പറയാറില്ലായിരുന്നു, ഇപ്പോഴങ്ങനെയല്ല
വിഷയത്തില്‍ സിപിഐ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്ന സ്ഥിതിയല്ലേ എന്ന ചോദ്യത്തിന് അതു പാര്‍ട്ടി നേതൃത്വം പറയേണ്ട കാര്യമാണെന്നായിരുന്നു ഇസ്മയിലിന്റെ മറുപടി. ‘‘ ഞാനിപ്പോള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇല്ല. പാര്‍ട്ടി എടുക്കുന്ന തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്‌വഴക്കമാണ് മുൻപുണ്ടായിരുന്നത് എന്നാണ് പഴയകാല കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ പറയാനുള്ളത്. എല്‍ഡിഎഫ് ഉണ്ടായ കാലം മുതല്‍ കുറച്ചു വര്‍ഷങ്ങള്‍ മുൻപുവരെ അതില്‍ പങ്കെടുത്തിരുന്ന ആളാണ് ഞാന്‍. വിവിധ എല്‍ഡിഎഫ് കണ്‍വീനര്‍മാര്‍ക്കൊപ്പം സഹകരിച്ചിട്ടുണ്ട്. അന്നൊക്കെ ഗൗരവമായി ഒരു നിലപാട് സ്വീകരിച്ചാല്‍ അതില്‍നിന്നു വ്യതിചലിക്കാന്‍ സമ്മതിച്ചിരുന്നില്ല. വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി പികെവിക്കും വെളിയം ഭാര്‍ഗവനും ഞങ്ങള്‍ക്കൊന്നും ഉണ്ടായിട്ടില്ല. വളരെ ആലോചിച്ചാവും അഭിപ്രായം പറയുക. പറഞ്ഞു കഴിഞ്ഞാല്‍ ആ അഭിപ്രായത്തില്‍ ഒരു വ്യക്തത ഉണ്ടാക്കാതെ മറ്റൊരു വിഷയത്തിലേക്കു കടക്കില്ല. ഇപ്പോള്‍ എന്തു പറഞ്ഞാലും അതു പ്രശ്‌നമല്ല എന്ന അവസ്ഥയില്‍ പോകുന്നത് ഭംഗിയാണോ എന്ന് സംശയമുണ്ട്. നിലപാടുകള്‍ എടുത്താല്‍ പിന്നെ വിട്ടുവീഴ്ചയ്ക്ക് സ്ഥാനമില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതു കേട്ട് ഇറങ്ങിപ്പോന്നു എന്ന വികാരമാണ് ജനങ്ങള്‍ക്കുണ്ടായത്. എന്താണതിന്റെ വസ്തുത എന്നറിയില്ല. വിഷയത്തില്‍ മറുപടി പറയേണ്ടത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്’’ - ഇസ്മയില്‍ പറഞ്ഞു.
∙ എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച യാദൃശ്ചികമല്ല
‘‘രണ്ടു മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി കേരളാ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തുന്നത് വെറും യാദൃശ്ചികമല്ല. വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നു പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ആര്‍എസ്എസിന്റെ മുഖ്യമായ അജന്‍ഡ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ്. കമ്യൂണിസം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. മുസ്ലിമിനെയും ക്രിസ്ത്യാനികളെയും കമ്യൂണിസത്തെയും തകര്‍ക്കുക എന്ന ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കന്മാരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കാണുന്നത് സാധാരണ നിലയിലുള്ള കൂടിക്കാഴ്ചയാണെന്ന് കരുതാനാവില്ല. ആര്‍എസ്എസ് നേതാക്കളെ എന്തിനു കണ്ടുവെന്ന് പറയാന്‍ എഡിജിപിക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സര്‍ക്കാരിനും ബാധ്യതയുണ്ട്. ആ സാഹചര്യത്തിലാണ് അത് രാഷ്ട്രീയ വിഷയമാകുന്നത്. അത്തരമൊരു പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ക്രമസമാധാനച്ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തണം ’’ - ഇസ്മയില്‍ പറഞ്ഞു.
∙ എഡിജിപിയുടെ പൂരം റിപ്പോർട്ട് ജനം വിശ്വസിക്കില്ല
തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി സിപിഐ സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറും പാര്‍ട്ടി ജില്ലാഘടകവും പറയുന്നു. അന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ അവിടെ ഉണ്ടായിരുന്നു. പ്രശ്‌നം കമ്മിഷണറുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. മറ്റാരുടെയൊക്കെയോ ഇടപെടല്‍ സംബന്ധിച്ച ദുരൂഹത നിലനില്‍ക്കെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനെ കൊണ്ടു തന്നെ അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് വാങ്ങുന്നതില്‍ എന്താണു പ്രസക്തി. അത്തരമൊരു റിപ്പോര്‍ട്ട് ജനങ്ങള്‍ വിശ്വസത്തിലെടുക്കില്ല. ജനങ്ങള്‍ക്കു വിശ്വസമുള്ള രീതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുകയാണ് വേണ്ടത്. എഡിജിപിയെ ആയിരുന്നില്ല അന്വേഷണത്തിന് ചുമതലപ്പെടുത്തേണ്ടിയിരുന്നതെന്നും ഇസ്മയില്‍ പറഞ്ഞു.
∙ പാർട്ടിയിൽ പുതുതലമുറ നേതാക്കൾ, പ്രശ്നങ്ങൾ സ്വാഭാവികം
പി.വി.അന്‍വര്‍ പറഞ്ഞതാണെങ്കിലും മുഖ്യമന്ത്രി പറഞ്ഞതാണെങ്കിലും എല്ലാ വിഷയങ്ങളും പൊതുസമൂഹത്തിനു മുന്നിലേക്ക് എത്തിയില്ലേ. ഇനി ആര് ഒതുക്കിയാലും പൂഴ്ത്തിവച്ചാലും രാജ്യത്തെ ജനങ്ങള്‍ അതു ചര്‍ച്ച ചെയ്യുമല്ലോ. അന്തിമവിധികര്‍ത്താക്കള്‍ ജനങ്ങള്‍ തന്നെയാണ്. അത് ഓര്‍ത്തുവച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്ന് മാത്രമാണ് പറയാനുളളതെന്നും കെ.ഇ.ഇസ്മയില്‍ വ്യക്തമാക്കി. ഒരാള്‍ തന്നെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അടക്കിവാഴുന്നത് ഇടത് സ്വഭാവമാണോ എന്ന ചോദ്യത്തിന് പഴയ കാലത്തെ പോലെയുള്ള പാര്‍ട്ടികള്‍ അല്ലല്ലോ ഇപ്പോള്‍ ഉള്ളത് എന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. ഇപ്പോള്‍ പുതുതലമുറ നേതാക്കള്‍ അല്ലെ. സിപിഎമ്മിലാണെങ്കിലും സിപിഐയില്‍ ആണെങ്കിലും പഴയ അനുഭവങ്ങള്‍ ഉള്ള ആളുകള്‍ വളരെ കുറവാണ്. അതിന്റേതായ പ്രശ്‌നങ്ങള്‍ സ്വാഭാവികമായി വരുമല്ലോ എന്നും ഇസ്മയില്‍ പറഞ്ഞു.