4 വര്‍ഷം, 10000 കോടി നിക്ഷേപം, ഖജനാവിലേക്കും പണം; വിഴിഞ്ഞം തുറമുഖ സപ്ലിമെന്ററി കരാറായി
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ആണ് സപ്ലിമെന്ററി കരാറില്‍ ഒപ്പുവച്ചത്. ഇതിനുള്ള അനുമതി കഴിഞ്ഞദിവസം മന്ത്രിസഭായോഗം നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും തുറമുഖ മന്ത്രി വി.എന്‍.വാസവന്റെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും വിസില്‍ എംഡി ദിവ്യ എസ്.അയ്യരും അദാനി പോര്‍ട്‌സ് അധികൃതരും സന്നിഹിതരായിരുന്നു. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്ററി കരാര്‍ ആവശ്യമായി വന്നത്. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്ററി കരാറിനു മന്ത്രിസഭ അനുമതി നല്‍കിയത്.
കരാര്‍ പ്രകാരം 2045ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയുംഘട്ട പ്രവൃത്തികള്‍ 2028 ഓടെ പൂര്‍ത്തീകരിക്കും. നേരത്തേയുള്ള കരാറില്‍നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാകും. ഇതുവഴി 4 വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടി ഇ യു ആവും.