ഓംപ്രകാശിന്റെ മുറികളിലൊന്നിൽനിന്നു കണ്ടെത്തിയ കവറിൽ കൊക്കെയ്ൻ അവശിഷ്ടം; കേസ് മാറുമോ?
Mail This Article
കൊച്ചി∙ ഗുണ്ടാ നേതാവ് ഓംപ്രകാശ് പിടിയിലായ ലഹരിക്കേസിൽ ഫൊറൻസിക് പരിശോധനാഫലം പുറത്ത്. ഓംപ്രകാശും സുഹൃത്ത് ഷിഹാസും താമസിച്ചിരുന്ന മുറികളിലൊന്നിൽ ലഹരി മരുന്നായ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന പരിശോധനാ ഫലമാണു പുറത്തുവന്നിട്ടുള്ളത്. വളരെ കുറഞ്ഞ അളവിൽ മാത്രമാണു കണ്ടെത്തിയിട്ടുള്ളത് എന്നതിനാൽ കേസിൽ എന്തെങ്കിലും മാറ്റം വരുമോ എന്നുറപ്പില്ല. ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുന്നതിനു പൊലീസ് ഒരുങ്ങുന്നു എന്നും സൂചനയുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യ ആഴ്ചയാണ് ഓംപ്രകാശും സുഹൃത്തും കൊച്ചി മരടിലുള്ള ആഡംബര ഹോട്ടലിൽ അറസ്റ്റിലായത്. ലഹരിമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഓംപ്രകാശും സുഹൃത്തും 3 മുറികളാണ് എടുത്തിരുന്നത്. ഈ മുറികളിൽ ചലച്ചിത്ര നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ തുടങ്ങിയവരടക്കം 20ഓളം പേർ സന്ദർശിച്ചു. ഇവരുടെ മുറിയിൽനിന്ന് ഒട്ടേറെ ലീറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു.
മുറികളിലൊന്നിൽനിന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നു എന്നു സംശയിക്കുന്ന ഒരു കവറും കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും അറസ്റ്റിലായത്. എന്നാൽ ചെറിയ അളവിലേ ലഹരിമരുന്ന് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ജാമ്യം ലഭിച്ചു. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്തെങ്കിലും ഇരുവരെയും കുറ്റകൃത്യത്തിലേക്കു ബന്ധിപ്പിക്കുന്നതൊന്നും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. പൊതുസുഹൃത്തായ ബിനു ജോസഫ് വഴിയാണ് ഹോട്ടലിൽ എത്തിയതെന്നും ഓംപ്രകാശുമായി മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ഇവർ പറഞ്ഞത്. പ്രയാഗയ്ക്ക് ക്ലീൻചിറ്റ് നൽകിയ പൊലീസ്, ശ്രീനാഥ് ഭാസിയും ബിനു ജോസഫുമായുള്ള പണമിടപാടുകളും പരിശോധിച്ചിരുന്നു.
അതിനിടെയാണ് ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നത്. മുറികളിലൊന്നിൽനിന്നു കണ്ടെത്തിയ കവറിലാണ് കൊക്കെയ്ന്റെ അവശിഷ്ടം പരിശോധനയിൽ തെളിഞ്ഞതെന്നു സൂചനയുണ്ട്. അങ്ങനെയെങ്കിൽ പൊലീസ് ഇനി എന്തു നടപടി സ്വീകരിക്കും എന്നത് പ്രധാനമാണ്. ലഹരിമരുന്ന് എത്തിച്ച് ആഡംബര ഹോട്ടലുകളിൽ പാർട്ടികൾ നടത്തുകയായിരുന്നു ഓംപ്രകാശും കൂട്ടാളികളും എന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ഇതു തെളിയിക്കാനുള്ള വലിയ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.