ADVERTISEMENT

പൊലീസുകാരൻ പ്രതിയാകുകയും സിഐക്കു സസ്പെൻഷൻ ലഭിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലുമാകാതെ, പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അവസാനിപ്പിക്കുന്നത് പൊലീസിന് നോക്കിനിൽക്കേണ്ടി വന്നു. പക്ഷേ, അതേ കേസിലുണ്ടായ ഒരു വഴിത്തിരിവ് പൊലീസിനു പിടിവള്ളിയായി. പ്രതിയെ പൂട്ടാൻ ഒരു അവസരം കൂടി കിട്ടിയപ്പോൾ കയ്യോടെ പിടികൂടി ജയിലിലുമടച്ചു. ആദ്യത്തെ കേസുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിൽ പെൺകുട്ടിക്കും കുടുംബത്തിനും ഇപ്പോഴും ആശയക്കുഴപ്പമുള്ളതിനാൽ ഇതുവരെ കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. ഇത്തവണ പൊലീസ് കരുതലോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്. പൊലീസുകാർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാനാണിത്.

അറസ്റ്റിൽനിന്നു രക്ഷപ്പെട്ട ഒന്നാം പ്രതി

കഴിഞ്ഞ മേയ് 12 നാണ് പന്തീരാങ്കാവ് സ്വദേശി രാഹുൽ പി.ഗോപാലിനെതിരെ നവവധു ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. എന്നാൽ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ അതു കൈകാര്യം ചെയ്തില്ല എന്നായിരുന്നു ആരോപണം. പറവൂർ സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന്റെ അടുത്ത ദിവസം രാഹുലിന്റെ വീട്ടിൽ എത്തിയപ്പോഴാണ് കുട്ടി ക്രൂരമർദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇരുകുടുംബങ്ങളുമായി ചർച്ച നടത്തി പൊലീസ് രാഹുലിന്റെ പേരിൽ കേസെടുത്ത ശേഷം വിട്ടയച്ചു. പെൺകുട്ടിയെ വീട്ടുകാർ പറവൂരിലേക്കു കൊണ്ടുപോയി. ഇതിനു പിന്നാലെ, പൊലീസിനെതിരെ ആരോപണവുമായി െപൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. തനിക്ക് ക്രൂരമായി മർദനമേറ്റെന്ന് പെൺകുട്ടി മാധ്യമങ്ങളോടു പറഞ്ഞതോടെ വലിയ വാർത്തയായി. 14 ാം തീയതി വരെ വീട്ടിലുണ്ടായിരുന്ന രാഹുൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ വിദേശത്തേക്കു കടന്നു. കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. വിദേശത്തേക്കു കടക്കാൻ സഹായിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ലാല്‍ കേസിൽ പ്രതിയായി. 

രാഹുലിന്റെ അമ്മയും സഹോദരിയുമായിരുന്നു രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായി. രാഹുൽ ഒഴികെ എല്ലാവരും അറസ്റ്റിലായി. വിദേശത്തേക്കു കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കി. താൻ മർദിച്ചില്ലെന്നും ജർമനിയിൽ ജോലിയുള്ള തനിക്ക് സ്ത്രീധനത്തിന്റെ ആവശ്യമില്ലെന്നും രാഹുൽ‌ വിഡിയോ സന്ദേശം പുറത്തുവിട്ടു. ഇതിനിടെ പെൺകുട്ടി സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നാലെ, രാഹുൽ മർദിച്ചില്ലെന്നും ശുചിമുറിയിൽ വീണപ്പോഴാണ് പരുക്കു പറ്റിയതെന്നും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നും പരാതി കള്ളമാണെന്നും പറയുന്ന വിഡിയോയും പുറത്തുവിട്ടു. 

ഒരുമിച്ചു ജീവിക്കാനാണ് താൽപര്യമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുലും പെൺ‌കുട്ടിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. പക്ഷേ രാഹുലിന് എതിരെയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. രാഹുൽ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ ഇരുവർക്കും കൗൺസലിങ് നൽകിയ ശേഷം ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റുണ്ടാവില്ല എന്നുറപ്പായ ശേഷമാണ് രാഹുൽ വിദേശത്തുനിന്നു തിരിച്ചെത്തിയത്. അങ്ങനെ, അഞ്ചു പ്രതികളുള്ള കേസിൽ ഒന്നാം പ്രതി രാഹുൽ മാത്രം അറസ്റ്റിൽനിന്ന് രക്ഷപ്പെടുകയും കേസ് റദ്ദാക്കുകയും ചെയ്തു.

കോടതിയുടെ അനുമതിയോടെ ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് വീണ്ടും പരാതിയുണ്ടായത്. ഇത്തവണയും പെൺകുട്ടി പരാതി നൽകാൻ ആദ്യം തയാറായില്ല. പരുക്കുകളുമായി ആശുപത്രിയിലെത്തിയപ്പോൾ, ഗാർഹിക പീഡനമാണെന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് രാഹുലിനെ പിടികൂടി. മദ്യലഹരിയിലായിരുന്നു ഇയാൾ. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ സ്ഥലത്തെത്തിയ ശേഷമാണു പരാതി നൽകിയത്. സാധ്യമായ എല്ലാ വകുപ്പുകളും രാഹുലിനെതിരെ ചുമത്തുകയും ചെയ്തു. 

ഇത്തവണ പൂട്ടി

പരാതിയില്ലെന്നു പെൺകുട്ടി പറഞ്ഞിട്ടും, കസ്റ്റഡിയിലെടുത്ത രാഹുലിനെ വിടാൻ പൊലീസ് തയാറായില്ല. മദ്യലഹരിയിലായതുകൊണ്ട് കരുതൽ തടങ്കലിൽ വയ്ക്കുകയായിരുന്നു. തുടർന്ന് പരാതി ലഭിച്ചപ്പോൾ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി. പ്രതി റിമാൻഡിലായി. ഹൈക്കോടതി റദ്ദാക്കിയ മുൻ കേസ് കൂടി വീണ്ടും ചുമത്താൻ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പെൺകുട്ടി പഴയ പരാതി വീണ്ടും ഉന്നയിക്കാൻ തയാറായാലേ പൊലീസിന് ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ സാധിക്കൂ. അതിനാൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചിട്ടില്ല. അതേസമയം, രാഹുലിന്റെ കേസ് ഏറ്റെടുക്കാൻ ആദ്യത്തെ അഭിഭാഷകൻ തയാറായിയില്ല. മറ്റൊരു അഭിഭാഷകനാണ് കേസ് എടുത്തത്. ശനിയാഴ്ച വൈകുന്നേരം ജാമ്യഹർജി നൽകിയെങ്കിലും തള്ളി. 

സൈക്കോയെന്ന് പെൺകുട്ടിയുടെ പിതാവ്

രാഹുൽ ‘സൈക്കോ ടൈപ്’ ആണെന്നാണ് പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചത്. രാഹുൽ വഞ്ചകനാണ്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ മകൾക്ക് മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി കേസിൽനിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തീർത്തു പറഞ്ഞു. അതിനാൽ ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ലെന്നും അച്ഛൻ പറഞ്ഞു.

English Summary:

Pantheerankavu Domestic Violence: The Pantheerankavu Domestic Violence case takes a turn as police apprehend the prime accused after initial controversy involving police misconduct.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com