ഷാൻ വധം: 5 ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി
Mail This Article
കൊച്ചി ∙ ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളായ 5 ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. 5 പേര്‍ക്ക് ജാമ്യം അനുവദിച്ച സെഷൻസ് കോടതി വിധി ശരിവച്ചു. ജാമ്യം റദ്ദാക്കിയ പ്രതികൾക്ക് ബന്ധപ്പെട്ട കോടതികളെ വീണ്ടും ജാമ്യത്തിനായി സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിന്യായത്തിൽ വ്യക്തമാക്കി. ഷാൻ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18 വൈകിട്ടാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഷാൻ വധക്കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 11–ാം പ്രതി കാട്ടൂർ സ്വദേശി രതീഷിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ള പ്രതികൾക്ക് സെഷൻസ് കോടതിയും വിവിധ സമയങ്ങളിലായി ജാമ്യം അനുവദിച്ചു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ 2 മുതൽ 6 വരെ പ്രതികളായ അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, ആറാം പ്രതി ധനീഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഇവർ എന്നാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം, ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുള്ള ഒന്നാം പ്രതി മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, 7 മുതൽ 10 വരെ പ്രതികളായ മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്‍ എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി ശരിവച്ചത്. കസ്റ്റഡി കാലാവധി കഴിഞ്ഞു എന്നതു കൊണ്ടു മാത്രം ഇത്തരമൊരു കൊലപാതകത്തിലെ പ്രതികൾക്ക് ജാമ്യം നൽകിയത് ശരിയല്ല എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ജാമ്യം അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഇത് റദ്ദാക്കാനായി കോടതിയെ സമീപിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്.