സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെഎസ്ഇബിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.
വേനല്‍കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല. 2025-26 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ നിരക്കുവര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും ശരാശരി 12 പൈസയുടെ നിരക്കു വര്‍ധന മാത്രമേ കമ്മിഷന്‍ അംഗീകരിച്ചുള്ളു. 2026-27 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 9 പൈസയുടെ വര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും കമ്മിഷന്‍ പരിഗണിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിത ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബി നിര്‍ദേശവും കമ്മിഷന്‍ തള്ളി. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവരുടെ താരിഫ് വര്‍ധിപ്പിച്ചിട്ടില്ല.
യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ നല്‍കിയിരുന്നത്. വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. കീഴ്വഴക്കമനുസരിച്ച് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച ശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്.
അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണം. വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുത് ജലവൈദ്യുതോല്‍പ്പാദനം കുറച്ചു. അതേസമയം സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തന്നെ തകരാറിലാക്കുന്നവിധത്തില്‍ തരത്തില്‍ വൈദ്യുതി ഉപഭോഗം കൂടിയതിനെത്തുടര്‍ന്ന് വ്യവസായ-വാണിജ്യ ഉപയോക്താക്കാള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നിരുന്നു. ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികളില്‍ നിന്ന് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത് റദ്ദാക്കിയതാണ് മറ്റൊരു കാരണം. ഈ മേയില്‍ കരാര്‍ റദ്ദാക്കിയതോടെ ബോര്‍ഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടിരൂപയായി. കരാര്‍ റദ്ദാക്കിയത് കാരണം ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കി കെഎസ്ഇബി വൈദ്യുതി വാങ്ങി.
വൈദ്യുതി ഉപയോഗത്തില്‍ നിലവിലെ റെക്കോര്‍ഡ് ഈ വര്‍ഷം മേയ് മൂന്നിനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 115.94 ദശലക്ഷം യൂണിറ്റ് അന്ന് കേരളം ഉപയോഗിച്ചപ്പോള്‍ അതില്‍ 93.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. മേയില്‍ ആദ്യദിനങ്ങളില്‍ 90 ദശലക്ഷം യൂണിറ്റിന് മേല്‍ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെയെല്ലാം ഭാരമാണ് വൈദ്യുതി നിരക്ക് വര്‍ധനയായി ജനങ്ങള്‍ വഹിക്കേണ്ടിവരുന്നത്.
റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ
∙ വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനവില്ല
∙ മീറ്റര്‍ വാടക വര്‍ധനവില്ല
∙ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം സ്റ്റേകളില്‍ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളില്‍) ഹോം സ്റ്റേ രീതിയില്‍ ഗാര്‍ഹിക നിരക്ക് ബാധകമാക്കി.
∙ പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫില്‍ ശരാശരി 30% വരെ ഇളവ്.
∙ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ, ഭിന്നശേഷിക്കാരോ വീട്ടിലുള്ളവര്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വര്‍ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടില്‍ നിന്ന് 2000 കിലോവാട്ടായി ഉയര്‍ത്തി.
∙ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തി.
∙ കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കില്‍ യൂണിറ്റിന് 5 പൈസയുടെ വർധന.
∙ വ്യാവസായ മേഖലയുടെ താൽപര്യം കണക്കിലെടുത്ത് ശരാശരി 1 മുതല്‍ 2 ശതമാനം നിരക്ക് വര്‍ധന മാത്രമേ അംഗീകരിച്ചുള്ളൂ.
∙ 10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ വര്‍ധനവില്ല. എനര്‍ജി ചാര്‍ജില്‍ യൂണിറ്റിന് 5 പൈസയുടെ വര്‍ധനവ് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം വ്യവസായങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പകല്‍ സമയത്ത് 10 ശതമാനം ഇളവ് പരിഗണിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് ബില്ലില്‍ കുറവ് ലഭിക്കും.
∙ സോളര്‍ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവു വരുത്തി. ഏകദേശം അഞ്ച് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
∙ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.