‘തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞു’: കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം
Mail This Article
കണ്ണൂർ∙ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കലക്ടർ അരുണ്‍ കെ.വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴി നേരത്തേ പുറത്തു വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. ആദ്യ മൊഴിയിൽ നൽകിയ കാര്യങ്ങളെല്ലാം കലക്ടർ ആവർത്തിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ രക്ഷിക്കാൻ കലക്ടർ കൂട്ടു നിൽക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അരുൺ കെ. വിജയനെതിരായ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിനു പിന്നാലെയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കലക്ടർ സമാന മൊഴി നൽകിയിരുന്നു.