ഫെയ്ഞ്ചൽ നാളെ കരതൊടും; ചെന്നൈയിൽ സ്കൂളുകൾക്ക് അവധി, രാഷ്ട്രപതിയുടെ നാളത്തെ പരിപാടി റദ്ദാക്കി
Mail This Article
ചെന്നൈ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്കുശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടും. മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുത്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. 2299 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ തമിഴ്നാട്ടിലെ നാളത്തെ പരിപാടി റദ്ദാക്കി.
ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1, 2 തീയതികളിൽ അതിശക്തമായ മഴയ്ക്കും, നവംബർ 30, ഡിസംബർ 3 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.