പ്രളയത്തിൽ മുങ്ങി നേപ്പാൾ, മരണം 204 ആയി; ജലനിരപ്പ് അപകടരേഖയ്ക്കു മുകളിൽ
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിൽ 4 പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിന് 3 ദിനം പിന്നിട്ടിട്ടും ശമനമില്ല. മരിച്ചവരുടെ എണ്ണം 204 ആയി. 33 പേരെ കാണാതായി. 89 പേർക്കു പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. നൂറുകണക്കിനു വീടുകളും പാലങ്ങളും തകർന്നു. റോഡുകളും റെയിൽപാതകളും തകർന്നതിനാൽ പലയിടത്തും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. രാജ്യത്തെ പ്രധാന നദിയായ ഭാഗ്‍മതി ഉൾപ്പെടെയുള്ളവയിലെ ജലനിരപ്പ് അപകടരേഖയ്ക്കു മുകളിൽ തുടരുന്നു.
കഠ്മണ്ഡു നഗരത്തിലേക്കുള്ള പ്രധാന പാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. ആയിരക്കണക്കിനു സഞ്ചാരികൾ പലയിടത്തായി കുടുങ്ങിക്കിടക്കുന്നു. 20 ജലവൈദ്യുത പദ്ധതികളുടെ പവർഹൗസുകൾക്കു നാശമുണ്ടായതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഭക്ഷണത്തിനും ശുദ്ധജലത്തിനും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.