മലയാളി സംരംഭകര്‍ കേരളത്തില്‍ നിക്ഷേപത്തിന് തയാറാകണം: മന്ത്രി പി. രാജീവ്
Mail This Article
തിരുവനന്തപുരം∙ കേരളത്തിന്‍റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യാവസായിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മലയാളി സംരംഭകര്‍ ഇവിടെ നിക്ഷേപിക്കാന്‍ തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
139 രാജ്യങ്ങളില്‍ മലയാളികളുടെ നേതൃത്വത്തില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ ആഭ്യന്തര മൂലധന നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും നല്ല സ്ഥലമായ കേരളത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിത്. ഉയര്‍ന്നു വരുന്ന വ്യവസായ മേഖലകളില്‍ വിദേശ ആഭ്യന്തര മൂലധന നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും നല്ല സ്ഥലമായി കേരളത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ പുതിയ വ്യവസായ നയവും പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താനായെന്നും മന്ത്രി പറഞ്ഞു.