ADVERTISEMENT

തിരുവനന്തപുരം∙ മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ കാപട്യം തുറന്നുകാട്ടിയതിനെ പാണക്കാട്‌ സാദിഖലി തങ്ങൾക്കെതിരായ വ്യക്തിപരമായ വിമർശനമായി കാട്ടിയുള്ള ദുഷ്‌പ്രചാരണത്തിലൂടെ യുഡിഎഫ്‌ നേതാക്കളുടെ പരാജയഭയമാണ്‌ പുറത്തുവരുന്നതെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻഅട്ടിമറി ഭയക്കുന്ന പ്രതിപക്ഷ നേതാവും സംഘവും നുണപ്രചാരണത്തിലൂടെ രക്ഷാകവചം ഒരുക്കാനാണ്‌ ശ്രമിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. 

പാലക്കാട്ട്‌ കോൺഗ്രസിനൊപ്പം കൂടിയ ബിജെപി നേതാവ്‌ സന്ദീപ്‌ വാരിയരെ മഹത്വവത്‌കരിക്കുന്നത്‌ യുഡിഎഫിന്റെ വെപ്രാളവും ജാള്യവും മൂലമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചുണ്ടിക്കാട്ടിയത്‌. കോൺഗ്രസിലെത്തിയ ആർഎസ്‌എസുകാരന്റെ ഇന്നലെ വരെയുള്ള നിലപാടുകൾ മതനിരപേക്ഷ ചിന്താഗതിക്കാർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കുമെല്ലാം നല്ലതുപോലെ അറിയാവുന്നതാണെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

‘‘മുസ്‌ലീം ലീഗ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയ തടങ്കലിലാണെന്നത്‌ പുതിയ കാര്യമല്ല. അക്കാര്യം മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കുകയായിരുന്നു. അത്‌ വലിയ കുറ്റമായിപ്പോയി എന്നാണ്‌ ഇപ്പോൾ പ്രതിപക്ഷ നേതാവ്‌ അടക്കമുള്ള യുഡിഎഫ്‌ നേതാക്കൾ പ്രചരിപ്പിക്കാൻ നോക്കുന്നത്‌. ഇക്കാര്യം മുൻപും സിപിഎം പറഞ്ഞിട്ടുണ്ട്‌. എന്നാൽ, ഈ രാഷ്ട്രീയ വിമർശനത്തിനുള്ള മറുപടിയായി മതപരമായ വിശദീകരണത്തിനാണ്‌ ലീഗ്‌ നേതാക്കൾ ശ്രമിക്കുന്നത്‌.

രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായ സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയ രാഷ്‌ട്രീയ വിമർശനത്തിനുള്ള മറുപടിയിൽ മതപരമായ വിശദീകരണം കലർത്തുന്നത്‌ എന്തിനാണെന്ന്‌ കേരളത്തിലെ മതനിരപേക്ഷ ജനസമൂഹം മനസിലാക്കുന്നുണ്ട്‌. മതവികാരം ആളിക്കത്തിച്ച്‌ ഉപതിരഞ്ഞെടുപ്പിൽ നാലുവോട്ട്‌ തരപ്പെടുത്താമെന്ന യുഡിഎഫ്‌ നേതാക്കളുടെ വ്യാമോഹം പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയുമെന്ന്‌ ഉറപ്പാണ്.’’ – മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

English Summary:

UDF Resorting to Religious Propaganda in Palakkad By-Election, Alleges Finance Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com