ചെന്നൈ ∙ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുകയാണ്. തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാളാണ് ഏറ്റവുമൊടുവിൽ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘എൻകൗണ്ടർ’ എന്ന ഓമനപ്പേരിൽ പൊലീസ് ഏറ്റുമുട്ടലുകൾ കളം നിറയുമ്പോൾ, തമിഴകത്ത് വെടിയൊച്ചകൾ നിലയ്ക്കുന്നില്ല.

ചെന്നൈ ∙ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുകയാണ്. തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാളാണ് ഏറ്റവുമൊടുവിൽ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘എൻകൗണ്ടർ’ എന്ന ഓമനപ്പേരിൽ പൊലീസ് ഏറ്റുമുട്ടലുകൾ കളം നിറയുമ്പോൾ, തമിഴകത്ത് വെടിയൊച്ചകൾ നിലയ്ക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുകയാണ്. തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാളാണ് ഏറ്റവുമൊടുവിൽ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘എൻകൗണ്ടർ’ എന്ന ഓമനപ്പേരിൽ പൊലീസ് ഏറ്റുമുട്ടലുകൾ കളം നിറയുമ്പോൾ, തമിഴകത്ത് വെടിയൊച്ചകൾ നിലയ്ക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുകയാണ്. തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാളാണ് ഏറ്റവുമൊടുവിൽ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘എൻകൗണ്ടർ’ എന്ന ഓമനപ്പേരിൽ പൊലീസ് ഏറ്റുമുട്ടലുകൾ കളം നിറയുമ്പോൾ, തമിഴകത്ത് വെടിയൊച്ചകൾ നിലയ്ക്കുന്നില്ല. കാട്ടുകള്ളൻ വീരപ്പൻ, കാക്കാത്തോപ്പ് ബാലാജി, സീസിങ് രാജ, സൺഡേ സതീഷ് തുടങ്ങി തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച ക്രിമിനൽ പശ്ചാത്തലമുള്ളവർ നിരവധിയാണ്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ചരിത്രത്തിന് ഏതാണ്ട‌് 45 വർഷത്തിന്റെ കഥ പറയാനുണ്ട്.

∙ തുടക്കം നക്സലുകളിൽ

വർഷം 1979. തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥനായ ദേവറാമിന്റെ നേതൃത്വത്തിൽ നക്സലുകൾക്കെതിരെ നടന്ന നടപടിയാണ് തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തുടക്കമായി കണക്കാക്കുന്നത്. അന്ന് തോക്കുകൾ കൊള്ളയടിച്ച നക്സലുകളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. 1984 ൽ കൊലപാതക കേസ് പ്രതിയായ ശിവലപ്പേരി പാണ്ടി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 1996ൽ റൗഡി ആസിത്തമ്പിയും കൂട്ടാളികളായ മറ്റു രണ്ടു ഗുണ്ടകളും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതേ വർഷം തന്നെ ‘ജിം ബാഡി’ കപിലൻ ചെന്നൈയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2002 ൽ കുപ്രസിദ്ധ ഗുണ്ട ഇമാം അലി ഉൾപ്പെടെ അഞ്ചു പേരാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. 2003ൽ തൂത്തുക്കുടിയിൽ വച്ച് വെങ്കിടേശനും പിന്നാലെ അയോധ്യക്കുപ്പത്തെ വീരമണിയും പൊലീസ് വെടിവയ്പ്പിൽ മരിച്ചിരുന്നു.‌

ADVERTISEMENT

∙ ഓപ്പറേഷൻ കൊക്കൂൺ

അതുവരെ പൊലീസ് ഏറ്റുമുട്ടലുകളിൽ പ്രാദേശിക ഗുണ്ടാ നേതാക്കളോ കൊലപാതക കേസ് പ്രതികളോ ആണ് കൊല്ലപ്പെട്ടതെങ്കിൽ, 2004 ഒക്‌ടോബർ 18ന് നടന്ന ഏറ്റുമുട്ടൽ ഇന്ത്യയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ചരിത്രത്തിലെ തന്നെ നിർണായക ദിവസമായി മാറി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നാകെ വിറപ്പിച്ച കാട്ടുകള്ളൻ വീരപ്പനും കൂട്ടാളികളുമാണ് അന്ന് പാപിരപ്പട്ടി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വീരപ്പനെ പിടികൂടാൻ രൂപീകരിച്ച സ്പെഷൽ ടാസ്ക് ഫോഴ്‌സിന്റെ മേധാവി മലയാളിയായ ഐപിഎസ് ഓഫിസർ കെ.വിജയകുമാർ ആയിരുന്നു. രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന വീരപ്പൻ ആശുപത്രിയിൽ ചികിൽസ തേടാൻ പദ്ധതിയിടുന്നെന്ന വിവരം സ്പെഷൽ ടാസ്ക് ഫോഴ്‌സിനു ലഭിച്ചു. വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞുകയറിയിരുന്ന പൊലീസുകാരാണ് വിവരം ദൗത്യസംഘത്തിനു നൽകിയത്.

