ADVERTISEMENT

കൽപറ്റ∙ 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ പലരും വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന് സ്വപ്നം കണ്ടു. 2024 ഏപ്രിലിൽ രാഹുൽ വീണ്ടും മത്സരിക്കാൻ എത്തിയപ്പോൾ ആ പ്രതീക്ഷ പലർക്കും നഷ്ടപ്പെട്ടിരുന്നു. പ്രധാനമന്ത്രി ആയില്ലെങ്കിലും ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന സുപ്രധാന പദവിയിലേക്ക് രാഹുൽ എത്തി. എന്നാൽ അത് റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു. വയനാട് മണ്ഡലം വിട്ടതോടെ ആര് മത്സരിക്കുമെന്ന വലിയ ചോദ്യത്തിന് സഹോദരിയെ ചൂണ്ടിക്കാണിച്ച് രാഹുൽ ഉത്തരം നൽകി. പുതിയൊരു രാഷ്ട്രീയ യാത്രയുടെ തുടക്കമായിരുന്നു അത്. 

ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിൽ രാഹുൽ വയനാട്ടുകാരെ വിശേഷിപ്പിച്ചത് കുടുംബം എന്നാണ്. അതുകൊണ്ടാണ് വയനാട് വിടേണ്ടി വന്നപ്പോൾ പ്രിയങ്കയെ ഇവിടേക്ക് നിയോഗിച്ചത്. എന്തായാലും രാജീവ് ഗാന്ധിയുടെ രണ്ട് മക്കളും മത്സരിച്ച മണ്ഡലമെന്ന പേര് വയനാടിന് കിട്ടി. മാത്രമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന പ്രിയങ്ക മത്സരത്തിനിറങ്ങുമ്പോൾ അത് വയനാട്ടിലാകുകയും ചെയ്തു. പ്രിയങ്കയുടെ വരവ് ചരിത്ര സംഭവമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. രാഹുൽ ഗാന്ധിയുടേതിനേക്കാൾ ഭൂരിപക്ഷം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച കോൺഗ്രസിന് അതിന് സാധിച്ചില്ലെങ്കിലും മിന്നുന്ന ജയമാണ് ലഭിച്ചത്. 

∙ പോളിങ് കുറഞ്ഞിട്ടും ഭൂരിപക്ഷം കൂടാൻ കാരണമുണ്ട് 

ആറ് മാസത്തിനിടെ വന്ന ഉപതിരഞ്ഞെടുപ്പ് തന്നെയാണ് ആളുകളെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്. പ്രിയങ്ക ഗാന്ധിക്കെതിരെ താരതമ്യേന ദുർബലരായ സ്ഥാനാർഥികളെ നിർത്തിയതോടെ മത്സരത്തിന്റെ വീര്യം കുറഞ്ഞു. മാത്രമല്ല ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് എന്ന പ്രതീതിയും ഉടലെടുത്തതോടെ ‘നമ്മൾ വോട്ടു ചെയ്താലും ഇല്ലെങ്കിലും പ്രിയങ്ക ജയിക്കും’ എന്ന് നിഷ്പക്ഷരായ ആളുകൾ പറയുന്ന അവസ്ഥയിലേക്കെത്തി. ഒരു ദിവസത്തെ പണി കളഞ്ഞ് പോയി വോട്ടു ചെയ്തിട്ട് എന്തിനാണെന്ന ചോദ്യവും ഉയർന്നു. പതിറ്റാണ്ടുകളായി വയനാട്ടുകാർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കൊന്നും പരിഹാരം ഇല്ലാത്തതാണ് ഇത്തരം ചോദ്യം ഉന്നയിക്കുന്നതിലേക്ക് വോട്ടർമാരെ എത്തിച്ചത്. മണ്ഡലം രൂപീകരിച്ച ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ പോളിങ് അതിന്റെ പ്രതിഫലനമായിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകർ നന്നായി പണിയെടുത്തു. 2019ൽ 80 ശതമാനമുണ്ടായിരുന്ന പോളിങ് ഇത്തവണ 64 ശതമാനമായി ഇടിഞ്ഞു. 2019ൽ രാഹുലിന് 4.3 ലക്ഷമാണ് ഭൂരിപക്ഷം കിട്ടിയത്. പ്രിയങ്കയ്ക്ക് 4.1 ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിച്ചു. 15 ശതമാനം പോളിങ് കുറഞ്ഞിട്ടും പ്രിയങ്കയ്ക്ക് വെറും ഇരുപതിനായിരത്തോളം വോട്ടിന്റെ കുറവേ ഉണ്ടായുള്ളു. അതുകൊണ്ട് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മിന്നുന്ന ജയമാണിത്. പ്രിയങ്ക ഗാന്ധി അല്ലായിരുന്നു മത്സരിച്ചതെങ്കിൽ പോളിങ് ചിലപ്പോൾ 50 ശതമാനത്തിൽ ഒതുങ്ങിയേനെ എന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 

∙ അപ്പോഴും മുന്നിൽ രാഹുൽ തന്നെ 

ഏറ്റവും ദുരിതപൂർണമായ അവസ്ഥയിൽ പോലും വയനാട്ടുകാർ പ്രിയങ്കയേയും ചേർത്തു നിർത്തിയെന്ന് ഫലത്തിൽ നിന്നും വ്യക്തമാണ്. 5 ലക്ഷം ഭൂരിപക്ഷം നേടാനായില്ലെങ്കിലും രാഹുൽ ഗാന്ധിയുടേതിനേക്കാൾ തിളക്കമുള്ള വിജയമാണ് പ്രിയങ്ക നേടിയത്. 2019ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷം ഭൂരിപക്ഷം ലഭിച്ചതിന് വ്യക്തമായ സാഹചര്യങ്ങളും കാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ അത്തരം ചർച്ചകളില്ലായിരുന്നു എന്നു മാത്രമല്ല എതിർ സ്ഥാനാർഥികൾ വളരെ ശക്തരുമായിരുന്നു. അതിനാൽ രാഹുലിന്റെ ഭൂരിപക്ഷം 3.6 ലക്ഷമായി കുറഞ്ഞു.  നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി മത്സരിക്കുന്നു എന്നതു മാത്രമായിരുന്നു വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ദേശീയ രാഷ്ട്രീയത്തിലോ സംസ്ഥാന രാഷ്ട്രീയത്തിലോ യാതൊരു മാറ്റവും വരുത്താൻ വയനാട് ഉപതിരഞ്ഞെടുപ്പ് ഫലത്തിന് സാധിക്കില്ല എന്നും വോട്ടർമാർക്ക് വ്യക്തമായിരുന്നു. എന്നിട്ടും പ്രിയങ്കയെ പ്രിയങ്കരിയായി ചേർത്തുപിടിക്കാൻ വയനാട്ടുകാർ ഒട്ടും മടിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com