പണമില്ലെന്നു സർക്കാർ; പുനരധിവാസം അനിശ്ചിതത്വത്തിൽ; ആശങ്കയോടെ വയനാട്ടിലെ ദുരിതബാധിതർ
Mail This Article
കൽപറ്റ ∙ സഹായം നൽകാനാവില്ലെന്നു കേന്ദ്ര സർക്കാരും പണമില്ലെന്നു സംസ്ഥാന സർക്കാരും പറയുമ്പോൾ, വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം ഇരുളിൽ. ‘ഇനിയെന്ത്?’ എന്ന ചോദ്യവുമായാണ് ഓരോ ദിവസവും അവർ തള്ളി നീക്കുന്നത്. എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഇടയ്ക്കിടെ വാഗ്ദാനം നൽകുമെന്നല്ലാതെ യാതൊരു നടപടിയുമില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചാൽ മാത്രമേ പുനരധിവാസം നടക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുമായി.
അതിനാൽ പുനരധിവാസം പുത്തുമലയിലും കവളപ്പാറയിലും നടത്തിയതുപോലെയായിരിക്കും എന്നാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർ ആശങ്കപ്പെടുന്നത്. ഇതിനിടെ സന്നദ്ധ സംഘടനകൾ വീടു നിർമാണം തുടങ്ങി. പുൽപ്പള്ളിയിൽ നിർമാണം പൂർത്തിയാക്കിയ 10 വീടുകളുടെ താക്കോൽ കൈമാറുകയും ചെയ്തു. മൂന്നു മാസത്തിനുള്ളിലാണ് ഫിലോകാലിയ എന്ന സന്നദ്ധ സംഘടന വീടു നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അൻപതോളം വീടുകളുടെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. പക്ഷേ സർക്കാർ തലത്തിൽ പുനരധിവാസം ഇപ്പോഴും ചോദ്യചിഹ്നമാണ്.
∙ പാതിവഴിയിൽ മുടങ്ങുന്ന സഹായങ്ങൾ
പല ദുരന്തബാധിതർക്കും സഹായം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ദുരന്ത സമയത്ത് എല്ലാ സഹായവും വാഗ്ദാനം ചെയ്ത സർക്കാർ പതിയെ അതിൽനിന്നു പിൻവാങ്ങുന്നോ എന്ന സംശയം ദുരിതബാധിതർക്കുണ്ട്. പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞപ്പോഴത്തെ ചികിത്സച്ചെലവ്, ദുരന്ത ബാധിത കുടുംബത്തിന് 10000 രൂപ, ആറു മാസത്തെ വീട്ടുവാടക, ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടു പേർക്ക് ദിവസം 300 രൂപ വീതം ഒരു മാസം, സാരമായി പരുക്കേറ്റവർക്ക് 75000 രൂപ, മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസഹായമടക്കം 8 ലക്ഷം രൂപ, പ്രത്യേക റേഷൻ എന്നിവയായിരുന്നു സഹായപ്രഖ്യാപനം.
ഇതിൽ വീട്ടുവാടക മാത്രം കൃത്യമായി ലഭിക്കുന്നുണ്ട്. ദിവസവും 300 രൂപ വീതം നൽകാനായി രണ്ടു മാസത്തേക്കുള്ള തുക അനുവദിച്ചെന്നാണ് സർക്കാർ പറയുന്നതെങ്കിലും വളരെ കുറച്ചു പേർക്ക് മാത്രമാണ് അതു ലഭിച്ചത്. ഒരു മാസത്തെ തുക എല്ലാവർക്കും ലഭിച്ചു. 10000 രൂപയുടെ സഹായം തേടി പലരും ഇപ്പോഴും ഓഫിസുകൾ കയറി ഇറങ്ങുന്നുണ്ട്. ചൂരൽമലയിലെ 175 പേർക്ക് ഇനിയും ഈ തുക ലഭിക്കാനുണ്ട്. നഷ്ടപ്പെട്ട രേഖകൾ എത്രയും വേഗം അദാലത്തിലൂടെ നൽകുമെന്ന് അറിയിച്ചെങ്കിലും പലർക്കും രേഖകൾ ലഭിച്ചില്ല. കുറച്ചുപേർക്കു മാത്രമാണ് രേഖകൾ ലഭിച്ചത്. സഹായ വിതരണം പോലും പ്രതിസന്ധിയിലായതിനാൽ പുനരധിവാസം എന്താകുമെന്നാണ് ചോദ്യമുയരുന്നത്.
∙ വേണം 983 വീടുകൾ, നിർമിച്ചത് 50
ഉരുൾപൊട്ടലിൽ 500 വീടുകളാണ് പൂർണമായും തകർന്നത്. അഞ്ഞൂറോളം വീടുകൾ വാസയോഗ്യമല്ലാതായി. 983 വീടുകളാണ് പുതിയതായി നിർമിക്കേണ്ടത്. അൻപതോളം വീടുകളാണ് നിലവിൽ നിർമാണം പുരോഗമിക്കുന്നത്. മുട്ടിൽ പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ, തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകളാണ് 37 വീടുകൾ നിർമിക്കുന്നത്. പുൽപ്പള്ളിയിൽ മറ്റൊരു സംഘടന 10 വീടുകൾ നിർമിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ വ്യക്തികളുടെ വകയായി പത്തോളം വീടുകളും നിർമാണത്തിലുണ്ട്. വീടുകളും സ്കൂളും അടങ്ങുന്ന ടൗൺഷിപ്പ് നിർമിക്കുമെന്നാണ് സർക്കാർ വാഗ്ദാനമെങ്കിലും അത് എവിടെയാകുമെന്നതിൽ തീരുമാനമായില്ല. ഗുണഭോക്തൃ പട്ടികയും പൂർത്തിയായില്ല.
