ലിയാം പെയിനിന്റെ ശരീരത്തിൽ കണ്ടെത്തിയ ലഹരി വസ്തു; എന്താണ് പിങ്ക് കൊക്കെയ്ൻ?
Mail This Article
ബ്യൂനസ് ഐറിസ്∙ ലോകപ്രശസ്ത ഗായകൻ ലിയാം പെയിനിന്റെ മരണത്തെപ്പറ്റി വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് വീണുമരിച്ച പെയിനിന്റെ ശരീരത്തിൽ കൊക്കെയ്നിന്റെ അംശം കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നു മദ്യവും ലഹരിവസ്തുക്കളും ഉറക്കഗുളികകളും പൊലീസ് കണ്ടെത്തിരുന്നു. അബോധാവസ്ഥയിലോ പാതി ബോധത്തിലോ പെയിൻ വീണതാകാമെന്നാണ് നിഗമനം. പരിശോധനയിൽ പെയിനിന്റെ ശരീരത്തിൽ പിങ്ക് കൊക്കെയ്നിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.
എന്താണ് പിങ്ക് കൊക്കെയ്ൻ?
മാനസികാരോഗ്യത്തിനും മരണത്തിനും വരെ കാരണമാകുന്ന പിങ്ക് കൊക്കെയ്നെ മരണസാധ്യത ഏറെയുള്ള ‘റഷ്യൻ റൂലെറ്റ്’ എന്ന ഗെയിമിനോടാണ് ഉപമിക്കുന്നത്. മെത്താംഫെറ്റാമൈൻ, എംഡിഎംഎ, ഹാലുസിനോജൻസ്, ക്രാക്ക്, ബാത്ത് ലവണങ്ങൾ, ബെൻസോഡിയാസെപൈൻസ്, കഫീൻ എന്നിവയുൾപ്പെടെയുള്ള വിവിധ അപകടസാധ്യതയുള്ള വസ്തുക്കളുടെ മിശ്രിതമാണിത്. ഫുഡ് കളർ ഉപയോഗിക്കുന്നതു കൊണ്ടാണ് പിങ്ക് നിറം ലഭിക്കുന്നത്. സ്ട്രോബറി ഫ്ലേവറിലും ഈ ലഹരി പദാർഥം ലഭ്യമാണ്.
‘തുസി’ എന്നും അറിയപ്പെടുന്ന ഈ ലഹരി പദാർഥം 2018 മുതൽ ലാറ്റിനമേരിക്കയിൽ സുലഭമാണ്. ഒരു ഗ്രാമിന് 20 – 100 യുഎസ് ഡോളറോളമാണ് വില. ഉത്കണ്ഠ, ഓക്കാനം, ഛർദ്ദി, ഹൃദയമിടിപ്പ് കൂടുക, രക്തസമ്മർദം, ഉയർന്ന ശരീര താപനില എന്നിവയാണ് ഇതിന്റെ പാർശ്വഫലങ്ങൾ