അടച്ചുപൂട്ടലിന്റെ വക്കിൽ ട്രാക്കോ, സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഉണ്ണിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു
Mail This Article
കൊച്ചി ∙ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിലെ ജീവനക്കാരൻ പി. ഉണ്ണി ജീവനൊടുക്കിയതില്‍ പ്രതിഷേധം വ്യാപിക്കുന്നു. ട്രാക്കോ കേബിള്‍സിന്റെ സംസ്ഥാനത്ത് പലയിടത്തുമുള്ള കേന്ദ്രങ്ങളിൽ ഇടവിട്ട് സമരം നടന്നുവരികയായിരുന്നു. ഉണ്ണിയുടെ മരണത്തോടെ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം. കാക്കനാട് കാളങ്ങാട് റോഡ് കൈരളി നഗർ ഉണ്ണി (54) 11 മാസമായി ശമ്പളം കിട്ടാത്തതിനെ തുടന്നുള്ള മനോവിഷമം താങ്ങാതെ ജീവനൊടുക്കുകയായിരുന്നു എന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ഏറെ നാളായി അടച്ചുപൂട്ടലിന്റെ വക്കിലാണ്. കേബിള്‍ നിര്‍മാണത്തില്‍ സംസ്ഥാനത്തെ സ്വകാര്യ കമ്പനികളേക്കാള്‍ പേര് കേട്ട സ്ഥാപനമാണ് ട്രാക്കോ കേബിള്‍സ്. കൊച്ചി ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളിലായി അഞ്ഞൂറോളം തൊഴിലാളികളാണുള്ളത്. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഈ പൊതുമേഖലാ സ്ഥാപനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ സ്ഥാപനങ്ങളിലെല്ലാം തൊഴിലാളികൾ ഇടവിട്ട് സമരങ്ങളും നടത്തിയിരുന്നു.
ഇതിനിടെ, ഏതാനും മാസം മുമ്പ് കമ്പനിയിലെ തൊഴിലാളികൾക്കുള്ള ശമ്പള വിതരണവും പൂർണമായും നിലച്ചിരുന്നു. പിന്നാലെ വ്യവസായ മന്ത്രി പി.രാജീവ് തൊഴിലാളികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു എങ്കിലും ശമ്പള കുടിശിക തീർക്കുക എന്ന ആവശ്യമാണ് തൊഴിലാളികൾ മുന്നോട്ടു വച്ചത്.
പ്രവർത്തന മൂലധനം കണ്ടെത്തുക എന്നതാണ് കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനിടെ, ട്രാക്കോ കേബിൾ കമ്പനിയുടെ 35.5 ഏക്കർ ഭൂമിയും വസ്തുവകകളും സാമ്പത്തിക പരാധീനകൾ തീർക്കാൻ ഇൻഫോപാർക്കിന് കൈമാറാനുള്ള തീരുമാനമുണ്ടാകുന്നത്. ഇതും ഒരു വിഭാഗം തൊഴിലാളികളുടെ എതിർപ്പിന് ഇടയാക്കി. ട്രാക്കോ കമ്പനി തുടർച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ പ്രവർത്തനം തുടരുക ബുദ്ധിമുട്ടാണെന്നും അതിനാൽ സ്ഥാപനത്തിന്റെ സ്ഥലവും മറ്റും ഇൻഫോപാർക്കിലേക്ക് മാറ്റുകയാണെന്നും വ്യവസായ മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. 1964ൽ സ്ഥാപിതമായ ട്രാക്കോ കേബിളിന്റെ സഞ്ചിത ബാധ്യത ഏകദേശം 245 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. സ്വത്ത് കൈമാറ്റം ചെയ്യുന്നതിലൂടെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സാധിക്കുമെന്നായിരുന്നു മന്ത്രി വിശദീകരിച്ചതും. അതിനിടെയാണ്, ട്രാക്കോയിലെ ജീവനക്കാരന്റെ ജീവനക്കാരന്റെ ആത്മഹത്യ ഉണ്ടായിരിക്കുന്നത്.