പുനരധിവാസ പ്രവർത്തനങ്ങൾ ഏറെയും ചെയ്തത് സന്നദ്ധ, രാഷ്ട്രീയ സംഘടനകളും വ്യക്തികളുമാണ്. മുസ്‌ലിം ലീഗ് 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര സഹായം നൽകി. 57 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടപ്പെട്ടവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ഇതുപോലെ ഒട്ടനവധി സംഘടനകളും വ്യക്തികളും ദുരന്തബാധിതർക്ക് ജീവനോപാധികൾ നൽകിയിട്ടുണ്ട്.
∙ എവിടെ സ്പോൺസർ ചെയ്ത വീടുകൾ?
സർക്കാർ വീട് നിർമിച്ചു നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ പലരും സ്വന്തം നിലയ്ക്ക് സ്പോൺസർമാരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അഞ്ഞൂറോളം വീടുകൾ നിർമിക്കാൻ സ്പോൺസർമാരുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതാണ് പ്രധാന പ്രശ്നം. 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടും മുസ്‌ലിം ലീഗ് നിർമിച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥലം സർക്കാർ കണ്ടെത്തി നൽകിയാൽ ആ സ്ഥലത്ത് വീടു നിർമാണം നടത്താമെന്നും അല്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തുമെന്നുമായിരുന്നു ലീഗ് പറഞ്ഞത്. സർക്കാർ സ്ഥലം കണ്ടെത്തി നൽകാമെന്ന് അറിയിച്ചെങ്കിലും നടപടി ഇല്ലാത്തതിനാൽ സ്ഥലം കണ്ടെത്തി വീടുനിർമാണം ആരംഭിക്കാനാണ് നീക്കമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മനോരമ ഓൺലൈനോട് പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ദുരന്ത ബാധിതരെ സന്ദർശിച്ചപ്പോൾ 100 വീട് നിർമിച്ചു നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതാണ്. ഇങ്ങനെ പലരും വാഗ്ദാനം ചെയ്തെങ്കിലും സ്പോൺസർമാരുമായി ചർച്ച നടത്താനോ തുടർനടപടികൾ സ്വീകരിക്കാനോ സർക്കാർ തയാറായില്ല. അതിനാലാണ് ദുരന്ത ബാധിതർ സ്വന്തം നിലയ്ക്ക് സ്പോൺസർമാരെ കണ്ടെത്താനായി ശ്രമിക്കുന്നത്. ഉടുതുണി ഉൾപ്പെടെ എല്ലാം നഷ്ടമായവർക്ക് സ്വന്തമായി വീടു നിർമിക്കാൻ സാധിക്കില്ല. ഒരായുഷ്കാലം മുഴുവൻ പണിയെടുത്ത് നിർമിച്ച പുത്തൻ വീടുകളാണ് കല്ലിൻമേൽ കല്ലു ശേഷിക്കാതെ ഒലിച്ചുപോയത്. സർക്കാരിലുള്ള പ്രതീക്ഷ ഓരോ ദിവസം കഴിയുന്തോറും അണഞ്ഞുകൊണ്ടിരിക്കുന്നു. അതിനാൽ അവസാനത്തെ പ്രതീക്ഷയെന്ന നിലയ്ക്കാണ് സ്പോർൺസർമാരെയെങ്കിലും കണ്ടെത്താൻ ദുരന്തബാധിതരിൽ പലരും ശ്രമിക്കുന്നത്.
∙ പുനരധിവാസം നടത്തുന്നത് സംഘടനകൾ
നിലവിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത് സംഘടനകൾ മാത്രമാണെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘സർക്കാർ പുനരധിവാസത്തിൽ ഇതുവരെ തീരുമാനമായില്ല. ജോൺ മത്തായിയുടെ റിപ്പോർട്ട് അനുസരിച്ച് ചൂരൽമല മുണ്ടക്കൈ പ്രദേശത്ത് ഉരുൾപൊട്ടി വെള്ളമൊഴുകിയിടത്തു നിന്ന് 30 മീറ്റർ മാറി ജനജീവിതം സാധ്യമാണെന്നാണ് പറയുന്നത്. ഈ റിപ്പോർട്ട് അംഗീകരിക്കാൻ പലരും തയാറായില്ല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ 396 കുടുംബങ്ങളേ ഉള്ളൂ. എന്നാൽ ഈ പട്ടിക അന്തിമമല്ല. സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതും അനിശ്ചിതത്വത്തിലാണ്. അതേസമയം സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തിലുള്ള ഭവന നിർമാണം വളരെ വേഗം പുരോഗമിക്കുന്നുണ്ട്’’.– ബാബു പറഞ്ഞു.
∙ ദുരന്തത്തിൽ ചിതറിപ്പോയ ജനം, സമരം നടത്താനും ശേഷിയില്ല
ഉരുൾപൊട്ടലിന് ശേഷം ആളുകൾ പലയിടത്തായി ചിതറിപ്പോയി. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ദുരന്തബാധിതർ വാടകയ്ക്ക് താമസിക്കുന്നത്. സാരമായി പരുക്കേറ്റതിനാൽ പലരും ഇപ്പോഴും ചികിൽസയിലാണ്. ആവശ്യങ്ങൾ നേടിയെടുക്കാൻ സംഘടിതമായി സമരം നടത്താനുള്ള മാനസികാവസ്ഥയും ഇവർക്കില്ല. എല്ലാം നഷ്ടപ്പെട്ട ഇവർ എന്തിന്, ആരോട് സമരം നടത്തണമെന്നാണ് ചോദിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടേയും സംഘടനകളുടേയും സഹായം കൊണ്ടാണ് പലരും ജീവിതം തള്ളി നീക്കുന്നത്.