‘രാത്രി 2 വരെ ചുറ്റും ആനക്കൂട്ടം; പേടിച്ച് പാറയില്‍ കയറി, തിരഞ്ഞെത്തിയവർ നായാട്ടുകാരാണെന്ന് ഭയന്നു’
Mail This Article
കോതമംഗലം∙ ആനക്കൂട്ടം രാത്രി രണ്ടുമണി വരെ ചുറ്റും ഉണ്ടായിരുന്നുവെന്ന് കോതമംഗലം കുട്ടമ്പുഴയിൽ വനത്തില്‍ അകപ്പെട്ടുപോയ സ്ത്രീകള്‍. രാത്രി മുഴുവന്‍ പേടിച്ചിരിക്കുകയായിരുന്നെന്നും രണ്ടു മണിവരെ ആനക്കൂട്ടം ചുറ്റിനും ഉണ്ടായിരുന്നുവെന്നും പാറുക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. കുട്ടമ്പുഴയിലെ ഉള്‍ക്കാട്ടില്‍ ആറുകിലോമീറ്റര്‍ ദൂരത്തായാണ് ഡാര്‍ളിയെയും മായയെയും പാറുക്കുട്ടിയെയും കണ്ടെത്തിയത്. ഉള്‍ക്കാട്ടിലേക്കു വാഹനം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ മൂവരെയും കാല്‍നടയായി തിരിച്ചെത്തിച്ചു.
‘‘ഒള്ളത് പറയാല്ലോ, ഞങ്ങള്‍ ശരിക്കും പേടിച്ചു, പശുവിനെ തപ്പി ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ പശു നേരത്തെ വീട്ടിലെത്തിയെന്നെ’’– മാധ്യമങ്ങളോട് ഈ കാര്യം പറയുമ്പോള്‍ പാറുക്കുട്ടിക്ക് ആശ്വാസവും സന്തോഷവുമാണ്. ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് പാറയുടെ മുകളിലാണ്. നായാട്ടു സംഘമാണെന്നു കരുതിയാണു രാത്രിയില്‍ തിരച്ചിലിനു വന്നവരോടു പ്രതികരിക്കാതിരുന്നതെന്നും പാറുക്കുട്ടിയും മായയും ഡാർലിയും പറഞ്ഞു. പശുവിനെ നോക്കി പോയപ്പോള്‍ ആനയെ കണ്ടു. അപ്പോള്‍ രക്ഷ തേടി വേറെ വഴിക്കു പോവുകയായിരുന്നു. പശു വീട്ടിലെത്തുകയും ചെയ്തു.
മൂന്നുപേരും സുരക്ഷിതരാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. 14 മണിക്കൂര്‍ പിന്നിട്ട തിരച്ചിലിനുശേഷമാണ് ഇവരെ കണ്ടെത്തിയത്. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പിന്നാലെ ഇന്നലെ ഉച്ചയോടെ മൂന്നുപേരും ചേര്‍ന്നു തിരച്ചിലിന് ഇറങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.45നാണ് കാണാതായവര്‍ ഒടുവില്‍ വീട്ടിലേക്കു വിളിച്ചത്. ആനക്കൂട്ടത്തെ കണ്ടെന്നും രക്ഷപെടാന്‍ ശ്രമിക്കുന്നുവെന്നും മായ വീട്ടിലേക്കു വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഫോണിലെ ചാര്‍ജ് തീരാറായെന്നും മായ ബന്ധുവിനോടു പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫായി.
നാട്ടുകാരും പൊലീസും വനംവകുപ്പും അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്. മൂന്നുസ്ത്രീകളും കാട് അറിയാവുന്നവരാണെന്നതായിരുന്നു ആശ്വാസം. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.