ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സ്റ്റേയില്ല; ഗവർണർക്കും ഡോ.സിസാ തോമസിനും നോട്ടിസ്
Mail This Article
കൊച്ചി ∙ കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറുടെ നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതിനു പിന്നാലെ ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസാ തോമസിനെ നിയമിച്ച നടപടിയിലും സ്റ്റേ ഇല്ല. ഇരുവരുടെയും നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ അനുവദിക്കാതിരുന്നത്. ഗവർണർക്കും സിസാ തോമസിനും നോട്ടിസ് അയയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു.
സാങ്കേതിക സർവകലാശാല വിസി നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം സർക്കാർ ഫയൽ ചെയ്ത ഹർജിയിലും സ്റ്റേ അനുവദിച്ചില്ലെങ്കിലും ഫയലിൽ സ്വീകരിച്ചിരുന്നു. ഇരു ഹർജികളും ഇനി ഒരുമിച്ചായിരിക്കും പരിഗണിക്കുക. ഡോ.സജി ഗോപിനാഥ് വിസി പദവി ഒഴിഞ്ഞ് ഒരുമാസം പിന്നിട്ട ശേഷമാണ് കഴിഞ്ഞ ദിവസം ഡോ. സിസാ തോമസിനെ ഗവർണർ ഡിജിറ്റൽ സര്‍വകലാശാല വിസി ആയി നിയമിച്ചത്. സാങ്കേതിക സർവകലാശാല താൽക്കാലി വൈസ് ചാൻസലറായി പ്രഫ.കെ.ശിവപ്രസാദിനെയും ഗവർണർ നിയമിച്ചിരുന്നു.
ഡോ. സജി ഗോപിനാഥ്, സാങ്കേതിക സര്‍വകലാശാല മുൻ വിസി എം.എസ്.രാജശ്രീ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എന്‍വയറോൺമെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി.സുധീർ എന്നിവരുടെ പേരുകളായിരുന്നു ഡിജിറ്റൽ സര്‍വകലാശാല പദവിയിലേക്ക് സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ എതിർപ്പ് വകവയ്ക്കാതെ സാങ്കേതിക സർവകലാശാല വിസി പദവിയിൽ നിയമിക്കപ്പെടുകയും പിന്നീട് വിരമിക്കുകയും ചെയ്ത സിസാ തോമസിനെയാണ് ഗവർണർ നിയമിച്ചത്.