എന്ത് പരിഷ്കരണവും പുരോഗതിയുമാണ് ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നത്?: മതവിധി പരാമർശത്തിൽ ജലീലിന്റെ മറുപടി
Mail This Article
മലപ്പുറം ∙ സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫത്‌വ (മതവിധി) പുറപ്പെടുവിക്കണമെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം ലീഗ്–കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനത്തിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ ഉള്‍പ്പെടുന്നവരാണെന്ന് ജലീൽ പറഞ്ഞു. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നതെന്നും ജലീൽ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ചോദിച്ചു.
സ്വർണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നു നൂറുകണക്കിനു മഹല്ലുകളുടെ ഖാസി കൂടിയായ സാദിഖലി തങ്ങൾ നിർദേശിക്കണമെന്നായിരുന്നു കെ.ടി.ജലീൽ എംഎൽഎ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അങ്ങനെ പറഞ്ഞാൽ മലപ്പുറത്തെക്കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിപിഎം നിലപാടിൽ സമുദായത്തെ കുരുക്കാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നതെന്നായിരുന്നു മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ പ്രതികരണം. കെ.ടി.ജലീലിന്റെ നിലപാട് അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാമും സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
∙ കെ.ടി.ജലീലിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗം
‘‘ കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നത്? സ്വർണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലീംകളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ‘ഇതൊന്നും മതവിരുദ്ധമല്ല’ എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയാറാകണമെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് ‘ഇസ്ലാമോഫോബിക്ക്’ ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെക്കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.
ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുർആന്റെ മറവിൽ സ്വർണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാൻ മാധ്യമപ്പടയും മുസ്‌ലിം ലീഗും, കോൺഗ്രസും, ബിജെപിയും ഒരു മെയ്യായി നിന്നു നടത്തിയ ‘വേട്ട’ നടന്നപ്പോൾ ഈ നവസമുദായ സ്നേഹികൾ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം?’’–ജലീൽ പോസ്റ്റിൽ ചോദിച്ചു.