ADVERTISEMENT

കോട്ടയം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരു വർ‌ഷം ബാക്കി നിൽക്കെ വാഗ്ദാനങ്ങൾ നിറവേറ്റാനും പദ്ധതികൾ പൂർത്തിയാക്കാനും ജനപ്രതിനിധികൾക്കു നിർദേശം നൽകി സിപിഐ. 2025 ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒക്ടോബർ അവസാനത്തിലായിരിക്കും നടക്കുക. ഇതിനു മുന്നോടിയായാണ് എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സിപിഐ പ്രതിനിധികളായ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്കു പാർട്ടി നിർദേശം ലഭിച്ചിരിക്കുന്നത്. 

അവസാന ഒരു വർഷം ജനങ്ങൾക്കിടയിൽ സജീവമായി ഇടപെടൽ നടത്തണമെന്നും പോരായ്മകൾ ഉണ്ടാകരുതെന്നും പാർട്ടി നിർദേശിക്കുന്നു. ജനകീയ പദ്ധതികൾ പ്രഖ്യാപിക്കണം, തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ ജനകീയ പദ്ധതികൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം, ഉദ്ഘാടനങ്ങൾ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ ശ്രദ്ധിക്കണം, പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ നടപ്പാക്കിയോ എന്നു പരിശോധിക്കണം, വാഗ്ദാനങ്ങൾ ബാക്കിയുണ്ടെങ്കിൽ നടപ്പിലാക്കാൻ ശ്രമിക്കണം എന്നിവയാണു നിർദേശങ്ങൾ.

സീറ്റുകളിൽ മാറ്റമില്ല

തദ്ദേശ തിരഞ്ഞെടുപ്പ് അജൻഡയാക്കി സിപിഐയുടെ ജില്ലാ ക്യാംപുകൾ പൂർത്തിയായി. ഇനി മണ്ഡലം ക്യാംപുകളാണു സംഘടിപ്പിക്കാൻ പോകുന്നത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു കടന്നുവന്ന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുവിഭജനം സംബന്ധിച്ചു പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സ്റ്റാറ്റസ്കോ പാലിക്കുമെന്നതിനാൽ ഇത്തവണ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണു വിലയിരുത്തൽ. 2020ൽ പാർട്ടി മത്സരിച്ച എല്ലാ സീറ്റുകളും ഇത്തവണയും മത്സരിക്കാൻ ലഭിക്കുമെന്നാണു കണക്കുക്കൂട്ടൽ. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 2020നെക്കാൾ മെച്ചപ്പെട്ട പ്രകടനവും സിപിഐ പ്രതീക്ഷിക്കുന്നുണ്ട്.

എൽഡിഎഫ് കൺവീനർ പദവി സിപിഐ നേതാക്കൾ വഹിക്കുന്ന ജില്ലകളിൽ പാർട്ടി മുൻകൈയ്യെടുത്ത് സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രദേശിക പ്രശ്നങ്ങൾ പരിഹരിച്ചു തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

തോറ്റ കണക്കുകൾ നിരത്തി

കഴിഞ്ഞ തവണ പാർട്ടി വിജയിച്ചതും പരാജയപ്പെട്ടതുമായ സീറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ ശേഖരിച്ചിട്ടുണ്ട്. പരാജയപ്പെട്ട വാർഡുകളിൽ 10 വോട്ടിനുതാഴെ ഭൂരിപക്ഷത്തിൽ തോറ്റത്, 50 വോട്ടിനു താഴെ, നൂറു വോട്ടിനു താഴെ, നൂറു വോട്ടിനു മുകളിൽ എന്നിങ്ങനെ യഥാക്രമം തരംതിരിച്ചിട്ടുമുണ്ട്. ഇതനുസരിച്ചായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. മുന്നണിയിലെ പടലപിണക്കം കാരണം പരാജയപ്പെട്ട സീറ്റുകൾ‌, സ്ഥാനാർഥിയുടെ പോരായ്മ കാരണം കൈവിട്ടു പോയ സീറ്റുകൾ, മറ്റു വിഷയങ്ങൾ കാരണം തോറ്റ സീറ്റുകൾ എന്നിങ്ങനെയും തരംതിരിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഈ വിവരം പാർട്ടി ക്രോഡീകരിച്ചിരുന്നു. അന്ന് ഈ പട്ടിക വിലയിരുത്തലിനാണ് ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ പോരായ്മ മറികടന്നു വിജയിക്കാനാണ് ഉപയോഗിക്കുന്നത്. 

വാർഡ് പുനർ‌നിർണയം ശ്രദ്ധിക്കണം

വാർഡ് പുനർനിർണയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നാണു മുന്നറിയിപ്പ്. ഡീലിമിറ്റേഷൻ കമ്മിറ്റിക്കു മുൻപാകെ നൽകേണ്ട നിർദേശങ്ങൾ, ഇടപെടലുകൾ എന്നീ കാര്യങ്ങളിൽ പ്രാദേശിക അടിസ്ഥാനത്തിൽ ധാരണ വേണം. പാർട്ടി ഭാരവാഹികളായ പുതുമുഖങ്ങൾക്ക് ഇതുസംബന്ധിച്ചു വ്യക്തമായ ക്ലാസും നൽകണമെന്നും നിർദേശമുണ്ട്.

English Summary:

CPI Gears Up for 2025 Kerala Local Body Elections: Focus on Promises and Public Engagement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com