‘ലീഗിൽ ഒരു വിഭാഗം തീവ്രചിന്താഗതിക്കാരുമായി സഹകരിക്കുന്നു; ആർഎസ്എസിനു മുതലെടുപ്പിന് അവസരം നൽകുന്നു’
Mail This Article
ആലപ്പുഴ∙ മുസ്‌ലിം ലീഗിൽ ഒരു വിഭാഗം തീവ്രചിന്താഗതിക്കാരുമായി സഹകരിക്കുന്നെന്നും പാർട്ടി നേതൃത്വം അറിഞ്ഞോ അറിയാതെയോ അതിൽ വീഴുകയാണെന്നും മന്ത്രി സജി ചെറിയാൻ. ആർഎസ്എസിനു മുതലെടുപ്പിന് അവസരമാണ് ലീഗ് നൽകുന്നത്. ലീഗിൽ തിരുത്തൽ പ്രക്രിയയുണ്ടാകണം. ജാതീയ ചേരിതിരിവുണ്ടാക്കാൻ തിരഞ്ഞെടുപ്പിൽ ശ്രമം നടത്തുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു.
‘‘മനുഷ്യരെ വ്യത്യസ്ത ചേരികളിലാക്കി വോട്ട് നേടാനുള്ള ശ്രമമാണു നടത്തുന്നത്. മുഖ്യമന്ത്രി വിമർശിച്ചതു പാണക്കാട് തങ്ങളെയല്ല, ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെയാണ്. തങ്ങളെയോ തങ്ങളുടെ പദ്ധതിയെയോ മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടില്ല. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നതിനെയാണു വിമർശിച്ചത്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും തീവ്ര വലതുപക്ഷ നിലപാടുള്ളവരാണ്. അവരെ ലീഗ് അകറ്റി നിർത്തണം.’’ – മന്ത്രി പറഞ്ഞു.