ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
Mail This Article
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത കേസാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.
എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ അന്വേഷണ ചുമതല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ രഞ്ജിത്തിൽ നിന്നു താൻ ലൈംഗികാതിക്രമം നേരിട്ട വിവരം ബംഗാളി നടി തുറന്നു പറഞ്ഞത്. 2009ൽ പാലേരിമാണിക്യം സിനിമയുടെ ഒഡിഷനു വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു അവർ തുറന്നു പറഞ്ഞത്. എന്നാൽ രഞ്ജിത് ആരോപണം നിഷേധിച്ചിരുന്നു. നടിക്ക് ആ സിനിമയിൽ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. വിവാദം ശക്തമായതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
ഓഗസ്റ്റിൽ പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. കേസ് റജിസ്റ്റർ ചെയ്ത് 82–ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടി കോടതിയിൽ രഹസ്യ മൊഴിയും നൽകിയിരുന്നു. നടിയുടെ വാദത്തെ പിന്തുണച്ചു കൊണ്ട് സംവിധായകനായ ജോഷി ജോസഫ് ഉള്‍പ്പെടെയുള്ളവർ രംഗത്തു വരികയും അവർ അന്വേഷണ സംഘത്തിനു മൊഴി നൽകുകയും ചെയ്തു. രഞ്ജിത്തിൽ നിന്നു ദുരനുഭവം നേരിട്ടതിനു പിന്നാലെ നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നാണ് ജോഷി ജോസഫ് വെളിപ്പെടുത്തിയത്. രഞ്ജിത് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്നതിനാൽ ഹർജി കോടതി തീർപ്പാക്കി. 2013നു ശേഷമാണ് ഐപിസി 354–ാം വകുപ്പ് ജാമ്യമില്ലാ കുറ്റമാക്കിയത്. കോഴിക്കോട് സ്വദേശിയായ യുവാവിന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്ന മറ്റൊരു കേസ് കൂടി രഞ്ജിത്തിനെതിരെയുണ്ട്. ഈ കേസിലും രഞ്ജിത്തിന് ജാമ്യം ലഭിച്ചിരുന്നു.