യുഎസ് ജനത ഇന്ന് വിധിയെഴുതും; പെൻസിൽവേനിയ കേന്ദ്രീകരിച്ച് അവസാനഘട്ട പ്രചാരണം
Mail This Article
ന്യൂയോർക്ക്∙ മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ യുഎസ് ജനത ഇന്ന് വിധിയെഴുതും. റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പെൻസിൽവേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാർഥികളുടേയും പ്രചാരണം. കമല ഹാരിസ് പെൻസിൽവേനിയ കേന്ദ്രീകരിക്കുമ്പോൾ, ട്രംപ് പെൻസിൽവേനിയയ്ക്ക് പുറമേ നോർത്ത് കാരോലൈനയിലും, മിഷിഗണിലും പ്രചാരണം നടത്തും. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യുഎസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ നിർദേശമുണ്ട്.
ആകെ വോട്ടർമാർ 16 കോടിയാണ്. മുൻകൂര്‍ വോട്ട് ചെയ്തവർ 7 കോടി. ഇന്ത്യൻ സമയം വൈകിട്ട് 5.30ഓടെ (ഏകദേശ സമയം) വോട്ടിങ് ആരംഭിക്കും. ബുധനാഴ്ച രാവിലെ 5.30ഓടെ അവസാനിക്കും. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ഈ സമയത്തിൽ വ്യത്യാസം വരാം. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ആദ്യഫലസൂചനകൾ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണൾഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. പോളിങ് ശതമാനം ഇക്കുറി റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്ഥാനങ്ങളിൽ ഗവർണർ തിരഞ്ഞെടുപ്പും ഇന്നാണ്.
ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്.ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും.