ADVERTISEMENT

ന്യൂഡ‍ൽഹി∙ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് തയാറായി. 410 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്കാണ് ഇന്ത്യൻ റെയിൽവേയുടെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെ തയാറാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് ഭാവി തലമുറയെ യാത്രാ വിപ്ലവത്തിലേക്ക് നയിക്കുന്ന ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് നിർമിച്ചിരിക്കുന്നത്. ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്കിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിലൂടെ പുറത്തുവിട്ടു. ഐഐടി മദ്രാസിലെ ആവിഷ്‌കർ ഹൈപ്പർലൂപ്പ് ടീമിന്റെയും സ്ഥാപനത്തിലെ സ്റ്റാർട്ടപ്പായ TuTr ന്റെയും സംയുക്ത സംരംഭമാണ് ഹൈപ്പർ ലൂപ്പ് ട്രാക്ക്.

2012ൽ ഇലോൺ മസ്‌കാണ് ഹൈപ്പർലൂപ്പ് ആശയം ജനകീയമാക്കിയത്. വൈകാതെ മസ്കിന്റെ ആശയം ലോകമാകെ ഏറ്റെടുക്കുകയായിരുന്നു. ഐഐടി മദ്രാസിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ 76 പേരാണ് ആവിഷ്‌കർ ഹൈപ്പർലൂപ്പ് ടീമിലുള്ളത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. ഹൈപ്പർലൂപ്പിലൂടെ സഞ്ചരിക്കുന്ന പോഡുകളുടെ പരീക്ഷണ ഓട്ടമാണ് ഇതിൽ പ്രധാനം. 

താഴ്ന്ന മർദാവസ്ഥയിലുള്ള ഹൈപ്പൽലൂപ്പിലുടെ അസാധാരണമായ വേഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഓരോ പോഡിലും 24-28 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേഗത്തിലാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ യാത്രാമേഖലയിൽ വലിയ വിപ്ലവമായിരിക്കും സംഭവിക്കാൻ പോകുന്നതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com