ഭാര്യയുടെ 1.86 ലക്ഷത്തിന്റെ ബാഗ് മുതൽ പട്ടാളനിയമം വരെ; ദക്ഷിണകൊറിയൻ പ്രസിഡന്റ് തെറിക്കുമോ?
Mail This Article
സോൾ∙ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാളനിയമം പ്രഖ്യാപിക്കുകയും ജനകീയ പ്രതിരോധത്തെത്തുടർന്ന് വെറും ആറു മണിക്കൂറിനുള്ളിൽ തീരുമാനം പിൻവലിക്കുകയും ചെയ്യേണ്ടി വന്ന ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൽ പുറത്താകലിന്റെ വക്കിലാണ്. യോലിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിൽ പാസായാൽ യോലിന് പുറത്തേക്കുള്ള വഴിയൊരുങ്ങും.
ബദ്ധശത്രുക്കളായ ഉത്തരകൊറിയയോട് പ്രതിപക്ഷം അനുഭാവം പുലർത്തുന്നുവെന്ന് ആരോപിച്ചാണ് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാൽ ഉത്തര കൊറിയയെ യോൽ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കും മുൻപുതന്നെ രാജ്യത്ത് യോലിന്റെ ഭരണത്തിനെതിരായ ജനവികാരം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. യോലിന്റെ ഭാര്യയ്ക്ക് ലഭിച്ച ആഡംബര ബാഗാണ് ഈ വിവാദങ്ങൾക്കെല്ലാം തുടക്കമിട്ടത്. അതേക്കുറിച്ചറിയാം.
∙ ലേഡി ഡിയോർ പൗച്ച് വിവാദം
യോലിന്റെ ഭാര്യയും സാംസ്കാരിക പ്രവർത്തകയുമായ കിം ക്യോൻ ഹീ ആഡംബര ജീവിതശൈലിയുടെ പേരിലും പ്രശസ്തയാണ്. കൊറിയൻ–അമേരിക്കൻ വംശജനായ ചോയി ജെ യങ്ങിൽനിന്ന് 2,200 ഡോളർ (ഏകദേശം 1.86 ലക്ഷം രൂപ) വിലമതിക്കുന്ന ബാഗ് സമ്മാനമായി ഹീ സ്വീകരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. 2022ലായിരുന്നു ഈ സംഭവം. ആഡംബര ബ്രാൻഡായ ഡിയോറിന്റെ ലേഡി ഡിയോർ പൗച്ച് ബാഗാണ് ഹീയ്ക്ക് സമ്മാനമായി ലഭിച്ചത്. ബാഗ് ഹീയ്ക്ക് കൈമാറുന്നത് ചോയി തന്നെ വാച്ചിൽ ഘടിപ്പിച്ച ഒളിക്യാമറയിൽ പകർത്തി പുറത്തുവിടുകയായിരുന്നു.
ഉത്തരകൊറിയയ്ക്കെതിരെ കടുത്ത നിലപാടെടുക്കുന്ന യോലിന്റെ നയങ്ങളുടെ രൂക്ഷവിമര്‍ശകനാണ് ചോയി. 30 ലക്ഷം കൊറിയൻ വോൻ വിലവരുന്ന ബാഗ് ചോയ് കടയിൽനിന്ന് വാങ്ങുന്നതും പിന്നീട് ഹീയുടെ ഉടമസ്ഥയിലുള്ള കൊവാന കണ്ടന്റ്സ് എന്ന കമ്പനിയിലെത്തി ഹീയെ കാണുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ ബാഗ് ഹീയ്ക്ക് കൈമാറുന്നതോ അവർ വാങ്ങുന്നതോ ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. പക്ഷേ മേശപ്പുറത്തുവച്ച ഡിമോർ ബാഗ് തന്നെ വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടു.
ഒരുവർഷത്തിനുശേഷം 2023ൽ ഇത് ഇടത് അനുകൂല യൂട്യൂബ് ചാനലായ വോയ്സ് ഓഫ് സോളിൽ പ്രത്യക്ഷപ്പെട്ടു. ഇതേത്തുടർന്ന് പ്രഥമ വനിതയുടെ പെരുമാറ്റം അനൗചിത്യമായിരുന്നുവെന്ന് വിമർശനങ്ങളുയർന്നു. പ്രസിഡന്റ് ഇതിന് വിശദീകരണം നൽകണമെന്നും സർവേകളിൽ ജനങ്ങൾ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജൂലൈയിൽ 12 മണിക്കൂറോളം ഹീയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ കൈക്കൂലിയായാണോ ഹീ ബാഗ് കൈപ്പറ്റിയത് എന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. എന്തായാലും പ്രസിഡന്റ് പട്ടാള നിയമം പ്രഖ്യാപിച്ച് ജനങ്ങളെയാകെ തനിക്ക് എതിരാക്കിയതിനു പിന്നാലെ പഴയ ബാഗ് വിവാദവും ശക്തി പ്രാപിച്ചിരിക്കുകയാണ്.
∙ തെറിക്കുമോ പ്രസിഡന്റ്?
പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള ദക്ഷിണ കൊറിയൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഇംപീച്ച്മെന്റ് ബിൽ പാസാകും. 300 അംഗ സഭയിൽ പ്രതിപക്ഷത്തിന് 192 സീറ്റാണുള്ളത്. ബിൽ പാസാകാൻ ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടിയുടെ 8 പേർ കൂടി വോട്ടു ചെയ്യണം.
ബില്ലിനെ എതിർക്കുമെന്നാണ് പീപ്പിൾസ് പവർ പാർട്ടിയുടെ നിലപാട്. അഥവാ ബിൽ പാസായാൽ അതിനെ ഭരണഘടനാ കോടതി അംഗീകരിക്കുക കൂടി വേണം. ഇതിന് കോടതിയുടെ 9 ജഡ്ജിമാരിൽ 6 പേരുടെ പിന്തുണ വേണം. പ്രമേയം പരാജയപ്പെട്ടാൽ ഒന്നിലധികം തവണ വീണ്ടും ബിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തിനാകും. ഇംപീച്ച്മെന്റ് പാസായാൽ പ്രധാനമന്ത്രി ഹാൻ ഡക് സൂവിനാകും ചുമതല.