‘ശിവസേനയ്ക്ക് ഹിന്ദുത്വ അജണ്ട’: മഹാ വികാസ് അഘാടി സംഖ്യത്തിൽനിന്ന് പിന്മാറി എസ്പി എംഎൽഎ അബു അസ്മി
Mail This Article
മുംബൈ∙ മഹാ വികാസ് അഘാടി സംഖ്യത്തിൽ നിന്നു പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം എംവിഎയുടെ സഖ്യകക്ഷിയായ ശിവസേന ഹിന്ദുത്വ അജണ്ട സ്വീകരിച്ചെന്ന് ആരോപിച്ചാണ് സമാജ്‌വാദി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു എംഎൽഎമാരാണ് സമാജ്‌വാദി പാർട്ടിക്കുള്ളത്.
ബാബറി മസ്ജിദ് തകർത്തതിനെ അനുകൂലിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നർവേക്കർ എക്സിൽ പോസ്റ്റു പങ്കുവച്ചിരുന്നു. ഇതാണ് സമാജ്‌വാദി പാർട്ടിയെ പ്രകോപിപ്പിച്ചത്. ‘‘തോൽവിക്ക് ശേഷം ഉൾപാർട്ടി മീറ്റിങ്ങിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും ഹിന്ദുത്വ അജണ്ട പിന്തുടരാൻ ഉദ്ധവ് താക്കറെ നിർദേശിച്ചിരുന്നു. ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പാർട്ടി ഒരു പോസ്റ്റും പങ്കുവച്ചു. ഇത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. അതിനാൽ സഖ്യത്തിൽ നിന്ന് ഞങ്ങൾ പിന്മാറുന്നു’’– അബു അസ്മി പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ കൂടിയാണ് അബു അസ്മി. ഇക്കാര്യം സമാദ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവുമായി സംസാരിക്കുമെന്നും അബു അസ്മി അറിയിച്ചു.