ആത്മവിശ്വാസത്തിൽ ട്രംപ്, വോട്ടർമാരെ ഫോണിൽ വിളിച്ച് കമല, യുഎസിൽ വോട്ടെടുപ്പ് തുടരുന്നു
Mail This Article
വാഷിങ്ടൻ∙ ലോകമാകെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് വോട്ടുരേഖപ്പെടുത്തി. ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിങ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്. വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ജോർജിയ, മെയ്ൻ, നോർത്ത് കാരോലൈന എന്നീ സംസ്ഥാനങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ജോർജിയയിലെ ഫുൾടൻ കൗണ്ടിയിലെ രണ്ട് പോളിങ് സ്റ്റേഷനുകളിലാണ് ആദ്യം സന്ദേശങ്ങളെത്തിയത്. ഇതേത്തുടർന്ന് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചു. സന്ദേശങ്ങളുടെ ഉറവിടം റഷ്യയാണെന്ന് യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.
പോളിങ് ബൂത്തുകൾക്കു മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. പോളിങ് ബൂത്തിലെ തിരക്ക് അഭിമാനമുണ്ടാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും വോട്ടു രേഖപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസ് നേരത്തെ തപാൽ വോട്ടു ചെയ്തിരുന്നു.
യുഎസ് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ (ഇന്ത്യൻ സമയം രാത്രി 10.30) ഹവായിയിലും വോട്ടെടുപ്പ് തുടങ്ങിയതോടെ യുഎസിലെ എല്ലാ സംസ്ഥാനങ്ങളും വോട്ടെടുപ്പ് തിരക്കിലായി. വെർമോണ്ട് സംസ്ഥാനത്താണ് ആദ്യം വോട്ടെടുപ്പ് തുടങ്ങിയത്. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിയോടെയാണ് വെർമോണ്ടിലെ പോളിങ് ബൂത്തുകൾ ഉണർന്നത്.
സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരോലൈന, ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ എന്നിവയ്ക്കു പുറമെ, ഫ്ലോറിഡ, ഇലിനോയ്, ലൂസിയാന, മേരിലാൻഡ്, മസാച്യുസിറ്റ്സ്, മിസോറി, റോഡ് ഐലൻഡ്, സൗത്ത് കാരോലൈന, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിൽ പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പെൻസിൽവേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാർഥികളുടെയും പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യുഎസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ നിർദേശമുണ്ട്.
ആകെ വോട്ടർമാർ 16 കോടിയാണ്. മുൻകൂര്‍ വോട്ട് ചെയ്തവർ 7 കോടി. ഇന്ത്യൻ സമയം വൈകിട്ട് 5.30ഓടെയാണ് (ഏകദേശ സമയം) വോട്ടിങ് ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 5.30ഓടെ അവസാനിക്കും. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ഈ സമയത്തിൽ വ്യത്യാസം വരാം. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ആദ്യഫലസൂചനകൾ അറിയാനാകും. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കാരോലൈനയിലും ജോർജിയയിലുമാണ് ആദ്യം വോട്ടെടുപ്പ് പൂർത്തിയാകുക. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണൾഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. പോളിങ് ശതമാനം ഇക്കുറി റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്ഥാനങ്ങളിൽ ഗവർണർ തിരഞ്ഞെടുപ്പും ഇന്നാണ്.
ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്.ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും.