ADVERTISEMENT

ന്യൂഡൽഹി∙ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസിലെ 17 പ്രതികൾക്ക് ഒന്നിച്ച് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുപറ്റിയെന്ന് സുപ്രീം കോടതി. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കേണ്ടതായിരുന്നെന്ന് കോടതി പറഞ്ഞു. പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. 

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രീം കോടതി നോട്ടിസയച്ചു. ജനുവരി 17നകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതികളുടെ അപ്പീലിലും നോട്ടിസയച്ച കോടതി ഈ ഹര്‍ജികള്‍ അടുത്തമാസം 13ന് വീണ്ടും പരിഗണിക്കും. 

2022 ഏപ്രില്‍ 16നാണ് പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്ന നാല്‍പതിലേറെപ്പേരാണ് പ്രതികള്‍.  പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയത്.

7 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ 7 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ക്കെതിരെയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. പട്ടാമ്പി കൊടലൂർ കല്ലേക്കാട്ടിൽ വീട്ടിൽ ഹനീഫ, പട്ടാമ്പി കല്ലടിപ്പോട്ട കൊടക്കാടൻ വീട്ടിൽ ഖാജാ ഹുസൈന്‍, പട്ടാമ്പി കൊണ്ടൂർക്കര കുന്നുംപുറം വീട്ടിൽ മുഹമ്മദ് ഹക്കിം, പാലക്കാട് കൽപ്പാത്തി ശങ്കുവരത്തോട് അബ്ബാസ്, പാലക്കാട് വെസ്റ്റ് യാക്കര ചന്ദനംകുറിശ്ശി ടി.നൗഷാദ്, പാലക്കാട് കല്ലേക്കാട് തൂമ്പിൽ‍ വീട്ടിൽ ടി.ഇ.ബഷീര്‍, പട്ടാമ്പി വിളയൂർ ശാന്തിപുരത്ത് വീട്ടിൽ അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് തള്ളിയത്.

പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് എന്‍ഐഎ ചുമത്തിയിട്ടുള്ളത്. പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടുണ്ടെന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടെന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Supreme Court Questions Bail in RSS Leader Srinivasan Murder Case : In a significant development, the Supreme Court has questioned the High Court's decision to grant bail to all 17 accused in the murder case of RSS leader Srinivasan in Palakkad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com