‘യാത്രാരേഖ ഉണ്ടായിട്ടും അതിർത്തി കടക്കാനായില്ല’: 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്
Mail This Article
ധാക്ക∙ ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്. യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലദേശ് അനുവദിച്ചില്ലെന്നാണ് വിവരം. അതിർത്തിയിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം യാത്രയ്ക്ക് അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇസ്കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സംഭവം. സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഇമിഗ്രേഷൻ പൊലീസ് ഉദ്യോഗസ്ഥർ ബംഗ്ലദേശ് പത്രമായ ദ് ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.
‘‘ഞങ്ങൾ പൊലീസിന്റെ സ്‌പെഷൽ ബ്രാഞ്ചുമായി കൂടിയാലോചിച്ചു. അവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽനിന്ന് നിർദേശം കിട്ടി. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്ന ഇസ്‌കോൺ അംഗങ്ങൾക്ക് പാസ്‌പോർട്ടുകളും വീസകളും ഉണ്ടായിരുന്നു. എന്നാൽ അവരുടെ യാത്രയ്ക്ക് ആവശ്യമായ പ്രത്യേക സർക്കാർ അനുമതി ഇല്ലായിരുന്നു’’ – അതിർത്തിയിലെ ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്ന് ഇസ്‌കോൺ അംഗങ്ങളിൽ ഒരാളായ സൗരഭ് തപന്ദർ ചെലി പറഞ്ഞു.