‘ജനങ്ങൾ വോട്ട് ചെയ്യാത്തതിൽ ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ല; കൃഷ്ണകുമാറിന്റെ പേര് അവർക്ക് ഉൾക്കൊള്ളാനായില്ല’
Mail This Article
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ഉണ്ടായിരുന്നെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പ്രമീള പറഞ്ഞു. സ്ഥാനാർഥി മാറിയാൽ നന്നായിരുന്നു എന്നു നേതൃത്വത്തോടു പറഞ്ഞു. ജനങ്ങള്‍ വോട്ടു കൊടുക്കാത്തതിനു മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ലെന്നും പ്രമീള പറഞ്ഞു.
‘‘പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച വന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ, എപ്പോഴും ഒരേ സ്ഥാനാർഥിയെയാണോ ബിജെപി നിർത്തുന്നത് എന്ന ചോദ്യം ഉയർന്നു. അതാണു സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സി.കൃഷ്ണകുമാറുമായി നേതാക്കൾ സഹകരിച്ചില്ല എന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ല. സ്ഥാനാർഥിയായി കൃഷ്ണകുമാറിനെ നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്തു. മനസ്സറിഞ്ഞ് കൃഷ്ണകുമാറിനു വോട്ടു ചോദിച്ചു. പക്ഷേ, ജനങ്ങൾ വോട്ടു കൊടുത്തില്ല. ജനങ്ങളോട് വോട്ടു ചോദിക്കാനേ സാധിക്കൂ. വോട്ട് ചെയ്യുന്നത് അവരാണ്. അതിൽ ഞങ്ങളെ പഴിച്ചിട്ടു കാര്യമില്ല.
വാർഡുകളിൽ കൗൺസിലർമാർ കൃത്യമായി പ്രവർത്തിച്ചു. ആറും ഏഴും തവണ വാർഡുകളിൽ അവർ വോട്ട് ചോദിച്ചു. പക്ഷേ, ജനങ്ങൾക്ക് കൃഷ്ണകുമാറിന്റെ പേര് ഉൾകൊള്ളാനായില്ല. ജനുവരി എട്ടിനാണ് ഞാൻ നഗരസഭാ അധ്യക്ഷയായി ചുമതലയേറ്റത്. നന്നായി പ്രവർത്തിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനു സർക്കാരാണ് യൂസർ ഫീ ഏർപ്പെടുത്തിയത്. അതു ജനങ്ങളോടു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാലക്കാട് കേന്ദ്രീകരിച്ചു നല്ല പ്രവർത്തനം നടത്തിയിട്ടും ഫലമുണ്ടായില്ല. സന്ദീപ് വാരിയരെ ഇഷ്ടമുള്ളവരുണ്ടാകും. അദ്ദേഹം പാർട്ടി വിട്ടതു കുറച്ചൊക്കെ ബാധിച്ചിരിക്കാം’’ – പ്രമീള പറഞ്ഞു.