വീരപ്പൻ (ഫയൽ ചിത്രം)

ധർമപുരിയിലെ പാപിരപ്പട്ടി ഗ്രാമത്തിൽ വീരപ്പനു പോകാനായി ആംബുലൻസ് എത്തിയിരുന്നു. അവിടെ കാത്തിരുന്ന ദൗത്യസംഘവും പൊലീസും വീരപ്പനെയും സംഘത്തെയും വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ പൊലീസിനു നേരേ വെടിയുതിർത്തു. പൊലീസ് തിരിച്ചു നടത്തിയ വെടിവയ്പിലാണ് വീരപ്പനും സംഘാംഗങ്ങളും കൊല്ലപ്പെട്ടത്. ദൗത്യസംഘത്തലവൻ കെ.വിജയകുമാറിന് 2005 ൽ ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ പൊലീസ് മെഡൽ ലഭിച്ചു. ഓപ്പറേഷൻ കൊക്കൂണിനു ശേഷം തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെയാണ് നടന്നത്.

ADVERTISEMENT

∙ തീ തുപ്പും തുപ്പാക്കി

2006 ഡിസംബറിൽ 'പങ്ക്' കുമാർ എന്ന കൊതവാൽ ചാവടി കുമാറിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ‍മനുഷ്യക്കടത്ത്, കൊലപാതക കേസുകളിലെ പ്രതിയായ വെള്ളരവിയും കൂട്ടാളി ഗുണയും 2007 ഓഗസ്റ്റിന് ഹൊസൂരിന് സമീപം വെടിയേറ്റ് മരിച്ചു. 2008 ജൂലൈയിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 28 കേസുകളിൽ പ്രതിയായ ബാബ സുരേഷിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. 2010 ഫെബ്രുവരി 16ന്, വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഡിണ്ടിഗൽ പാണ്ടി, ഗുഡുവഞ്ചേരി വേളി എന്നിവരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. അതേ വർഷം തന്നെ കോവിൽപട്ടിക്ക് സമീപം ഗുണ്ടാനേതാവ് ചതുർ കുമാറിനെയും പോലീസ് വെടിവെച്ചുകൊന്നു. നവംബറിൽ കോയമ്പത്തൂരിന് സമീപം 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഡ്രൈവർ മോഹൻരാജും തമിഴ്നാട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2006 നും 2010 നും ഇടയിൽ മാത്രം 29 പേരാണ് തമിഴ്നാട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്.

2012ൽ ശിവഗംഗ പൊലീസ് കോൺസ്റ്റബിൾ സൽപിൻ സുധനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രഭുവും ഭാരതിയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2012 ഫെബ്രുവരിയിൽ, വിവിധ ബാങ്ക് കവർച്ചകളിൽ ഉൾപ്പെട്ടിരുന്ന ബിഹാറിൽ നിന്നുള്ള അഞ്ചു പേർ ചെന്നൈ വേളാച്ചേരിയിൽ വച്ച് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2018 മാർച്ചിൽ മധുരയിലെ കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ഇരുളണ്ടിയും ശകുനി കാർത്തിയും പൊലീസിന്റെ വെടിയേറ്റു മരിച്ചു. അതേ വർഷം ജൂലൈയിൽ ചെന്നൈ തരമണിയിൽ വച്ച് റൗഡി റായപ്പേട്ട ആനന്ദൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2019 മെയിൽ സേലത്തെ ഗരിപ്പട്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ റൗഡി കതിർവേലനും മരിച്ചു.

