തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ്– 17, എൽഡിഎഫ്–11, ബിജെപി– 3; മൂന്നു പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചു. തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളാണ് എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തത്. 31 സീറ്റുകളിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 11 സീറ്റുകളിലും ബിജെപി മൂന്നുസീറ്റുകളിലും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുൻപുള്ള സ്ഥിതി.
ഉപതിരഞ്ഞെടുപ്പിൽ 61.87 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടി.