സുഹൃത്തിനോട് പക; 48 മണിക്കൂറിൽ കൗമാരക്കാരൻ ബോംബ് ഭീഷണി സന്ദേശമയച്ചത് 12 വിമാനങ്ങൾക്ക്
Mail This Article
മുംബൈ∙ വിമാനങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം അയച്ചതിന് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നു പകരം വീട്ടാൻ അയാളുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി കൗമാരക്കാരൻ ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഛത്തീസ്‌ഗഡ് സ്വദേശിയായ പതിനേഴുകാരനാണ് കസ്റ്റഡിയിൽ ഉള്ളത്.
48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ഇന്ത്യൻ വിമാനങ്ങള്‍ക്ക് അടിക്കടി ഉണ്ടാകുന്ന ബോംബ് ഭീഷണി ഗതാഗത മേഖലയെ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചതായും ഭീഷണി സന്ദേശങ്ങൾക്കു പിന്നിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് ഷിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. ഒരു ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള ഭീഷണി കാരണം ഏഴു വിമാനങ്ങളുടെ യാത്ര ചൊവ്വാഴ്ച തടസ്സപ്പെട്ടു. എയർ ഇന്ത്യയുടെ ഡൽഹി–ഷിക്കാഗോ വിമാനം, ദമാം–ലക്നൗ ഇൻഡിഗോ വിമാനം, അയോധ്യ–ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്, ദർബാംഗ–മുംബൈ സ്പെയ്സ് ജെറ്റ്, ഡൽഹി–ബെംഗളൂരു ആകാശ എയർലൈൻസ്, അമൃത്സർ–ഡൽഹി അലയൻസ് വിമാനം, മധുര–സിംഗപ്പൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ചൊവ്വാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങൾ വിവിധയിടങ്ങളിൽ നിലത്തിറക്കി. വിശദമായ പരിശോധനകൾക്കുശേഷമാണ് യാത്ര പുനഃരാരംഭിച്ചത്.
തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനത്തിനും ഒരു എയർ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ വിമാനത്തിനും ഒമാനിലേക്കും സൗദി അറേബ്യയിലേക്കും പോയ ഇൻഡിഗോ വിമാനങ്ങൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണിക്ക് പുറമേ വിമാന ടിക്കറ്റ് നിരക്കുകൾ, പ്രാദേശിക വിമാനസർവീസുകളുടെ വിഷയം അടക്കമുള്ളവയും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്തു.