ADVERTISEMENT

∙ ചെന്നൈ പൊലീസ് ഗലാട്ട

2019 മുതൽ 2024 വരെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമായി ന‌ടന്ന 10 ഏറ്റുമുട്ടലുകളിൽ 14 പേരാണ് കൊല്ലപ്പെട്ടത്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി വ്യാസർപാടി വല്ലരസുവിനെ ചെന്നൈ മാധവാരത്തു നടന്ന ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചിരുന്നു. 2020 ഓഗസ്റ്റിൽ ചെന്നൈ ന്യൂ ആവഡി റോഡിൽ വെച്ച് പൊലീസ് കോൺസ്റ്റബിളിനെ കത്തികൊണ്ട് ആക്രമിച്ചുവെന്നാരോപിച്ച് ഗുണ്ടാ ശങ്കറിനെ സിറ്റി പൊലീസ് വെടിവച്ചു കൊന്നു. ശ്രീ പെരുമ്പത്തൂരിന് സമീപം മേവലൂർകുപ്പം ഗ്രാമത്തിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ, ജാർഖണ്ഡ് സ്വദേശിയായ മുർത്താസ എന്ന മോഷ്ടാവിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.‌ ‌

2022 ജനുവരിയിൽ ചെങ്കൽപെട്ട് മാമണ്ടൂരിന് സമീപം നടന്ന ഇരട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. ദിനേശ് എന്ന ഗുണ്ടാ ഡീന, ബിസ്കറ്റ് എന്ന മുഹമ്മദ് മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 2023 ഓഗസ്റ്റിൽ ഗുഡുവഞ്ചേരിയിൽ വച്ച് ഛോട്ടാ വിനോദ്, രമേഷ് എന്നീ ഗുണ്ടകളെയും പൊലീസ് വകവരുത്തി. ഇതിൽ ഛോട്ടാ വിനോദ് 10 കൊലപാതക കേസുകളിലടക്കം ഉൾപ്പെട്ട എ ക്ലാസ് ലിസ്റ്റിൽ പെട്ട ഗുണ്ടാ നേതാവായിരുന്നു. കൊല്ലപ്പെട്ട രമേഷിനെതിരെ 20ഓളം ക്രിമിനൽ കേസുകളും ഉണ്ടായിരുന്നു. 2023 ഒക്ടോബറിൽ കൊലപാതക കേസ് പ്രതിയായ സൺഡേ സതീഷ് എന്ന സതീഷിനെയും പൊലീസ് കൊലപ്പെടുത്തി. 2023 സെപ്റ്റംബറിൽ കുള്ള വിശ്വൻ എന്ന ഗുണ്ടയെ സുങ്കുവർഛത്രത്തിന് സമീപത്ത് വച്ച് തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഡിസംബറിൽ കറുപ്പ് ഹസൻ എന്ന രഘുവരനെയും കാഞ്ചീപുരത്ത് വച്ച് പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.

കെ.ആംസ്ട്രോങ്

2024 ജൂലൈയിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തിരുവേങ്കടത്തെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. 2024 സെപ്റ്റംബറിൽ 18 ന്, കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജിയെ വ്യാസർപാടിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പൊലീസ് വെടിവച്ചു കൊന്നു. ബാലാജി 50-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം ഒളിവിൽ കഴിയുകയായിരുന്ന ബാലാജിയെ അതിസാഹസികമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു ഏറ്റുമുട്ടലിൽ റൗഡി സീസിങ് രാജയും കൊല്ലപ്പെട്ടു. തോക്കുചൂണ്ടി പണംതട്ടിയ കേസിൽ ആന്ധ്രയിൽ അറസ്റ്റിലായ രാജയെ ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പൊലീസ് വെടിവച്ചത്. ഒടുവിലിതാ തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാള്‍ നാമക്കലിൽ വച്ച് ന‌ടന്ന പൊലീസ് വെടിവയ്പ്പിനിടെ കൊലപ്പെട്ടിരിക്കുകയാണ്.

ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ചോദ്യം ചെയ്ത് നിരവധി മനുഷ്യാവകാശ സംഘടനകളും ഇതിനിടെ രംഗത്ത് വന്നു. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും സമീപനം പലപ്പോഴും നിശിതമായ ഭാഷയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ വെടിയൊച്ചകൾ തമിഴകത്തു നിലയ്ക്കുന്നില്ലെന്നാണ് അടുത്തിടെ ഉണ്ടാകുന്ന സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ കുറ്റവാളികൾക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശ നിയമങ്ങൾ ബാധകമല്ലേ എന്ന കാതലായ ചോദ്യവും പൊതുസമൂഹത്തിൽ ഉയരുകയാണ്.

English Summary:

Encounters in Tamil Nadu