ADVERTISEMENT

തിരുവനന്തപുരം∙ വഞ്ചിയൂരില്‍ സിപിഎമ്മിന്റെ പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനു റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി വേദി നിര്‍മിച്ചത് അധികൃതരില്‍നിന്ന് യാതൊരു അനുമതിയും വാങ്ങാതെയെന്ന വാർത്ത പുറത്തുവന്നിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്.

റോഡിന്റെ ഒരു വശം കെട്ടിയടച്ച് വേദി തീര്‍ത്തതോടെ വൻ ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞിരുന്നു. ആംബുലന്‍സുകള്‍ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനു സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് മുടക്കി വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും സ്‌കൂളും ഇതിനു സമീപത്തായുണ്ട്. 

വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ റോഡ് തടസപ്പെടുത്തി പന്തല്‍ നിര്‍മാണത്തിന് ആരാണ് അനുമതി നല്‍കിയതെന്നാണ് ഗതാഗതക്കുരുക്കില്‍ വലഞ്ഞ നാട്ടുകാര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. റോഡിലേക്ക് ഇറക്കി കെട്ടിയ പന്തലില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസ് പുറത്തെത്തിച്ചത്.

English Summary:

CPM Area Committee Meeting: Vanchiyoor Police Registered case against CPM for Blocking the road for Palayam Area Committee meeting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com